തന്നെ എത്രയും വേഗം ശിക്ഷിച്ചോളൂവെന്ന് ചെന്താമര; മനസ്താപമില്ലാത്ത കൊലയാളിയെന്ന് പോലീസ്, റിമാൻഡ് ചെയ്‌തു
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമര റിമാൻഡിൽ. ഫെബ്രുവരി 12 വരെയാണ് പ്രതിയെ റിമാൻഡ് ചെയ്‌തിരിക്കുന്നത്. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്. ചെന്താമരയെ റിമാൻഡ് കാലയളവിൽ ആലത്തൂർ സബ് ജയിലിലായിരിക്കും പാർപ്പിക്കുക. ചെയ്‌ത തെറ്റിൽ യാതൊരു കുറ്റബോധവും കൂടാതെയാണ് പ്രതി ചെന്താമര മജിസ്‌ട്രേറ്റിന് മുന്നിൽ നിന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തന്റെ പദ്ധതികൾ കൃത്യമായി നടപ്പാക്കിയതിന്റെ സന്തോഷമാണ് പ്രതിയ്ക്ക് ഉള്ളതെന്നും കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. അത് തെളിയിക്കുന്ന സംഭവ വികാസങ്ങളാണ് ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ നടന്നത്.

മറ്റ് പരിക്കുകൾ എന്തെങ്കിലും ഉണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ തനിക്കൊരു ഒരുകാര്യം പറയാനുണ്ടെന്ന് ചെന്താമര കോടതിയിൽ അറിയിക്കുകയായിരുന്നു. തന്നെ എത്രയും വേഗം ശിക്ഷിക്കണം എന്നായിരുന്നു കോടതിയിൽ ചെന്താമര ഉന്നയിച്ച ആവശ്യം. എല്ലാ ചെയ്‌തത് ഒറ്റയ്ക്കാണെന്നും തനിക്ക് പരിക്കുകൾ ഒന്നുമില്ലെന്നും ഒരു പരാതിയും ഇല്ലെന്നും പ്രതി കോടതിയെ ബോധിപ്പിച്ചു.
മകളുടെയും മരുമകന്റെയും മുന്നിൽ തല കാണിക്കാൻ പറ്റില്ലെന്നും ചെന്താമര കോടതിയിൽ പറഞ്ഞിരുന്നു. മകൾ എഞ്ചിനീയറാണെന്നും മകൻ ക്രൈം ബ്രാഞ്ചിലാണെന്നും ഇയാൾ കോടതിയിൽ വ്യക്തമാക്കി. അതേസമയം, കൊല നടത്തിയത് പൂര്‍വ വൈരാഗ്യം മൂലമാണെന്നും പ്രതിയിൽ നിന്ന് അയൽവാസികള്‍ക്ക് തുടര്‍ച്ചയായ വധ ഭീഷണിയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
ചെന്താമര പുറത്തിറങ്ങിയാൽ പ്രദേശത്തിന് ഒന്നാകെ ഭീഷണിയാണെന്നും റിപ്പോർട്ടിൽ പോലീസ് ചൂണ്ടിക്കാണിക്കുന്നു. 2019 മുതൽ സുധാകരന്റെ കുടുംബത്തോട് പ്രതിയ്ക്ക് വൈരാഗ്യമുണ്ടെന്നാണ് പാലക്കാട് എസ്‌പി അജിത് കുമാർ പറഞ്ഞത്. ഭാര്യ പിരിഞ്ഞു പോയത് സജിതയുടെ കുടുംബം കാരണമാണെന്ന് പ്രതി കരുതിയെന്നും ആ പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിയുടെ രീതികൾ തമ്മിൽ നല്ല വ്യത്യാസമുണ്ട്. ഒരു കടുവയാണ് താനെന്നാണ് ഇയാൾ സ്വയം കരുതിയിരിക്കുന്നത്. വിഷം കുടിച്ചെന്ന പ്രതിയുടെ അവകാശവാദം പോലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ലെന്നും അന്വേഷണത്തെ വഴിതിരിച്ചുവിടാൻ കെട്ടിച്ചമച്ചതാണ് ഇതെന്ന് സംശയിക്കുന്നതായും പാലക്കാട് എസ്‌പി ചൂണ്ടിക്കാട്ടി.
രണ്ട് മാസം മുൻപ് ജാമ്യത്തിലിറങ്ങിയ ചെന്താമര, അയല്‍വാസിയായ സുധാകരന്‍, അമ്മ ലക്ഷ്‌മി എന്നിവരെ കൊലപ്പെടുത്തുകയായിരുന്നു. 2019-ലാണ് വൈരാഗ്യത്തിന് ആസ്‌പദമായ സംഭവം. ചെന്താമരയുമായി ഭാര്യ തെറ്റിപ്പിരിഞ്ഞിരുന്നു. അതിന് കാരണമെന്ന് കരുതിയ സജിതയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ ജയിലിലായത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം സജിതയുടെ ഭർത്താവായ സുധാകരൻ, അമ്മ ലക്ഷ്‌മി എന്നിവരെയും കൊലപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications