അയ്യപ്പ ഭക്തന്മാരെ കേരളത്തിലേക്ക് കടത്തിവിടാന്‍ കൈക്കൂലി; എംവിഡി ഉദ്യോഗസ്ഥനെ കയ്യോടെ പൊക്കി
കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുമായി മുന്നോട്ടുപോകുമ്പോഴും ഈ നിയമങ്ങളൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് കൈക്കൂലി വാങ്ങുന്നത് തുടരുകയാണ് ചില ഉദ്യോഗസ്ഥർ. ഇപ്പോൾ ശബരിമലയ്ക്ക് പോകുന്ന ഭക്തന്മാരോടും കൈക്കൂലി വാങ്ങിച്ചിരിക്കുകയാണ്.
ശബരിമല ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തന്മാരിൽ നിന്നും കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ ആയിട്ടുണ്ട്. കുമളിയിലെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെജി മനോജ് അസിസ്റ്റ്റന്റ് ഹരികൃഷ്ണൻ എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്.

അതിർത്തി കടന്നെത്തുന്ന അയ്യപ്പഭക്തന്മാരിൽ നിന്ന് ആളൊന്നിന് 100 രൂപ വീതമാണ് മനോജ് വാങ്ങിയിരുന്നത്. ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 4000 രൂപയും കണ്ടെടുത്തു.
വളരെ തന്ത്രപരമായ നീക്കത്തിലൂടെയാണ് വിജിലൻസ് ഇവരെ കുടുക്കിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന അയ്യപ്പഭക്തന്മാരിൽ നിന്നും പെർമിറ്റ് സീൽ ചെയ്യാൻ കുമളി ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നെന്ന് വിജിലൻസിന് പരാതി ലഭിച്ചിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ ആണ് അയ്യപ്പഭക്തന്മാരുടെ വാഹനത്തിൽ വേഷം മാറി വിജിലൻസ് ഉദ്യോഗസ്ഥർ ചെക്ക്പോസ്റ്റിൽ എത്തിയത്. ആദ്യം 500 രൂപ കൊടുത്തപ്പോൾ പത്ത് പേരുള്ള വണ്ടിയിൽ ഒരാൾക്ക് 100 രൂപ വീതം 1000 രൂപ നൽകാൻ മനോജ് നിർബന്ധം പിടിക്കുകയായിരുന്നു.
ഈ സംഭവത്തിന് പിന്നാലെ ഇടുക്കി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയപ്പോളാണ് 4000 രൂപ കണ്ടെത്തിയത്. മേശയുടെ അടിയിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു പൈസ. വിജിലൻസ് സംഘം എത്തി 10 മിനിറ്റ് നേരം കൊണ്ടാണ് 4000 രൂപ കൈക്കൂലിയായി വാങ്ങിയത്.
ഡ്യൂട്ടി സമയത്ത് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മനോജ് മദ്യപിച്ചിരുന്നതായും വിജിലൻസിന് വ്യക്തമായി. വിജിലൻസ് പിടികൂടുമ്പോൾ മനോജ് മദ്യപിച്ചിരുന്നു എന്ന മെഡിക്കൽ പരിശോധന റിപ്പോർട്ട് അടക്കം ആണ് നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. വിജിലൻസിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും ചുമതലയിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരായ തുടർ നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ട്...












Click it and Unblock the Notifications