ബലാത്സംഗക്കുറ്റം കൂടി ചുമത്തി, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് മേൽ കുരുക്ക് മുറുക്കി പോലീസ്
തിരുവനന്തപുരം: സുഹൃത്തായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് എതിരെ ബലാത്സംഗക്കുറ്റം ചുമത്തി. ജില്ലാ ക്രൈംബ്രാഞ്ചാണ് എംഎല്‍എയ്ക്ക് മേല്‍ ബലാത്സംഗം അടക്കമുളള കൂടുതല്‍ വകുപ്പുകള്‍ ചുമത്തി നെയ്യാറ്റിന്‍കര കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇതോടെ എല്‍ദോസ് കുന്നപ്പിള്ളിയുടെ അറസ്റ്റിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
അധ്യാപികയായ യുവതിയെ മര്‍ദ്ദിച്ചു എന്നായിരുന്നു ആദ്യം പോലീസ് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ എഫ്‌ഐആറിട്ടത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്. മര്‍ദ്ദനം, സ്ത്രീത്വത്തെ അപമാനിക്കല്‍, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, തട്ടിക്കൊണ്ട് പോകല്‍ എന്നീ കുറ്റങ്ങളായിരുന്നു ചുമത്തിയിരുന്നത്. പിന്നീട് ജില്ലാ മജിസ്‌ട്രേറ്റിന് പരാതിക്കാരി നല്‍കിയ വിശദമായ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് എംഎല്‍എയ്ക്ക് മേല്‍ ബലാത്സംഗക്കുറ്റം കൂടി ചുമത്തിയിരിക്കുന്നത്.

പരാതിക്കാരി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. എല്‍ദോസ് കുന്നപ്പിള്ളി തന്റെ കഴുത്തില്‍ കുരിശുമാല അണിയിക്കുകയും സംരക്ഷിക്കാം എന്ന് വാക്ക് നല്‍കുകയും ചെയ്തതായി യുവതിയുടെ മൊഴിയിലുണ്ട്. മാത്രമല്ല കോവളത്ത് വെച്ച് ഈ മാസം 14ന് എംഎല്‍എ പിഎയുടേയും സുഹൃത്തിന്റെയും മുന്നിലിട്ട് തന്നെ മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. പിഎയേയും സുഹൃത്തിനേയും ബന്ധപ്പെടാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. യുവതിയുടെ വിശദമായ വൈദ്യപരിശോധന നടത്തും.
Skin: നിങ്ങൾക്കറിയാമോ ഐസ് ക്യൂബ് ഉണ്ടെങ്കിൽ മുഖം മിന്നിത്തിളങ്ങും..
നിയമസഭാംഗമായത് കൊണ്ട് തന്നെ സ്പീക്കറുടെ അനുമതിയോട് കൂടി മാത്രമേ അറസ്റ്റ് അടക്കമുളള തുടര്‍നടപടികളിലേക്ക് പോലീസിന് കടക്കാന്‍ സാധിക്കുകയുളളൂ. അനുമതിക്കായി ക്രൈംബ്രാഞ്ച് സ്പീക്കറെ സമീപിക്കും. അതേസമയം താന്‍ നിരപരാധിയാണ് എന്ന് വ്യക്തമാക്കി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും വിശ്വസിക്കുന്ന ദൈവം മാത്രമാണ് തുണയെന്നും എംഎല്‍എ പോസ്റ്റില്‍ പറയുന്നു. കേസെടുത്തതിന് പിന്നാലെ എംഎല്‍എ ഒളിവില്‍ പോയിരിക്കുകയാണ്. എംഎല്‍എയുടെ ഫോണും സ്വിച്ച്ഡ് ഓഫാണ്.












Click it and Unblock the Notifications