'ഭാരതാംബ എന്ന പേരിൽ ഏതോ സ്ത്രീ കൊടിപിടിച്ചു നിൽക്കുന്നു, ചേലുള്ള പതാകയാണോ അത്?'; വിമർശിച്ച് എംവി ജയരാജൻ
കണ്ണൂർ: ആർഎസ്എസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജൻ. ഗവർണർ ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ വച്ചതുമായി ബന്ധപ്പെട്ട വിവാദം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ജയരാജന്റെ വിമർശനം. സി സദാനന്ദൻ വധശ്രമ കേസില്‍ 8 സിപിഎം പ്രവര്‍ത്തകരെ ജയിലില്‍ അടച്ച സംഭവത്തില്‍ സിപിഎം പഴശ്ശി സൗത്ത് ലോക്കല്‍ കമ്മിറ്റി ഉരുവച്ചാല്‍ ടൗണില്‍ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതാംബയെന്ന പേരില്‍ ഏതോ ഒരു സ്ത്രീയുടെ കൈയ്യില്‍ കാവി കൊടി പിടിപ്പിച്ചു ഔദ്യോഗിക പരിപാടികള്‍ക്കു മുന്നോടിയായി തൊഴുകയാണ് രാജ്ഭവനില്‍ നിന്ന് ഗവര്‍ണർ എന്നായിരുന്നു ജയരാജന്റെ വിമർശനം. ഇന്ത്യയില്‍ തങ്ങള്‍ ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ ആര്‍എസ്എസുകാരായ ഗവര്‍ണര്‍മാരെ ഉപയോഗിച്ചു തങ്ങളുടെ നെറികെട്ട രാഷ്ട്രീയം കളിക്കുകയാണവരെന്നും ജയരാജൻ ആരോപിക്കുന്നു.

രാജ്ഭവനില്‍ ഏതോ ഒരു സ്ത്രീ കൈയില്‍ കാവിക്കൊടിയേന്തിയ ചിത്രത്തിന് പുഷ്‌പാര്‍ച്ചന അര്‍പ്പിച്ചു തൊഴുന്നു. എന്തെങ്കിലും ചേലുള്ള പതാകയാണോയത്? അദ്ദേഹം ചോദിക്കുന്നു. ആര്‍എസ്എസിന്റെ പതാക കോണകം പോലെയാണ് തോന്നുന്നത്. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യം ഉയര്‍ത്തിപ്പിടിച്ച് ഗവര്‍ണറുടെ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയത് കേരളത്തിന്റെ അഭിമാനമുയര്‍ത്തി; ജയരാജൻ പറഞ്ഞു.
രാജ്ഭവനിൽ ഗവർണർ നടത്തുന്ന പരിപാടിയിൽ ഈ ചിത്രം ഉപയോഗിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ജയരാജൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ അല്ല, മോദി കമ്മീഷനാണ് പ്രവർത്തിക്കുന്നത്. നിലവിൽ വോട്ടർ പട്ടികയിലുള്ളവരുടെ പേരുകൾ ഇന്ത്യക്കാരല്ലെന്ന് പറഞ്ഞ് വെട്ടാൻ നോക്കുകയാണ് അവരെന്നും കഴിഞ്ഞ ദിവസത്തെ വിവാദങ്ങൾ സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
സി സദാനന്ദനെയും ജയരാജൻ വിമർശിച്ചു. കമ്മ്യൂണിസ്‌റ്റുകാരെ ജയിലിലാക്കി എംപിയായി വിലാസമെന്ന് ആരും കരുതേണ്ട. അത് മനസില്‍വെച്ചാല്‍ മതിയെന്നും ഫണ്ട് മുക്കിയിട്ടല്ല എട്ട് സഖാക്കള്‍ ജയിലില്‍ പോയതെന്നും ജയരാജന്‍ പ്രസംഗത്തിനിടെ പറഞ്ഞു. ശരിയുടെ പക്ഷത്തുനിന്ന് ജയിലില്‍ പോകാന്‍ മടിയില്ലെന്നും ക്രിമിനല്‍ പ്രവര്‍ത്തനമാണോ എംപി ആകാനുളള യോഗ്യതയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലേഗാവ് സ്ഫോടനത്തിനു നേതൃത്വം കൊടുത്ത പ്രജ്ഞാ സിംഗ് ഠാക്കൂറിന്റെ അഭാവം പാർലമെന്റിൽ സി സദാനന്ദൻ പരിഹരിക്കുമെന്നും ജയരാജൻ പരിഹസിച്ചു. ജ്യോത്സ്യനെ കണ്ട എംവി ഗോവിന്ദന്റെ നടപടിയെ എംവി ജയരാജൻ ന്യായീകരിക്കുകയും ചെയ്‌തു. ജ്യോത്സ്യനെ കാണുന്നതില്‍ തെറ്റില്ലെന്നും താന്‍ തന്നെ എത്രതവണ ജ്യോത്സ്യന്മാരെ കണ്ടിട്ടുണ്ടെന്നുമാണ് ജയരാജന്‍ ഇതിനോട് പ്രതികരിച്ചത്.
കോൺഗ്രസും ആർഎസ്എസിന്റെ പാതയിലാണ്. അങ്കമാലി റെയിൽവേ സ്‌റ്റേഷൻ പോലെയാണ് കോൺഗ്രസ്. അവിടെ അങ്കമാലി ഫോർ കാലടി എന്ന് കാണാം. കാലടിയിലേക്ക് പോകണമെങ്കിൽ അങ്കമാലിയിൽ ഇറങ്ങണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതുപോലെ കോൺഗ്രസിൽ ചേരുന്നത് ആർഎസ്എസിലേക്ക് പോകാൻ കൂടിയാണ്; എംവി ജയരാജൻ പറഞ്ഞു.
അതിനിടെ കഴിഞ്ഞ ദിവസം സി സദാനന്ദനെ ആക്രമിച്ച കേസിൽ എട്ട് സിപിഐഎം പ്രവര്‍ത്തകരാണ് കീഴടങ്ങിയത്. സുപ്രീം കോടതി അപ്പീല്‍ തളളിയതോടെയാണ് ഇവര്‍ കോടതിയിലെത്തി കീഴടങ്ങിയത്. ജയിലില്‍ പോകുന്ന പ്രതികളെ യാത്രയാക്കാന്‍ കെകെ ശൈലജ എംഎൽഎ അടക്കമുളളവര്‍ എത്തിയത് വിവാദമായിരുന്നു.












Click it and Unblock the Notifications