'കാഴ്‌ച വസ്‌തുക്കളാക്കാൻ ഉള്ളതല്ല കുട്ടികൾ'; നവകേരള സദസിനായി വിദ്യാർത്ഥികളെ എത്തിച്ചതിനെതിരെ വീണ്ടും ഹൈക്കോടതി
കൊച്ചി: നവകേരള സദസിനായി വിദ്യാർത്ഥികളെ എത്തിച്ച നടപടിക്കെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി. കാഴ്‌ചവസ്‌തുക്കളാക്കാൻ ഉള്ളവരല്ല കുട്ടികളെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിമർശനം. എല്ലാ കുട്ടികളെയും വിഐപികളായി പരിഗണിക്കണം. ഹെഡ് മാസ്‌റ്റർമാർ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും കോടതി ചോദിച്ചു.
പരിപാടിയിൽ കുട്ടികളെ പങ്കെടുപ്പിക്കില്ല എന്ന സർക്കാരിന്റെ ഉറപ്പ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി എംഎസ്എഫ് നൽകിയ ഉപഹർജിയിലാണ് കോടതിയുടെ രൂക്ഷമായ വിമർശനം. മലപ്പുറത്ത് നവകേരള സദസിന് വിദ്യാർഥികളെ എത്തിച്ചതിന്റെ ദൃശ്യങ്ങളും ഹർജിക്കാർ കോടതിയിൽ ഹാജരാക്കിയിരുന്നു. സർക്കാരിനോട് വിശദീകരണം തേടിയ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി പരിഗണിക്കുന്നത് മറ്റന്നാളേക്ക് മാറ്റി.

നവകേരള സദസിന്റെ ഭാഗമായി മലപ്പുറം എടപ്പാൾ തുയ്യം ഗവ എൽപി സ്കൂളിലെ കുട്ടികളെയാണ് ഇന്നലെ റോഡരികിൽ ദീർഘനേരം നിർത്തിയത്. നട്ടുച്ചയ്ക്ക് ഒന്നര മണിയോടെയായിരുന്നു സംഭവം. ഇതിന് പിന്നാലെയാണ് സർക്കാർ ഉറപ്പ് ലംഘിച്ചുവെന്ന് കാട്ടി എംഎസ്എഫും ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, നവകേരള സദസില്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി കഴിഞ്ഞയാഴ്‌ച ഉത്തരവിട്ടിരുന്നു. വിദ്യാര്‍ഥികളെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുതെന്നും കരിക്കുലത്തിനു പുറത്തുള്ള കാര്യങ്ങളില്‍ ഉത്തരവിറക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. പരിപടിയിൽ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നതിന് എതിരായ ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.
നവകേരള സദസില്‍ ഇനി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ അന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ എല്ലാ ഉത്തരവുകളും പിന്‍വലിക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് വീണ്ടും കുട്ടികളെ പങ്കെടുപ്പിച്ചതിന്റെ ദൃശ്യങ്ങൾ ഹൈക്കോടതിയിൽ എത്തിയത്.
ഇതോടെയാണ് ഹൈക്കോടതി വിഷയത്തിൽ വീണ്ടും വിമർശനവുമായി രംഗത്ത് വന്നത്. നേരത്തെ തലശ്ശേരി മണ്ഡലത്തിലെ ചമ്പാട് എൽ പി എസ്, ചോതാവൂർ ഹൈസ്‌കൂൾ, ചമ്പാട് വെസ്‌റ്റ് യു പി എസ് എന്നിവിടങ്ങളിലെ വിദ്യാർഥികളെ റോഡിൽ ഇറക്കി നിർത്തിയത് വിവാദമായിരുന്നു. കുട്ടികളെ പൊരിവെയിലത്ത് നിർത്തിയതിനെതിരെ ഹൈക്കോടതിയിൽ ഹർജിയും എത്തിയിരുന്നു.












Click it and Unblock the Notifications