മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ്: ബംഗാള്‍ തൂത്തുവാരി മമത, ബിജെപിയെ പിന്നിലാക്കി സിപിഎം രണ്ടാമത്
കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് വൻ വിജയത്തിലേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുകയാണെങ്കിലും 108 മുനിസിപ്പാലിറ്റികളിലും 103 ഇടത്തും വ്യക്തമായ മേല്‍ക്കൈ മമത മാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ച് കഴിഞ്ഞു. ഇത് വരെ ഫലം പുറത്ത് വന്ന 93 എണ്ണത്തില്‍ 70 ശതമാനം വോട്ടും ടിഎംസിയാണ് നേടിയത്.
അതേസമയം സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ ബി ജെ പിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. നാദിയ ജില്ലയിലെ താഹെർപൂർ മുനിസിപ്പാലിറ്റി സ്വന്തമാക്കാന്‍ കഴിഞ്ഞത് സി പി എം നയിക്കുന്ന ഇടതുമുന്നണിയെ സംബന്ധിച്ച ശ്രദ്ധേയ നേട്ടമായി. കോണ്‍ഗ്രസിനും ഇതുവരെ ഒരിടത്തും വിജയിക്കാന്‍ സാധിച്ചിട്ടില്ല.

പുതുതായി രൂപീകരിച്ച ഹംറോ പാർട്ടി ഡാർജിലിംഗ് മുനിസിപ്പാലിറ്റിയിൽ അട്ടിമറി വിജയം സ്വന്തമാക്കിയിട്ടുണ്ട്. ടി എം സി അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പാർട്ടിയുടെ വിജയിച്ച എല്ലാ സ്ഥാനാർത്ഥികളെയും അഭിനന്ദിക്കുകയും പാർട്ടി വന്‍ വിജയം നല്‍കിയ വോട്ടർമാർക്ക് നന്ദി അർപ്പിക്കുകയും ചെയ്തു.
തകർപ്പന്‍ ഡാന്‍സ് ചുവടുകളുമായി ആര്യ: ഒപ്പം കിടിലന്‍ വൈറല്‍ ചിത്രങ്ങളും

കഴിഞ്ഞ നാല് പതിറ്റാണ്ടായി അധികാരി കുടുംബത്തിന്റെ കോട്ടയായി കണക്കാക്കിയിരുന്ന കാന്തി മുനിസിപ്പാലിറ്റി ടി എം സി പിടിച്ചെടുത്ത് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കും കുടുംബത്തിനും വൻ തിരിച്ചടിയായി. പ്രതിപക്ഷ നേതാവിന്റെ പിതാവ് സിസിർ അധികാരി 1981-86 വരെയുള്ള അഞ്ച് വർഷമൊഴികെ 1971- 2009 വരെ 25 വർഷം മുനിസിപ്പാലിറ്റിയുടെ ചെയർമാനായിരുന്നു. എംപിയായ ശേഷം അദ്ദേഹം തന്റെ ഇളയ മകൻ ദിബ്യേന്ദു അധികാരിക്ക് ചെയർമാന്‍ പദവി കൈമാറി. 2016-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ദിബ്യേന്ദു അധികാരി എംപിയായതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഇളയ സഹോദരൻ പദവി ഏറ്റെടുക്കുകയായിരുന്നു.

27 മുനിസിപ്പാലിറ്റികളില്‍ ഏകപക്ഷീയ വിജയമാണ് ടി എം സി സ്വന്തമാക്കിയത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ ടിഎംസിക്ക് 70 ശതമാനം വോട്ടും ലഭിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബി ജെ പിക്ക് 9 ശതമാനം വോട്ട് ലഭിച്ചപ്പോൾ 12 ശതമാനം വോട്ട് നേടി ഇടതുമുന്നണി രണ്ടാമതെത്തി എന്നതിന് ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ പലിയ തിരിച്ചടിയാണ് ബംഗാളില്‍ ബി ജെ പി നേരിട്ടുകൊണ്ടിരിക്കുന്നത്.

കിഴക്കൻ മിഡ്‌നാപൂർ ജില്ലയിലെ കോണ്ടായി മുനിസിപ്പാലിറ്റിയിൽ ടി എം സി അധികാരം നിലനിർത്തി. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹബ്ര, ഹലിസഹാർ, കാഞ്ചരപാറ, നൈഹാത്തി മുനിസിപ്പാലിറ്റികൾ ഈ പ്രദേശങ്ങളിലെ മുഴുവൻ സീറ്റുകളും ടിഎംസി നേടിയതിനാൽ പ്രതിപക്ഷ നിര സംപൂജ്യരായി. മൂന്ന് മുന്‍സിപ്പാലിറ്റികളിലാണ് ആർക്കും കൃത്യമായ ഭൂരിപക്ഷം ഇല്ലാത്തത്.

108 നഗരസഭകളിലേക്കുള്ള വോട്ടെടുപ്പില്‍ 77 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നായിരുന്നു ബംഗാള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണർ അറിയിച്ചത്. ടിഎംസി പ്രവർത്തകരുടെ ഭീഷണിപ്പെടുത്തൽ, തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ, മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം എന്നിവ സംബന്ധിച്ച റിപ്പോർട്ടുകൾ പോളിംഗ് ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്ന് വന്നിരുന്നു. ഇതേ തുടർന്ന് റീപോൾ ആവശ്യപ്പെട്ട് ബി ജെ പി രംഗത്തെത്തി. തെരഞ്ഞെടുപ്പിലെ അക്രമങ്ങൾക്കും തിരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കുമെതിരെ ബി ജെ പി സംസ്ഥാനത്ത് 12 മണിക്കൂർ ഹർത്താല്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ബി ജെ പി ഉയർത്തിയ ആരോപണങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പൂർണ്ണമായും നിഷേദിക്കുകയാണ് ഉണ്ടായത്.












Click it and Unblock the Notifications