'പെറ്റിയടിക്കാനും കുറ്റിയടിക്കാനും മാത്രമായി പൊലീസ്, പിണറായി വിജയന്‍ രാജിവയ്ക്കണം'; - കെ. സുധാകരന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. പിണറായി വിജയൻ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.
പാലക്കാട് സംഭവിച്ച കൊലപാതകങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ വിമർശനമുന്നയിച്ച് കെ സുധാകരൻ എത്തിയത്. സ്ഥാനം രാജി വെക്കാൻ മടി കാണിച്ചാൽ ആഭ്യന്തര മന്ത്രിയെ മാറ്റാനുള്ള ധൈര്യം സി പി എം സംസ്ഥാന കമ്മിറ്റി കാണിക്കണം.
എസ് ഡി പി ഐ, ആർ എസ് എസ് എന്നിവരെ നിയന്ത്രിക്കാൻ പിണറായി വിജയന് സാധിച്ചിട്ടില്ല എന്ന് കൊടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞു. മൂന്ന് വർഷത്തിനിടെ മാത്രം 1065 കൊലപാതകങ്ങൾ നടന്നതായാണ് മാധ്യമ റിപ്പോർട്ടുകൾ.

കേരളത്തിലെ മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമങ്ങൾ ഇപ്പോഴും തയ്യാറാകാത്ത സാഹചര്യം ആണെന്നും സുധാകരൻ പറഞ്ഞു. പൊലീസിന് എതിരെയും രൂക്ഷ വിമർശനമാണ് സുധാകരൻ ഉന്നയിച്ചത്. തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു സുധാകരനെ പ്രതികരണം.
കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ; -

'എസ്ഡിപിഐ-യെയും ആർഎസ്എസ്-നെയും നിയന്ത്രിക്കാൻ പിണറായി വിജയന് കഴിവില്ല എന്ന് കോടിയേരി ബാലകൃഷ്ണൻ പരോക്ഷമായി വ്യക്തമാക്കിയിരിക്കുന്നു. മൂന്ന് വർഷത്തിനിടെ 1065 കൊലപാതകങ്ങൾ നടന്നുവെന്ന് മാധ്യമങ്ങൾ പറയുന്നു. പെറ്റിയടിക്കാനും കുറ്റിയടിക്കാനും മാത്രമായി കേരള പോലീസിനെ ഭരണകൂടം അധ:പതിപ്പിച്ചിരിക്കുന്നു.

ഒരു വകുപ്പ് പോലും നേരേ ചൊവ്വേ ഭരിക്കാനറിയാത്ത മനുഷ്യനെയാണ് കോടികൾ മുടക്കി പരസ്യം ചെയ്ത് കഴിവുള്ളവനാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. എഴുതിക്കൊടുക്കുന്ന ചോദ്യങ്ങളുമായി ചെന്ന് പഞ്ചപുച്ഛമടക്കി പിണറായി വിജയൻ്റെ നാടകത്തിന് കൂട്ടുനിന്ന മാധ്യമങ്ങൾക്കും കേരളത്തിൻ്റെ ദുരവസ്ഥയിൽ പ്രധാന പങ്ക് ഉണ്ട്.

ഇപ്പോൾ പോലും മുഖ്യമന്ത്രിയോട് ശക്തമായ ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. ശരിയായ പത്ര സമ്മേളനങ്ങളെ അഭിമുഖീകരിക്കാൻ കഴിവില്ലാത്ത ആളാണ് പിണറായി വിജയൻ എന്ന സത്യം ജനം തിരിച്ചറിയരുതെന്ന് മാധ്യമങ്ങളിലെ സിപിഎം താരാട്ടുപാട്ടുകാർക്ക് നിർബന്ധമുണ്ട്.
ആ കണ്ണുകൾ സംസാരിക്കുന്നുണ്ട്; ചിരി സൈലന്റ് ആണേ; നമിത പ്രമോദ് ഫോട്ടോസ് വൈറൽ

ഒന്നോർക്കുക, ജാതി-മത- വർഗീയ ശക്തികളെ തരാതരം പോലെ പ്രീണിപ്പിച്ച് അധികാരം നിലനിർത്താൻ പിണറായി വിജയന് കഴിഞ്ഞിട്ടുണ്ടാകാം.പക്ഷേ ജനങ്ങളെ വർഗ്ഗീയമായി തമ്മിലടിപ്പിച്ച് ഭരണകൂടത്തിൻ്റെ കഴിവുകേടുകളിൽ നിന്ന് ശ്രദ്ധ തിരിക്കാമെന്ന് പിണറായി വ്യാമോഹിക്കേണ്ട.

നാണവും മാനവും രാഷ്ട്രീയ ധാർമികതയും ഉണ്ടെങ്കിൽ ഇനിയും കടിച്ചു തൂങ്ങിക്കിടക്കാതെ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കാൻ പിണറായി വിജയൻ തയ്യാറാകണം. അതിന് മടി കാണിച്ചാൽ ആഭ്യന്തര മന്ത്രിയെ മാറ്റാൻ ഉള്ള ധൈര്യം സിപിഎം സംസ്ഥാന കമ്മിറ്റി കാണിക്കണം.കാരണം പിണറായി വിജയൻ്റെ അധികാര മോഹത്തേക്കാൾ വലുതാണ് കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും സമാധാനവും'

അതേസമയം, പാലക്കാട് ആദ്യം കൊല്ലപ്പെട്ടത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ ആയിരുന്നു. പാലക്കാട് എലപ്പുള്ളിയിലാണ് സംഭവം നടന്നത്. 47 - കാരനായ സുബൈറാണ് കൊല്ലപ്പെട്ടത്. സുബൈറും പിതാവും പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെ ആണ് ഇരുവർക്കും നേരെ അക്രമം ഉണ്ടായത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു സുബൈർ. കാറിൽ വന്ന ഒരു സംഘം ആണ് ഇരുവരെയും അക്രമിച്ചത്. ഇവരെ അക്രമി സംഘം ഇടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് നടന്ന സംഘർഷങ്ങൾക്കൊടുവിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തി.

രണ്ട് കാറിൽ ആയിരുന്നു അക്രമി സംഘം എത്തിയത്. അക്രമത്തിൽ സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരുക്ക് പറ്റി. അക്രമത്തിൽ സുബൈറിന് സാരമായ പരിക്കുകൾ പറ്റി. നിരവധി തവണ സുബൈറിനെ അക്രമികൾ വെട്ടിയതായാണ് റിപ്പോർട്ട്. ശരീരത്തിൽ വെട്ടേറ്റ പാടുകൾ ഉണ്ട്. സംഭവത്തിന് പിന്നാലെ ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.

അതേസമയം, സുബൈറിന്റെ കൊലപാതകം നടന്നത് 24 മണിക്കൂർ തികയുന്നതിന് മുൻപ് ജില്ലയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം നടക്കുകയായിരുന്നു. ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസൻ ആണ് പാലക്കാട് കൊല്ലപ്പെട്ടത്. 45 വയസ്സുണ്ട് ഇദ്ദേഹത്തിന്. ഇന്നലെ ഉച്ചയോടെ ആണ് ശ്രീനിവാസന് വെട്ടേറ്റത്. പാലക്കാട് മേലാമുറിൽ ആയിരുന്നു സംഭവം. ഇദ്ദേഹത്തിന് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. വെട്ടേറ്റതിന് പിന്നാലെ ഉടൻ തന്നെ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications