'കൊട്ടാരം ലേഖകർ പറയുന്നത് ആവശ്യം വിചിത്രമാണെന്നാണ്..'; ചീഫ് സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ച് എൻ പ്രശാന്ത്
തിരുവനന്തപുരം: ചീഫ് സെക്രട്ടറി ശാരദ മുരളീധരനെതിരെ ആഞ്ഞടിച്ച് അച്ചടക്ക നടപടി നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്ത്. ഹിയറിംഗിന് റെക്കോർഡിങ്ങും സ്ട്രീമിങ്ങും ആദ്യം സമ്മതിച്ചിരുന്നു എന്നാണ് പ്രശാന്ത് പറയുന്നത്. പിന്നീട് തീരുമാനം മാറ്റിയപ്പോൾ അതിന്റെ കാരണം അറിയിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു എൻ പ്രശാന്തിന്റെ വിമർശനം.
നേരത്തെ ഹിയറിംഗ് ലൈവ് സ്‌ട്രീമിംഗ് ചെയ്യണമെന്ന പ്രശാന്തിന്റെ ആവശ്യം ചീഫ് സെക്രട്ടറി നിരസിച്ചിരുന്നു. ഹിയറിംഗിന് ഏപ്രിൽ 16ന് ഹാജരാകാനാണ് എൻ പ്രശാന്തിന് ചീഫ് സെക്രട്ടറി നൽകിയ നിർദ്ദേശം. പ്രശാന്തിന്റെ പരാതികള്‍ നേരിട്ട് കേള്‍ക്കാന്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദ്ദേശിച്ചിരുന്നു. ചീഫ് സെക്രട്ടറി തന്നെ നേരിട്ട് ഹിയറിംഗ് നടത്തുമെന്നാണ് അറിയിച്ചത്.

വകുപ്പുതല നടപടികളില്‍ പരസ്‌പരം ആരോപണം ഉന്നയിച്ച് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നേരിട്ട് ഹിയറിംഗ് നടത്താനുള്ള തീരുമാനം എടുത്തത്. നിലവില്‍ സസ്‌പെന്‍ഷനിലാണ് എന്‍ പ്രശാന്ത് ഐഎഎസ്. ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിലായിരുന്നു അദ്ദേഹത്തിനെതിരായ നടപടി.
കഴിഞ്ഞ നവംബര്‍ 11നായിരുന്നു അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്‌തത്. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവര്‍ത്തിച്ചെന്നുമായിരുന്നു സസ്‌പെന്‍ഡ് ചെയ്‌തുകൊണ്ട് പുറത്തുവിട്ട കുറിപ്പിൽ പറഞ്ഞിരുന്നത്. എന്നാൽ അതിന് ശേഷവും തന്റെ നിലപാട് ആവർത്തിക്കുകയാണ് എൻ പ്രശാന്ത് ചെയ്‌തത്.
അതിൽ ഏറ്റവും ഒടുവിലത്തേതാണ് ചീഫ് സെക്രട്ടറിയ്ക്ക് നേരെ വിരൽ ചൂണ്ടുന്ന ഫേസ്‌ബുക്ക് പോസ്‌റ്റ്. കഴിഞ്ഞ ദിവസം പരിഹാസ രൂപേണ പഴയ സിനിമാ രംഗം എൻ പ്രശാന്ത് പോസ്‌റ്റ് ചെയ്‌തിരുന്നു. ഐഎഎസ് ഓഫീസർമാർ വിധേയരായി പെരുമാറേണ്ടത് ഇങ്ങനെയെന്ന് പറഞ്ഞുകൊണ്ടേയിരുന്നു പരിഹാസം. നസീർ, ഷീല തുടങ്ങിയവർ അഭിനയിച്ച സിനിമയിലെ രംഗമാണ് ഫേസ്‌ബുക്കിൽ അദ്ദേഹം അന്ന് പങ്കുവച്ചത്. അതിന് ശേഷമാണ് വീണ്ടും തുറന്ന പോസ്‌റ്റുമായി അദ്ദേഹം രംഗത്ത് വരുന്നത്.
എൻ പ്രശാന്തിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:
ഏഴു വിചിത്രരാത്രികൾ
10.02.2025 ന് നൽകിയ കത്തിൽ ഹിയറിംഗ് റെക്കോർഡ് ചെയ്യാനും സ്ട്രീം ചെയ്യാനും മാത്രമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം 04.04.2025 ന് പൂർണ്ണമായും അംഗീകരിച്ചെങ്കിലും 11.04.2025 ന് അത് പിൻവലിച്ചു. ഏഴ് രാത്രികൾ കഴിഞ്ഞപ്പോൾ തീരുമാനം മാറിയതിന്റെ കാരണങ്ങൾ ഒന്നും കത്തിൽ അറിയിച്ചിട്ടില്ല. അതിൽ ആവശ്യം വിചിത്രമാണെന്ന് പറയുന്നില്ല.
എന്നാൽ കൊട്ടാരം ലേഖകർ പറയുന്നത് ആവശ്യം വിചിത്രമാണെന്നാണ്. വിവരാവകാശത്തിന്റെയും സുതാര്യതയുടെയും കാലത്ത് ആർക്കാണിത് വിചിത്രം? ഒന്നറിയാനാണ്. ആളിന് പേരില്ലേ? എന്റെ അച്ചടക്ക നടപടി സംബന്ധിച്ച രേഖകളും, ഉത്തരവിന്റെ കോപ്പികളും, തീരുമാനങ്ങളും, അഭിപ്രായങ്ങളും ഒക്കെ ചാനലിലും പത്രത്തിലും വായിച്ചാണ് ഞാൻ അറിയുന്നത്. സ്ട്രീമിംഗ് അനുവദിച്ച ആദ്യ ഉത്തരവ് കാണത്ത മട്ടിൽ ചില ചാനൽ തൊഴിലാളികൾ തകർത്ത് അഭിനയിക്കുന്നതും കണ്ടു. (വായിച്ചിട്ട് മനസ്സിലാകാത്തതും ആവാം).
നിരന്തരം നിർഭയം, ഉറവിടമില്ലാത്ത വാർത്തകൾ നൽകുന്നതും, രേഖകൾ തമസ്‌കരിക്കുന്നതും ചെയ്യുന്നതിനെ എന്താ പറയുക? വിചിത്രം.












Click it and Unblock the Notifications