Pooja Veppu Time: നവരാത്രി തുടങ്ങി; ഇനി ആഘോഷത്തിന്റെ നാളുകൾ, ഇത്തവണത്തെ പൂജവെയ്പ്പ് ഏത് ദിവസമെന്ന് അറിയാം
നവരാത്രി ആഘോഷത്തെ കുറിച്ചൊരു ആമുഖം ആവശ്യമില്ല. കന്നിമാസത്തിലെ കറുത്ത വാവ് കഴിഞ്ഞു വരുന്ന വെളുത്ത പക്ഷത്തിലെ പ്രഥമ മുതല്‍ നവമി വരെയുള്ള ഒമ്പത് ദിവസമാണ് സാധാരണയായി നവരാത്രിയായി കണക്കാക്കുന്നത്. ദേവിക്കുള്ള പൂജയാണ് നവരാത്രി പൂജ. ആദ്യ മൂന്നു നാളുകളില്‍ ദേവിയെ തമോഗുണയായ ദുര്‍ഗ രൂപത്തിലും, അടുത്തുള്ള മൂന്നു ദിവസങ്ങളില്‍ രജോ ഗുണയായ മഹാലക്ഷ്‌മി രൂപത്തിലും അവസാന മൂന്നു നാളുകളില്‍ സത്വ ഗുണയായ സരസ്വതി രൂപത്തിലുമാണ് ആരാധിക്കുന്നത്.
സാധാരണയായി ഒമ്പത് ദിവസം നീണ്ട വ്രതമാണ് നവരാത്രി ദിനത്തിലേത്. എന്നാൽ ഒമ്പത് ദിവസം എടുക്കാന്‍ കഴിയാത്തവര്‍ക്ക് ഏഴ്, അഞ്ച്, മൂന്ന്, ഒന്ന് എന്നിങ്ങനെയും വ്രതമെടുക്കാൻ സാധിക്കും. രാവിലെ ശുഭ്ര വസ്ത്രം ധരിച്ച് ദേവി പൂജയുമായാണ് നവരാത്രി ആഘോഷം. മത്സ്യം, മാംസം എന്നിവ വര്‍ജിക്കണം. ഒരു നേരം മാത്രമാണ് അരി ആഹാരം. രാത്രി ഭക്ഷണവും ഉപേക്ഷിക്കണം. മാനസികമായും ശാരീരികമായും ശുദ്ധി പാലിക്കണമെന്നതാണ് കാര്യം.

നവരാത്രിയോട് അനുബന്ധിച്ച് കേരളത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചടങ്ങ് എന്ന് പറയുന്നത് പുസ്‌തകങ്ങളും ആയുധങ്ങളും ഒക്കെ പൂജയ്ക്ക് വയ്ക്കുന്നതാണ്. പല ക്ഷേത്രങ്ങളിലും ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വിദ്യാരംഭവും ഇതിനോട് അനുബന്ധിച്ചുള്ള ചടങ്ങാണ്. ഇത്തവണത്തെ പൂജവെയ്പ്പും മറ്റും ഏത് ദിവസമാണ് എന്നറിയാം.
പൂജവെയ്പ്പ് തീയതിയും മറ്റ് വിവരങ്ങളും
ഈ വർഷത്തെ പൂജവെയ്പ്പ് ഒക്ടോബർ 18 ഞായറാഴ്‌ചയാണ്. കേരളത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാദേവതയായ സരസ്വതിയെ ആരാധിക്കുന്ന പ്രധാന ചടങ്ങാണ് പൂജവെയ്പ്പ്. പുസ്‌തകങ്ങൾ, പേനകൾ, സംഗീതോപകരണങ്ങൾ, പഠനസാമഗ്രികൾ, തൊഴിൽ ഉപകരണങ്ങൾ എന്നിവ ദേവിയുടെ മുന്നിൽ പൂജയ്ക്കായി സമർപ്പിക്കുന്നതാണ് ഈ ചടങ്ങിന്റെ പ്രധാന പ്രത്യേകത. അറിവിനും വിദ്യാഭ്യാസത്തിനും കലകൾക്കും പ്രാധാന്യം നൽകുന്ന ഈ ആചാരം കേരളത്തിലെ വീടുകളിലും ക്ഷേത്രങ്ങളിലും ആചരിക്കുന്നു.
പൂജവയ്പ്പ് ദിവസം വീടുകളിലും ക്ഷേത്രങ്ങളിലും പൂജാമുറികൾ വൃത്തിയാക്കി നിലവിളക്ക് തെളിയിക്കുകയും സരസ്വതിദേവിയുടെ ചിത്രം അല്ലെങ്കിൽ വിഗ്രഹം പൂക്കൾ കൊണ്ട് അലങ്കരിക്കുകയും ചെയ്യുന്നു. തുടർന്ന് പുസ്‌തകങ്ങൾ, നോട്ടുകൾ, പേനകൾ, സംഗീതോപകരണങ്ങൾ, തൊഴിൽ ഉപകരണങ്ങൾ എന്നിവ പൂജയ്ക്കായി സമർപ്പിക്കുന്നു. കുടുംബാചാരങ്ങൾക്കും ക്ഷേത്രരീതികൾക്കും അനുസരിച്ച് പൂജ നടത്താം. പൂജയ്ക്കുവച്ച പുസ്‌തകങ്ങളും പഠനോപകരണങ്ങളും പൂജയെടുപ്പ് വരെ ഉപയോഗിക്കാതിരിക്കുന്നതാണ് പരമ്പരാഗത രീതി.
2026ൽ പൂജവെയ്പ്പിന്റെ കൃത്യമായ മുഹൂർത്തം തീരുമാനിക്കുമ്പോൾ അഷ്‌ടമി തിഥിയുടെ സമയവും പ്രാദേശിക പഞ്ചാംഗവും പരിഗണിക്കണം. വിവിധ കലണ്ടറുകളിലും ക്ഷേത്രാചാരങ്ങളിലും തിഥികളുടെ സമയക്രമത്തിൽ വ്യത്യാസമുണ്ടാകാം. അതിനാൽ പൂജ ആരംഭിക്കേണ്ട കൃത്യമായ സമയം അറിയാൻ അടുത്തുള്ള ക്ഷേത്രത്തിന്റെ അറിയിപ്പോ പ്രാദേശിക പഞ്ചാംഗമോ കൂടി പരിശോധിക്കുന്നതാണ് നല്ലത്.
ഒക്ടോബര്‍ 19 തിങ്കളാഴ്‌ചയാണ് ദുർഗാഷ്‌ടമി. ഒക്ടോബര്‍ 20 ചൊവ്വാഴ്‌ചയാണ് മഹാനവമി. ആയുധപൂജ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ഈ ദിവസമാണ് നടക്കുന്നത്. കേരളത്തിലെ ഔദ്യോഗിക അവധി പട്ടികയില്‍ മഹാനവമി ദിനവും ഉണ്ടെന്നതാണ് പ്രധാന കാര്യം. ഒക്ടോബര്‍ 21 ബുധനാഴ്‌ചയാണ് വിജയദശമി. അന്നാണ് പൂജയെടുപ്പും വിദ്യാരംഭവും നടക്കുന്നത്. കുട്ടികള്‍ ആദ്യാക്ഷരം കുറിച്ച് ഔപചാരികമായി പഠനത്തിലേക്ക് കടക്കുന്നതും വിജയദശമി ദിനത്തിലായിരിക്കും,.
നവരാത്രി ആഘോഷങ്ങൾ
കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഇക്കാലയളവിൽ ഒൻപത് ദിവസത്തിലധികം നീളുന്ന ആഘോഷ പരിപാടികളാണ് നടക്കുക. നൃത്തനൃത്യങ്ങളും കലാപരിപാടികളും സപ്‌താഹ യജ്ഞങ്ങളും ഒക്കെയായി ക്ഷേത്രങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ ആഘോഷ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. അടുത്ത 8 ദിവസവും ഇത് തുടരും.


Click it and Unblock the Notifications
