ഡോറില്‍ തൂങ്ങി യാത്ര ചെയ്തു.. നിയമം ലംഘിച്ചു; മോദിക്കെതിരെ മോട്ടോര്‍ വാഹന വകുപ്പില്‍ പരാതി
കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദര്‍നത്തിനായി കേരളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ പരാതി. പ്രധാനമന്ത്രി ഗതാഗത നിയമം ലംഘിച്ചു എന്നാണ് പരാതി. തിരുവില്വാമല സ്വദേശി ജയകൃഷ്ണനാണ് പരാതിക്കാരന്‍. ഡിജിപിക്കും മോട്ടോര്‍ വാഹന വകുപ്പിനും ആണ് ജയകൃഷ്ണന്‍ പരാതി നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോ ആണ് പരാതിക്ക് ആധാരം.
ചൊവ്വാഴ്ച വൈകീട്ടാണ് പ്രധാനമന്ത്രി കൊച്ചിയില്‍ വിമാനമിറങ്ങിയത്. പിന്നീട് റോഡ് ഷോയായാണ് തേവര എസ് എച്ച് കോളേജില്‍ സംഘടിപ്പിച്ച യുവം 2023 പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി എത്തിയത്. ഈ റോഡ് ഷോയ്ക്കിടെ നിരവധി ഗതാഗത നിയമ ലംഘനങ്ങള്‍ ഉണ്ടായി എന്നാണ് ജയകൃഷ്ണന്‍ തന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. റോഡ് ഷോയില്‍ പ്രധാനമന്ത്രി ഡോര്‍ തുറന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തിരിന്നു.

തുറന്ന ഡോറില്‍ തൂങ്ങി യാത്ര നടത്തുന്നത് ഗതാഗത നിയമങ്ങളുടെ ലംഘനമാണ് എന്നാണ് ജയകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്. ഡ്രൈവറുടെ കാഴ്ച മറയ്ക്കും വിധം ഗ്ലാസ് പൂക്കള്‍ കൊണ്ട് മറച്ചു. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. ഇത് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ തന്റെ പരാതിയില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കണം എന്നാണ് ജയകൃഷ്ണന്‍ ആവശ്യപ്പെടുന്നത്.
ഇപ്പോള്‍ റോഡ് സുരക്ഷയ്ക്ക് വേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയൊക്കെ വന്ന് നിയമം ശക്തമാക്കിയിരിക്കുകയാണല്ലോ എന്നും അങ്ങനെയിരിക്കെ ഈ നിയമം പ്രധാനമന്ത്രിക്കും ബാധകമല്ലേ അദ്ദേഹമാണല്ലോ പൊതുജനങ്ങള്‍ക്ക് മാതൃകയാകേണ്ടത് എന്നുമാണ് ജയകൃഷ്ണന്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനത്തെ ആദ്യത്തെ റോഡ് ഷോ ആയിരുന്നു കൊച്ചിയിലേത്.
Astro Tips: ഈ രാശിക്കാരാണോ...? എങ്കില്‍ എന്നും പണക്കാരായിരിക്കാം
തിരുവനന്തപുരത്തും മോദി സമാനമായി യാത്ര ചെയ്തിരുന്നു. കൊച്ചിയില്‍ 1.8 കിലോമീറ്റര്‍ റോഡ് ഷോയില്‍ ആണ് നരേന്ദ്ര മോദി പങ്കെടുത്തത്. ഒരു കിലോ മീറ്ററോളം കാല്‍നടയായും ബാക്കി ദൂരം വാഹനത്തിലുമായിരുന്നു മോദി ജനങ്ങളെ അഭിവാദ്യം ചെയ്ത് നീങ്ങിയത്. ആയിരക്കണക്കിന് പേരാണ് കൊച്ചിയിലും തിരുവനന്തപുരത്തും നരേന്ദ്ര മോദിയെ കാണാനും അഭിവാദ്യം ചെയ്യാനുമായി കാത്തിരുന്നത്.
അതേസമയം ഇന്നലെയാണ് നരേന്ദ്ര മോദി മടങ്ങിയത്. രാവിലെ വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്ത പ്രധാനമന്ത്രി പിന്നീട് കൊച്ചി വാട്ടര്‍ മെട്രോ, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, വിവിധ റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനം എന്നിവ നിര്‍വഹിച്ച ശേഷമാണ് മടങ്ങിയത്. നാവികസേനയുടെ പ്രത്യേക വിമാനത്തില്‍ ഗുജറാത്തിലേക്കാണ് അദ്ദേഹം കേരളത്തില്‍ നിന്ന് മടങ്ങിയത്.












Click it and Unblock the Notifications