വീണ്ടും അഭിമാനമായി കേരളം; രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് ശിലയിട്ട് പ്രധാനമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, റെയില്‍വേ മന്ത്രി അശ്വനികുമാര്‍ വൈഷ്ണവ്, എംപി ശശി തരൂര്‍, മന്ത്രിമാരായ വി അബ്ദുറഹ്‌മാന്‍, ആന്റണി രാജു എന്നിവരെ സാക്ഷിയാക്കിയാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്.
കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് എന്ന് ഉദ്ഘാടന വേളയില്‍ അധ്യക്ഷ പ്രസംഗം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശാസ്ത്ര സാങ്കേതിക-വിവരസങ്കേതിക രംഗങ്ങളിലെല്ലാം നൂതന വൈദഗ്ധ്യമുള്ള സ്ഥാപനങ്ങള്‍ക്ക് കേരളത്തില്‍ ആണ് ആദ്യം തുടക്കം കുറിച്ചത്.

അത്തരത്തിലുള്ള ഒന്നാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ഇന്ത്യയ്ക്ക് അഭിമാനമാണ് എന്നും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ കൈയിലുള്ള പദ്ധതിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ ആണ് സയന്‍സ് പാര്‍ക്ക് നിര്‍മിക്കുന്നത്. ഇത് ടെക്‌നോപാര്‍ക്ക് ഫേസ് നാലിന്റെ ഭാഗമാണ്.
ടെക്‌നോസിറ്റിയിലെ ഡിജിറ്റല്‍ സര്‍വകലാശാലയോടു ചേര്‍ന്നുള്ള 14 ഏക്കറോളം സ്ഥലത്താണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ നിര്‍മാണം. മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാകുന്ന തരത്തിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. 2022-23 ലെ സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ പദ്ധതിക്കായി തുക നീക്കി വെച്ചിരുന്നു. കേരള ഡിജിറ്റല്‍ സര്‍വകലാശാലയോട് ചേര്‍ന്ന് 200 കോടി രൂപ മുതല്‍ മുടക്കില്‍ 2 ബ്ലോക്കുകളിലായി 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പാര്‍ക്ക് സ്ഥാപിക്കും എന്നായിരുന്നു പ്രഖ്യാപനം.
Pregnancy Tips: സ്‌കാനിംഗൊന്നും വേണ്ട.. കുട്ടി ആണാണോ പെണ്ണാണോ എന്നറിയാം
ഇതിനായി 1515 കോടി പദ്ധതി വിഹിതമായി കണക്കാക്കിയിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ അനുദിനമുള്ള വളര്‍ച്ചക്ക് പാര്‍ക്ക് ഊര്‍ജമാകും. വ്യവസായ-ബിസിനസ് യൂണിറ്റുകള്‍ക്കും ഇന്‍ഡസ്ട്രി 4.0, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബട്ടിക്‌സ്, ഇലക്ട്രോണിക്‌സ്, സ്മാര്‍ട് ഹാര്‍ഡ്വെയര്‍ തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനത്തിനും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സൗകര്യമൊരുക്കും. പാര്‍ക്കില്‍ ആദ്യ ഘട്ടത്തില്‍ രണ്ട് കെട്ടിടങ്ങള്‍ ആണ് നിര്‍മിക്കുന്നത്. റിസര്‍ച്ച് ലാബുകളും ഡിജിറ്റല്‍ ഇന്‍കുബേറ്ററും ഉള്‍പ്പെടെ 5 നിലകളും ഹൗസിങ് സെന്റര്‍ ഓഫ് എക്‌സലന്‍സസും ഇവിടെ സജ്ജീകരിക്കും.












Click it and Unblock the Notifications