ആരാ കെടി ജലീല്‍; ഏത് പാര്‍ട്ടിയിലാണ് അദ്ദേഹം... രൂക്ഷ പ്രതികരണവുമായി മുസ്ലിം ലീഗ്, സതീശന്‍ പറഞ്ഞത്...
മലപ്പുറം: ഇന്ന് വൈകീട്ടോടെ എല്ലാ വിഷയങ്ങളിലും പരിഹാരമുണ്ടാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കെടി ജലീല്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സലാം. ഇപ്പോഴുള്ളത് ചായക്കോപ്പയിലെ കൊടുങ്കാറ്റാണ്. എല്ലാം അവസാനിക്കും. കലങ്ങിത്തെളിയുമെന്ന് പറഞ്ഞ പിഎംഎ സലാം മുന്‍ മന്ത്രി കെടി ജലീലിനെതിരെ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്.
പാണക്കാട് മുഈനലി തങ്ങളും കെടി ജലീലും തമ്മിലുള്ള ബന്ധമെന്താണ്. തങ്ങളുടെ വക്കാലത്തുമായി വരാന്‍ മുസ്ലിം ലീഗ് നേതാക്കളോ പ്രവര്‍ത്തകരോ അല്ലേ വേണ്ടത്. കെടി ജലീല്‍ എന്തിനാണ് വരുന്നത്. ആരാണ് അദ്ദേഹത്തെ അധികാരപ്പെടുത്തിയത്. കെടി ജലീല്‍ അദ്ദേഹം ഏത് പാര്‍ട്ടിയിലാണ് എന്ന് ആദ്യം പറയട്ടെ. വര്‍ഷങ്ങളായി ഒരു പാര്‍ട്ടിയുടെ വാലായി നടക്കുകയല്ലാതെ, ഇതുവരെ അകത്ത് കയറാന്‍ സാധിക്കാത്ത വ്യക്തിയാണ് കെടി ജലീല്‍. എന്നിട്ടാണ് അദ്ദേഹം മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതെന്നും സലാം പറഞ്ഞു.

ജലീല്‍ കുറച്ചുകാലം മുസ്ലിം ലീഗിലുണ്ടായിരുന്നു എന്നത് ശരിയാണ്. മുസ്ലിം ലീഗിന്റെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ നേതാക്കളുണ്ട്. ഇന്ന് വൈകീട്ടോടെ നല്ല തീരുമാനങ്ങളുണ്ടാകും. ഉന്നതാധികാര സമിതി ഇന്ന് മൂന്ന് മണിക്ക് ചേരുന്നുണ്ട്. ജനാധിപത്യ വ്യവസ്ഥ പാര്‍ട്ടിയിലുണ്ട്. അത് ഉപയോഗപ്പെടുത്തി ഇന്ന് സുതാര്യമായ തീരുമാനങ്ങളുണ്ടാകുമെന്നും പിഎംഎ സലാം പറഞ്ഞു.
എല്ലാവരുടെയും അഭിപ്രായം കേള്‍ക്കും. ഉചിതമായ തീരുമാനം എടുക്കും. മുസ്ലിം ലീഗില്‍ പ്രതിസന്ധിയില്ല. പാണക്കാട് നിന്ന് റസീപ്റ്റ് മുറിച്ചിട്ടല്ല എന്നെ മന്ത്രിയാക്കിയതെന്നും എകെജി സെന്ററില്‍ നിന്നുള്ള തീരുമാനമാണെന്നും നേരത്തെ പറഞ്ഞ വ്യക്തിയാണ് കെടി ജലീല്‍. ഇപ്പോള്‍ അദ്ദേഹം പാണക്കാട് തങ്ങളെ അനുകൂലിച്ച് പ്രസ്താവന ഇറക്കുകയാണ്. മുസ്ലിം ലീഗിനെതിരെ നിരന്തരം പ്രസ്താവനകള്‍ നടത്തിയാലെങ്കിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അംഗത്വം നല്‍കുമോ എന്നാണ് അദ്ദേഹം നോക്കുന്നതെന്നും പിഎംഎ സലാം പരിഹസിച്ചു.
നടി മിയയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍; അമ്മയായ ശേഷം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍
ഇഡിയുമായി കുഞ്ഞാലിക്കുട്ടി സംസാരിച്ച ശബ്ദ രേഖ കൈവശമുണ്ട് എന്നാണ് ജലീല്‍ പറയുന്നത്. അതെങ്ങനെ അദ്ദേഹത്തിന് കിട്ടി. കുഞ്ഞാലിക്കുട്ടിയോ ഇഡിയോ കൊടുക്കണം. കുഞ്ഞാലിക്കുട്ടി നല്‍കുമോ. അപ്പോള്‍ ഇഡിയുമായി അടുത്ത ബന്ധമാണ് കെടി ജലീലിന്. അര്‍ധരാത്രി തലയില്‍ മുണ്ടിട്ടാണ് ഇഡിയെ കാണാന്‍ ജലീല്‍ പോയിട്ടുള്ളത്. ആ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഇഡി കൊടുത്തോ എന്ന് അറിയില്ലെന്നും പിഎംഎ സലാം പറഞ്ഞു.
അതേസമയം, മുസ്ലിം ലീഗിലെ പ്രശ്‌നങ്ങള്‍ ആ പാര്‍ട്ടിയില്‍ തന്നെ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. ലീഗ് കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് ഇടപെടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. മുഈനലി തങ്ങള്‍ക്കെതിരെ നടപടിയെടുത്താല്‍ കുഞ്ഞാലിക്കുട്ടിയുടെ നിര്‍ണായക ശബ്ദ രേഖ പുറത്തുവിടുമെന്ന് നേരത്തെ കെടി ജലീല്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications