മുഖ്യമന്ത്രിക്കുള്ള കറങ്ങുന്ന കസേര എത്തിച്ചത് ചൈനയിൽ നിന്ന്; ബസിന് എംവിഡിയുടെ പ്രത്യേക ഇളവും
സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് പരിപാടിയ്ക്ക് കൊടിയേറുകയാണ്. ഒപ്പം ഒരുപിടി വിവാദങ്ങളും ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുവന്നിരുന്നു. അതിൽ പ്രധാനപ്പെട്ടതായിരുന്നു മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ആഡംബര ബസുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ.
ഇപ്പോഴിതാ ഈ ബസ് കേരളത്തിൽ എത്തിച്ചു എന്നതാണ് ഏറ്റവും ഒടുവിലായി ലഭ്യമായ വിവരങ്ങൾ. ഇന്ന് ഉച്ച കഴിഞ്ഞ് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയിൽ വച്ച് നടക്കുന്ന നവകേരള സദസിന്റെ ഉദ്‌ഘാടന പരിപാടിയിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഈ ബസിലാവും എത്തുക.

ഏകദേശം ഇരുപത്തിയഞ്ച് പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ബെൻസ് ബസാണ് ഇതിനായി കാസർഗോഡ് എത്തിച്ചിരിക്കുന്നത്. ഇതിൽ മുഖ്യമന്ത്രിക്ക് പ്രത്യേക ക്യാബിൻ ഒരുക്കാൻ ആദ്യം പദ്ധതിയിട്ടെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു, പകരം 180 ഡിഗ്രി ദിശയിലേക്ക് വരെ കറങ്ങാൻ ശേഷിയുള്ള കസേരയാണ് നൽകിയത്. ഇക്കാര്യങ്ങൾ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഈ കസേര ചൈനയിൽ നിന്നെത്തിച്ചതാണെന്ന റിപ്പോർട്ടുകളുമുണ്ട്. മൂന്ന് മാസം മുൻപാണ് ഇത്തരമൊരു ബസിനെ കുറിച്ചുള്ള ആലോചന ആരംഭിച്ചത്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശത്തിന് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയതോടെ ബസിന് ഓർഡർ നൽകി. പിന്നീട് നിർമ്മാതാക്കൾ കറങ്ങുന്ന കസേര ചൈനയിൽ നിന്നെത്തിക്കുകയായിരുന്നു.
ബസിൽ പടി കയറേണ്ടതില്ലെന്ന പ്രത്യേകതയുമുണ്ട്. വാതിലിൽ ആളെത്തിക്കഴിഞ്ഞാൽ അത്യാധുനിക ഓട്ടമാറ്റിക് ലിഫ്റ്റ് ഇവരെ ബസിലെത്തിക്കും. പിന്നീട് ലിഫ്റ്റ് മടങ്ങി ബസിനുള്ളിലേക്കു തന്നെ മാറും. ഇത് കേരളത്തിൽ ആദ്യമായാണ് പരീക്ഷിക്കുന്നത്.
അതേസമയം, ബസ്സിനായി പ്രത്യേക ഇളവുകള്‍ വരുത്തികൊണ്ട് കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കായുള്ള നിയമത്തില്‍ ഭേദഗതി വരുത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കളർ കോഡ് ഉൾപ്പെടെയുള്ളവയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ചോക്ലേറ്റ് ബ്രൗൺ നിറമാണ് ബസിന് നൽകിയിരിക്കുന്നത്. സർക്കാർ ചിഹ്നവും ഇതിൽ പതിപ്പിച്ചിട്ടുണ്ട്.
ക്ഷാമകാലത്തെ ധൂർത്ത് എന്നാണ് പ്രതിപക്ഷം ഇതിനെ വിശേഷിപ്പിച്ചത്. ഒപ്പം നവകേരള സദസ് പരിപാടിയെയും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രൂക്ഷമായി ഭാഷയിൽ വിമർശിച്ചു. ആഡംബര ബസിനെക്കുറിച്ചുള്ള ചോദ്യങ്ങളും അവർ നിരന്തരം ഉയർത്തിയിരുന്നു.
എന്നാൽ ഇതിനൊക്കെ മറുപടിയുമായി ഗതാഗത മന്ത്രി ആന്റണി രാജു തന്നെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. നവകേരള സദസിനായി അനുവദിച്ചത് സാധാരണ ബെൻസ് ബസാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മറ്റ് ആർഭാടങ്ങൾ ഒന്നും തന്നെ ബസിൽ ഇല്ലെന്നും, ശുചിമുറി മാത്രമാണുള്ളതെന്നും ആന്റ്ണി രാജു വ്യക്തമാക്കി.
മുഖ്യമന്ത്രി ഉൾപ്പടെ 21 മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയിൽ പൈലറ്റ് വാഹനങ്ങൾ ഉൾപ്പടെ 75ഓളം വാഹനങ്ങൾ അനുവദിക്കേണ്ടി വരും. ഇത് വലിയ ചെലവാണെന്നും അതിനാലാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗതാഗത സെക്രട്ടറിയും, കെഎസ്ആർടിസി സിഎംഡിയുമായ ബിജു പ്രഭാകറും ഇതിനെ ന്യായീകരിച്ചു രംഗത്ത് വന്നിരുന്നു. മന്ത്രിമാർ ബസ് യാത്ര നടത്തുന്നത് പൊതുഗതാഗതത്തിന് പ്രോത്സാഹനമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.












Click it and Unblock the Notifications