ഭരണപക്ഷവും പ്രതിപക്ഷവും സിപിഐ; യുഡിഎഫില്‍ നിന്നും ലീഗ് ഇടതുമുന്നണിയിലേക്ക്
തിരുവന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ സംസ്ഥാന രാഷ്ട്രീയം കലങ്ങിമറിയുന്നതായി റിപ്പോര്‍ട്ട്. കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ തോമസ് ചാണ്ടി രാജിവെച്ചെങ്കിലും അതിന്റെ അലയൊലികള്‍ കൂടുതല്‍ ശക്തിയായി ഇരുമുന്നണികളിലേക്കും വ്യാപിക്കുകയാണെന്നാണ് ഇതുസംബന്ധിച്ച് പുറത്തുവരുന്ന സൂചനകള്‍.
ഇടതുമുന്നണിയില്‍ കലഹമുണ്ടാക്കിയത് സിപിഐ ആണെങ്കില്‍ വലതുമുന്നണിയില്‍ മുസ്ലീം ലീഗ് കോണ്‍ഗ്രസുമായി ഉടക്കിലാണ്. യഥാര്‍ഥ കമ്യൂണിസ്റ്റുകള്‍ തങ്ങളാണെന്നും സര്‍ക്കാരിനെതിരായ തിരുത്തല്‍ ശക്തികളാവുകയാണെന്നുമാണ് സിപിഐ തങ്ങളുടെ നിലപാടിനെ ന്യായീകരിക്കുന്നത്. അടുത്തിടെയുണ്ടായ സംഭവങ്ങളിലെല്ലാം സര്‍ക്കാരിനെതിരായ നിലപാടായിരുന്നു സിപിഐയുടേത്.

സിപിഐ സര്‍ക്കാരിനെതിരെ പ്രതികരിക്കുമ്പോള്‍ പ്രതിപക്ഷം റദ്ദ് ചെയ്യപ്പെടുകയാണ്. സമീപകാലത്തെ ഏറ്റവും ദുര്‍ബലമായ പ്രതിപക്ഷമാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ളത്. പ്രതിപക്ഷത്തിന്റെ ജോലികൂടി സിപിഐ ചെയ്യുന്നത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയാകുമെന്നാണ് യുഡിഎഫിലെ പ്രബല കക്ഷിയായ മുസ്ലീം ലീഗ് പറയുന്നത്.
സോളാറില്‍ ആടിയുലയുന്ന കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്നും ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കെഎം മാണിയുടെ കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതോടെ യുഡിഎഫ് ദുര്‍ബലമായിരുന്നു. സോളാര്‍ കേസ് കൂടി വന്നതോടെ യുഡിഎഫിന്റെ വിജയസാധ്യത മങ്ങുമെന്ന കണക്കുകൂട്ടലിലാണ് മുസ്ലീം ലീഗ്. യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലേക്ക് മാറാന്‍ ലീഗ് ശ്രമം തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. സിപിഐ ഇടതുമുന്നണിയുമായി പിണങ്ങിപ്പിരിഞ്ഞാല്‍ ലീഗും കേരള കോണ്‍ഗ്രസും എല്‍ഡിഎഫുമായി കൈകോര്‍ത്തേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു.












Click it and Unblock the Notifications