'ന്നാ താൻ പോയി കേസ് കൊട് എന്ന് പറയുന്നത് നീതിയുക്തമായ സർക്കാരിന് ഭൂഷണമല്ല'; വീണ്ടും എൻ പ്രശാന്ത്
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഹിയറിംഗിന്റെ വിശദാംശങ്ങൾ പങ്കുവച്ച് ഫേസ്‌ബുക്ക് പോസ്‌റ്റിട്ട് സസ്‌പെഷനിൽ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്ത്. ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുതെന്ന് പ്രശാന്ത് പറയുന്നു. ആറ് മാസത്തിൽ തീർപ്പാക്കണമെന്ന് നിയമമുണ്ടായിരിക്കെ മൂന്ന് വർഷമായിട്ടും ഫയൽ പൂഴ്ത്തി വെച്ച്, അകാരണമായും നിയമവിരുദ്ധമായും തന്റെ പ്രമോഷൻ തടഞ്ഞുവച്ചുവെന്നും പ്രശാന്ത് ആരോപിക്കുന്നു.
ഭരണഘടനാ വിരുദ്ധമായും അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായും ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പേരിൽ വീണ്ടുമൊരു അന്വേഷണം തുടങ്ങാൻ ശ്രമിക്കരുതെന്നും പ്രശാന്ത് പറഞ്ഞു. ഡോ. ജയതിലകിനും ഗോപാലകൃഷ്‌ണനും മാതൃഭൂമിക്കുമെതിരെ ക്രിമിനൽ ഗൂഢാലോചനയും, വ്യാജരേഖ സൃഷ്‌ടിക്കലും, സർക്കാർ രേഖയിൽ കൃത്രിമം കാണിക്കലും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചട്ടങ്ങളും നിയമങ്ങളും സർക്കാറിന് ബാധകമാണ്. അതിന് വിപരീതമായി പ്രവർത്തിച്ചിട്ട് "ന്നാ താൻ പോയി കേസ് കൊട്" എന്ന് പറയുന്നത് നീതിയുക്തമായ ഭരണസംവിധാനത്തിന് ഭൂഷണമല്ലെന്നും എൻ പ്രശാന്ത് തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ ചൂണ്ടിക്കാട്ടി. ഇതുവരെ സർക്കാറിനെതിരെ ഒരു കേസും കൊടുത്തിട്ടില്ല. അതിന് സാഹചര്യം ഒരുക്കരുതെന്നും പ്രശാന്ത് മുന്നറിയിപ്പ് നൽകി.
ചീഫ് സെക്രട്ടറി ശാരദ മുരളീധരന് മുന്നിലാണ് പ്രശാന്ത് ഇന്നലെ ഹാജരായത്. ചീഫ് സെക്രട്ടറിയുടെ ചേംബറിൽ തന്നെയായിരുന്നു ഹിയറിംഗ്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ച പ്രകാരമാണ് പ്രശാന്തിനോടു നേരിട്ടു വിശദീകരണം തേടാന്‍ ചീഫ് സെക്രട്ടറി തീരുമാനിച്ചത്. ഹിയറിംഗ് ലൈവായി നടത്തണമെന്ന് പ്രശാന്ത് ആവശ്യമുന്നയിച്ചെങ്കിലും അത് ചീഫ് സെക്രട്ടറി അംഗീകരിച്ചിരുന്നില്ല.
അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ സമൂഹമാധ്യമത്തിലൂടെ നിരന്തരം വിമര്‍ശനം നടത്തിയതിനാണ് കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്തിനെതിരെ നടപടിയെടുത്തത്. കഴിഞ്ഞ നവംബറിൽ ആയിരുന്നു സസ്‌പെൻഷൻ നടപടി എടുത്തത്. പ്രശാന്തിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നും ചീഫ് സെക്രട്ടറി നിർദ്ദേശിച്ചിരുന്നു.
തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും തെളിവുകൾ നശിപ്പിക്കപ്പെട്ടെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നടത്തിയ ഹിയറിംഗിൽ ഹാജരായ ശേഷം എൻ പ്രശാന്ത് ആരോപിച്ചിരുന്നു. ജയതിലക് ഐഎഎസിനെ വിമർശിക്കുന്നത് ചട്ടലംഘനം അല്ലെന്നും പറയാനുള്ളതു പറഞ്ഞുവെന്നും ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പിന്നീടാണ് വിഷയത്തിൽ വിശദമായ കുറിപ്പുമായി പ്രശാന്ത് രംഗത്ത് വന്നത്.
എൻ പ്രശാന്തിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം:
ഇന്നത്തെ ഹിയറിങ്ങിന്റെ വിശേഷങ്ങൾ ചോദിച്ച് വന്ന അനവധി മെസേജുകൾക്കും കോളുകൾക്കും മറുപടി ഇടാൻ സാധിക്കാത്ത വിധം തിരക്കിലായിപ്പോയി. വിശദമായ കുറിപ്പിടാൻ ശ്രമിക്കാം. ഹിയറിങ്ങിൽ പറഞ്ഞതിന്റെ സാരാംശം ഇത്രയാണ്:
1. ആറ് മാസത്തിൽ തീർപ്പാക്കണമെന്ന് നിയമമുണ്ടായിരിക്കെ മൂന്ന് വർഷമായിട്ടും ഫയൽ പൂഴ്ത്തി വെച്ച്, അതിന്റെ പേരിൽ 2022 മുതൽ അകാരണമായും നിയമവിരുദ്ധമായും തടഞ്ഞ് വെച്ച എന്റെ പ്രമോഷൻ ഉടനടി നൽകണം. ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുത്.
2. ഭരണഘടനാ വിരുദ്ധമായും അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായും ഫേസ് ബുക്ക് പോസ്‌റ്റിന്റെ പേരിൽ വീണ്ടുമൊരു അന്വേഷണം തുടങ്ങാൻ ശ്രമിക്കാതെ ഈ പ്രഹസനം ഇവിടെ അവസാനിപ്പിക്കണം.
3. ഡോ. ജയതിലകിനും ഗോപാലകൃഷ്‌ണനും മാതൃഭൂമിക്കും എതിരെ ക്രിമിനൽ ഗൂഢാലോചനയും, വ്യാജരേഖ സൃഷ്‌ടിക്കലും, സർക്കാർ രേഖയിൽ കൃത്രിമം കാണിക്കലും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് കേസെടുക്കണം.
4. ചട്ടങ്ങളും നിയമങ്ങളും സർക്കാറിന് ബാധകമാണ്. അതിന് വിപരീതമായി പ്രവർത്തിച്ചിട്ട് "ന്നാ താൻ പോയി കേസ് കൊട്" എന്ന് പറയുന്നത് നീതിയുക്തമായ ഭരണസംവിധാനത്തിന് ഭൂഷണമല്ല. ഞാനിതുവരെ സർക്കാറിനെതിരെ ഒരു കേസും കൊടുത്തിട്ടില്ല. അതിന് ദയവായി സാഹചര്യം ഒരുക്കരുത്.
5. ഇവയൊന്നും പരിഹരിക്കാതെ എന്റെ സസ്പെൻഷൻ തിരക്കിട്ട് പിൻവലിക്കണമെന്ന് യാതൊരു നിർബന്ധവും ഇല്ല. സർക്കാർ സംവിധാനങ്ങൾക്ക് പുറത്ത് ശ്വാസം മുട്ടാൻ ഞാൻ ഗോപാലകൃഷ്‌ണനല്ല.












Click it and Unblock the Notifications