700ഓളം കർഷകർ കൊല്ലപ്പെട്ടതിന് ഉത്തരവാദികള്‍ മോദിയും ബിജെപി സര്‍ക്കാരും: ഉമ്മൻചാണ്ടി
തിരുവനന്തപുരം: കർഷക സമരം ഐതിഹാസിക വിജയമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. കേന്ദ്ര സർക്കാർ ആവശ്യങ്ങളെല്ലാം അംഗീകരിച്ച സാഹചര്യത്തിൽ കർഷകർ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം. ഒരു വർഷം നീണ്ട കർഷക സമരത്തിനിടെ എഴുന്നൂറോളം കർഷകർ കൊല്ലപ്പെട്ടതിന് ഉത്തരവാദികൾ മോദി സർക്കാരും ബിജെപിയുമാണെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. കർഷക സമരക്കാർക്ക് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷം നല്‍കിയ പിന്തുണ കേന്ദ്രസര്‍ക്കാറിന്റെ ഉറക്കം കെടുത്തിയിരുന്നുവെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു.
ഉമ്മൻചാണ്ടിയുടെ പ്രതികരണം ഇങ്ങനെ: '' ഇത് കർഷകരുടെ ഐതിഹാസിക വിജയമാണ്. കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുവാനുള്ള മോദി സർക്കാരിന്റെ തീരുമാനം കർഷകരുടെ സമരവീര്യത്തിനു മുന്നിൽ തകർന്നടിഞ്ഞു. കൊടും ചൂടും കടുത്ത ശൈത്യവും കടന്നു മറ്റൊരു ശൈത്യകാലത്തിന്റെ തുടക്കത്തിലാണ് കർഷകസമരം വിജയത്തിലെത്തിയത്. ഈ പോരാട്ടത്തിന് നേതൃത്വം നൽകിയ കർഷകരെ അഭിനന്ദിക്കുന്നു.
കത്രീനയ്ക്ക് സ്വന്തമായി വിക്കി, വമ്പൻ ആഢംബര വിവാഹം, ചിത്രങ്ങൾ പുറത്ത്
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ഒരു വർഷം നീണ്ട സമരത്തിനിടെ 700 ഓളം കര്‍ഷകരാണ് കൊല്ലപ്പെട്ടത്. ഇതിന് ഉത്തരവാദികള്‍ മോദിയും ബി.ജെ.പി സര്‍ക്കാരുമാണ്. അനാഥമായ കർഷക കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം അടിയന്തിരമായി നൽകണം. കർഷക സമരത്തിൽ ജീവൻ പൊലിഞ്ഞ ധീരന്മാരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കർഷക സമരം, നീതി നിഷേധിക്കപ്പെട്ട മറ്റ് ജനവിഭാഗങ്ങൾക്ക് പോരാടാനുള്ള കരുത്തും പ്രചോദനവും നൽകുമെന്ന് എനിക്ക് ഉറപ്പാണ്''.

കെസി വേണുഗോപാലിന്റെ പ്രതികരണം: '' കുത്തകകളെ സഹായിക്കാന്‍ കൊണ്ടുവന്ന അശാസ്ത്രീയ കാര്‍ഷിക പരിഷ്‌കരണത്തിനെതിരെ രാജ്യതലസ്ഥാനത്തെ തെരുവില്‍ ഒരു വര്‍ഷത്തോളമായി കര്‍ഷകര്‍ നടത്തിവന്ന പ്രക്ഷോഭം പൂര്‍ണവിജയം കണ്ടിരിക്കയാണ്. കര്‍ഷക പ്രക്ഷോഭകര്‍ക്ക് പാര്‍ലമന്റിന് അകത്തും പുറത്തും രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷം നല്‍കിയ പിന്തുണ കേന്ദ്രസര്‍ക്കാറിന്റെ ഉറക്കം കെടുത്തിയിരുന്നു.
എല്ലാ ആവശ്യവും അംഗീകരിക്കാമെന്ന ഉറപ്പിന്മേലാണ് കര്‍ഷകര്‍ തലസ്ഥാന നഗരി വിടുന്നത്. ഗത്യന്തരമില്ലാതെ കര്‍ഷക പോരാളികള്‍ക്ക് മുമ്പില്‍ മുട്ടുമടക്കേണ്ടി വന്ന മോദി സര്‍ക്കാര്‍, ഈ വൈകിയ വേളയിലെങ്കിലും മാപ്പുപറയാന്‍ തയ്യാറാവണം. നൂറുകണക്കിന് ജീവന്‍ ബലിയര്‍പ്പിച്ചും കര്‍ഷക ജനത നേടിയ സമാനതകളില്ലാത്ത ഈ വിജയം രാജ്യത്തിന്റെ പോരാട്ട ചരിത്രത്തില്‍ ഉജ്ജ്വലമായ് അടയാളപ്പെടുത്തും...''
ഇടത് രാജ്യസഭാ എംപി ഡോ. ശിവദാസന്റെ പ്രതികരണം: '' വിജയം! ചരിത്രം!
തെരുവിൽ സമരം ചെയ്ത്, നിയമം തിരുത്തിച്ച് കർഷകർ നേടിയ വിജയം ഒരു സംഘടനയുടേയോ പക്ഷത്തിന്റെയോ വിജയത്തിലുപരി, ഇന്ത്യയിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യത്തിന്റെ വിജയമാണ്. രാഷ്ട്രം പിന്മാറിയിട്ട് കോർപ്പറേറ്റുകൾക്ക് അധികാരം വിട്ടുകൊടുക്കുന്ന നിയോലിബറൽ നയങ്ങൾക്ക് എതിരായി, മണ്ണിൽ കാലുറപ്പിച്ചു നിന്ന് പൊരുതിയ ഇന്ത്യൻ കർഷകർക്ക്, ആ പോരാട്ടത്തിന് നേതൃത്വം നൽകിയവർക്ക് വിപ്ലവാഭിവാദ്യങ്ങൾ. കർഷകസമരത്തിന്റെ എല്ലാ ആവശ്യങ്ങളും രേഖാമൂലം യൂണിയൻ ഗവണ്മെന്റ്നു അംഗീകരിക്കേണ്ടി വന്നു. നൂറു കണക്കിന് മനുഷ്യരുടെ ജീവത്യാഗം, പതിനായിരങ്ങളുടെ സഹനം കൊണ്ട് നേടിയ ഈ നേട്ടം നിലനിർത്താൻ സംഘടിതരായി ജാഗ്രതയോടെ നില കൊള്ളേണ്ടതുണ്ട്.. മറ്റൊരു ലോകം സാധ്യമാണ് എന്ന പ്രതീക്ഷയാണ് കർഷക സമരത്തിന്റെ വിജയം''.
ഇടത് തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ പ്രതികരണം: '' കർഷക സംഘടനകൾ ഉയർത്തിയ മുഴുവൻ ആവശ്യങ്ങളും കേന്ദ്രസർക്കാർ അംഗീകരിച്ച് മുട്ടുമടക്കിയതോടെ കർഷക സമരം സമ്പൂർണ്ണ വിജയം നേടി. ഒരു വർഷത്തിലേറെ നീണ്ടുനിന്ന ഐതിഹാസിക കർഷക - തൊഴിലാളി പ്രക്ഷോഭമാണ് വിജയം കണ്ടത്. കർഷക ദ്രോഹ ബില്ലുകൾ റദ്ദ് ചെയ്യുകയും കർഷക സംഘടനകൾ ആവശ്യപ്പെട്ട മുഴുവൻ ആവശ്യങ്ങളും കേന്ദ്രസർക്കാർ അംഗീകരിക്കുകയും കർഷക സംഘടനകൾക്ക് രേഖാ മൂലമുള്ള ഉറപ്പ് നൽകുകയും ചെയ്തു''.












Click it and Unblock the Notifications