'ഞാൻ പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ല, എന്റെ അച്ഛൻ കരുണാകരനല്ല'; രാജ്‌മോഹൻ ഉണ്ണിത്താൻ
കാസർഗോഡ്: കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ പത്മജ വേണുഗോപലിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് കാസർഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. പത്മജയെ ഉണ്ണിത്താൻ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്‌തിട്ടുണ്ട്.
രാജ്‌മോഹൻ ഉണ്ണിത്താൻ ബിജെപിയിലേക്ക് വരുമെന്ന പത്മജയുടെ പ്രസ്‌താവനയാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. 1973 മുതലുള്ള ചരിത്രം വിളിച്ചു പറയും. രാജ്മോഹന്‍ ഉണ്ണിത്താന്‍ തുറന്ന് പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ല. സ്ഥലവും സമയവും തീരുമാനിക്കാമെന്നും ഉണ്ണിത്താൻ അറിയിച്ചു.

എന്റെ അച്ഛൻ കരുണാകരൻ അല്ലെന്നും ഉണ്ണിത്താൻ പറയുകയുണ്ടായി. പത്മജ വേണുഗോപാൽ ബിജെപിയിൽ പോയതിന് പിന്നാലെ കരുണാകരന്റെ മകൾ എന്ന ലേബലിനെ ചൊല്ലി നിരന്തരം കോൺഗ്രസ് നേതാക്കളും പദ്‌മജയും തമ്മിൽ കലഹം തുടരുന്നതിനിടെയാണ് ഉണ്ണിത്താന്റെ രംഗപ്രവേശം ചെയ്യുന്നത്.
നേരത്തെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആദ്യം കോൺഗ്രസ് വിടുക രാജ്‌മോഹൻ ഉണ്ണിത്താൻ ആയിരിക്കുമെന്ന് പത്മജ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഉണ്ണിത്താന്റെ പ്രതികരണം. രാജ്‌മോഹൻ ഉണ്ണിത്താൻ ആരൊക്കെയായി ചർച്ച നടത്തി എന്ന് തനിക്കറിയാമെന്ന് പത്മജ വേണുഗോപാൽ ആരോപിച്ചിരുന്നു.
'എന്റെ ചെറുപ്പം മുതലേ വീട്ടിൽ വരുന്ന ആളാണ് രാജ്‌മോഹൻ ഉണ്ണിത്താൻ. ഇപ്പോൾ അദ്ദേഹത്തിന്റെ നെറ്റിയിൽ പഴയ കറുത്ത കുറി കാണുന്നില്ല. കാസർഗോഡ് എത്തിയപ്പോൾ പേരും മാറ്റിയെന്നാണ് കേട്ടത്' പത്മജ ഉണ്ണിത്താനെ പരിഹസിച്ചു.
അതേസമയം, ബിജെപിയിലേക്ക് കൂടുതൽ ഇടത്-കോൺഗ്രസ് നേതാക്കൾ വൈകാതെ എത്തിച്ചേരും എന്ന കെ സുരേന്ദ്രന്റെ ഉൾപ്പെടെ പ്രസ്‌താവനയ്ക്ക് ഇടയിലാണ് ഇത്തരം വിവാദങ്ങൾ എന്നതാണ് ശ്രദ്ധേയം. അതൃപ്‌തി ഉള്ള നിരവധി നേതാക്കളുമായി തങ്ങൾ ചർച്ച നടത്തിയെന്നും അതിൽ ഒരുപാട് പേർ പാർട്ടി വിട്ട് വൈകാതെ ബിജെപിയിലേക്ക് വരുമെന്നും പ്രതീക്ഷിക്കാത്ത ആളുകളും അതിൽ ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.
ഇതിനിടെ മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജനും ഇത്തരമൊരു വിവാദത്തിൽപെട്ടിരുന്നു. ഇപി ബിജെപിയിലേക്ക് പോകുമെന്ന കെ സുധാകരന്റെ പ്രസ്‌താവനയോടെ ആയിരുന്നു ഇതിന്റെ തുടക്കം. പിന്നാലെ ശോഭ സുരേന്ദ്രൻ ഇപിയുമായി ചർച്ച നടത്തിയെന്ന് പറഞ്ഞതോടെ സിപിഎം വെട്ടിലായിരുന്നു. ഇതിന് പുറമെയാണ് കോൺഗ്രസിൽ നിന്നും കൂടുതൽ നേതാക്കൾ ബിജെപിയിൽ എത്തുമെന്ന പ്രചരണം ശക്തമാവുന്നത്.












Click it and Unblock the Notifications