രാജ്യത്തെ മതേതരത്വം ചോദ്യം ചെയ്യപ്പെടുന്നു; മന്ത്രി സുനില്‍ കുമാര്‍
കോഴിക്കോട്: രാജ്യത്ത് മതേത്വരത്തം എന്ന വിശാല കാഴ്ചപ്പാട് ചോദ്യം ചെയ്യപ്പെടുകയാണെന്നും ഇതിനെ ചെറുത്തുനില്‍ക്കാന്‍ തയ്യാറാകണമെന്നും കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍. രാജ്യത്തിന്റെ ബഹുസ്വരതയും തനിമയും പാരമ്പര്യവും കാത്തു സൂക്ഷിക്കുന്നതിനുളള പരിശ്രമങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കേണ്ടതുണ്ട്. ഭരണഘടനയുടെ അടിത്തറ മതേതരത്വമാണ്. ബഹുസ്വരതയക്ക് ഭീക്ഷണി നേരിടുമ്പോള്‍ അപകടത്തിലാവുന്നത് ജനാതിപത്യമാണ്. ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാനും വര്‍ഗ്ഗീയതയും മതവിദ്വേഷവും ഭിന്നതയും വളര്‍ത്താനുളള നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കണം.
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കുടില തന്ത്രം പുതുരൂപത്തില്‍ തിരിച്ചു കൊണ്ടുവരാനുളള ശ്രമങ്ങളും നടക്കുന്നു. ഭാഷയിലും വേഷത്തിലും ഭക്ഷണ രീതിയിലും ആചാരാനുഷ്ഠാനങ്ങളിലും വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഭാരതം. ആത്മീയതക്കും ആത്മീയ നിഷേധിക്കള്‍ക്കും ഇവിടെ സ്ഥാനമുണ്ടായിരുന്നു. മതബദ്ധമായി ജീവിക്കാനും മതനിഷേധികള്‍ ആവാനും ഇവിടെ സാഹചര്യമുണ്ടായിരുന്നു. ഈ വിശാലമായ കാഴ്ചപ്പാടിന് ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ നടന്ന ചടങ്ങില്‍ സ്വാതന്ത്ര്യസമരസേനാനികളായ ബാലുശ്ശേരി എസ് നാഗപ്പൻ നായര്‍, ഉണ്ണീരീ കക്കോടി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എംപിമാരായ എംകെ രാഘവന്‍, എംഐ ഷാനവാസ്, എംഎല്‍എമാരായ എ പ്രദീപ്ര് കുമാർ, പുരുഷന്‍ കടലുണ്ടി, എകെ ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ യുവി ജോസ്, ജില്ലാ പൊലീസ് മേധാവി എസ് കാളിരാജ് മഹേഷ്‌കുമാര്‍, കോര്‍പ്പേറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, എഡിഎം ടി ജനില്‍കുമാര്‍, ഡെപ്യൂട്ടി കമ്മിഷണര്‍ മെറിന്‍ ജോസഫ്, അസി കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് തുടങ്ങിവര്‍ പങ്കെടുത്തു.
ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നടന്ന പരേഡിന് പൊലീസ് ഇന്‍സ്‌പെക്ടര്‍ പിഎം മനോജ് നേതൃത്വം നല്‍കി. പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയര്‍ ഫോഴ്‌സ്, എന്‍സിസി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, റെഡ് ക്രോസ്, സ്റ്റുഡന്റ് പൊലീസ്, എന്നീ വിഭാഗങ്ങള്‍ അണിനിരന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയികളായ ടീമുകളുടെ ദേശഭക്തിഗാന അവതരണവും പഞ്ചവാദ്യവും അരങ്ങേറി. വിവിധ പൊലീസ് മെഡലുകള്‍ മന്ത്രി വിതരണം ചെയ്തു.












Click it and Unblock the Notifications