ആദ്യ കത്തിൽ ഉമ്മൻചാണ്ടിയില്ല, പേര് പറയാൻ പിസി ജോർജ് 2 കോടി വാഗ്ദാനം ചെയ്തു? സരിതയുടെ പുതിയ കത്ത്?
കോട്ടയം: ഒരിടവേളയ്ക്ക് ശേഷമാണ് കേരള രാഷ്ട്രീയത്തില്‍ സോളാര്‍ കേസ് കോളിളക്കം സൃഷ്ടിക്കുന്നത്. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഉമ്മന്‍ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ കുരുക്കിലായി. നവംബറില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് സോളാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. അതിനിടെ പോലീസിനെ വട്ടം കറക്കി സരിത എസ് നായരുടെ ഒരു കത്ത് കൂടി പ്രചരിക്കുന്നു. പുതിയ കത്ത് വ്യാജനാണോ ഒറിജിനലാണോ എന്നതിന് സ്ഥിരീകരണമില്ല.

പുതിയ കത്ത് പ്രചരിക്കുന്നു
സോളാര്‍ കേസിലെ മുന്‍ അന്വേഷണ സംഘത്തിന് എതിരെ സരിത എസ് നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഈ കത്ത് കൂടാതെയാണ് ഒരു പുതിയ കത്ത് കൂടി പ്രചരിക്കുന്നതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രിക്ക് നല്‍കിയ കത്തും ഇതിന് മുന്‍പ് പുറത്ത് വന്ന കത്തുകളും തമ്മില്‍ പൊരുത്തപ്പെടുന്നില്ലത്രേ.

യഥാർത്ഥ കത്തിൽ പേരില്ല
അട്ടക്കുളങ്ങര ജയിലില്‍ വെച്ചെഴുതിയ കത്താണ് തന്റെ യഥാര്‍ത്ഥ കത്ത് എന്നാണ് സരിത സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഈ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്ലെന്ന് മംഗളം പറയുന്നു.

പുതിയ നേതാക്കളുടെ പേരും
അതേസമയം മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്ന കത്തിലെ പ്രധാന ആരോപണം ഉമ്മന്‍ചാണ്ടിക്ക് എതിരെയാണ്. മാത്രമല്ല പുതിയ നേതാക്കളുടെ പേരും ഈ കത്തിലുണ്ടെന്ന് മംഗളം വാര്‍ത്തയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇവരുടെ പേര് ആദ്യത്തെ കത്തില്‍ ഇല്ലത്രേ.

ചെന്നിത്തലയുടെ പേരും?
സരിതയുടേത് എന്ന പേരില്‍ പ്രചരിക്കുന്ന പുതിയ കത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പിസി ജോര്‍ജ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി എന്നിവരുടെ പേരുകളുണ്ടെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഈ കത്തിന്റെ സാധുതയാണ് പോലീസിനെ കുഴയ്ക്കുന്നത്.

കോടികൾ വാഗ്ദാനം ചെയ്തോ
തന്റെ അഭിഭാഷകന് സരിത എഴുതി നല്‍കിയ കത്താണ് ഇതെന്നും മംഗളം പറയുന്നു. ഉമ്മന്‍ചാണ്ടിക്കും കെബി ഗണേഷ് കുമാറിനും എതിരെ മൊഴി നല്‍കുന്നതിന് വേണ്ടി പിസി ജോര്‍ജ് തനിക്ക് 2 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണത്രേ ഈ കത്തിലുള്ളത്.

ചെന്നിത്തലയും പിസിയും ഒറ്റക്കെട്ട്
രണ്ട് കോടി എന്നത് പിന്നീട് 5 കോടിയായി ഉയര്‍ത്തിയെന്നും ഇക്കാര്യത്തില്‍ ചെന്നിത്തലയും പിസി ജോര്‍ജും ഒറ്റക്കെട്ടായിരുന്നുവെന്നും കത്തില്‍ പറയുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ചെന്നിത്തലയെ മന്ത്രിസഭയില്‍ കയറ്റാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ പിസി ജോര്‍ജാണെന്നും കത്തിലുണ്ടത്രേ.

യൂസഫലിക്കെതിരെ പരാമർശമെന്ന്
വല്ലാര്‍പാടത്ത് കായല്‍ നികത്തി ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് എംഎ യൂസഫലിക്കെതിരെ പരാമര്‍ശമുള്ളതെന്നും മംഗളം വാര്‍ത്തയില്‍ പറയുന്നു. ഈ ഭൂമി വാങ്ങിയത് യൂസഫലി ആണെന്നും ആ കച്ചവടത്തില്‍ തനിക്ക് പങ്കുണ്ടെന്നുമാണ് കത്തിലെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

കൈമാറിയത് കോടികളെന്ന്
ഉമ്മന്‍ചാണ്ടിക്ക് 5.55 കോടി രൂപ നല്‍കിയെന്നും കത്തില്‍ പറയുന്നുണ്ടത്രേ. ഡെല്‍ഹി വിജ്ഞാന്‍ ഭവനിലെ മീറ്റിങ്ങിന് ശേഷമാണ് അതില്‍ 2.15 കോടി രൂപ കൈമാറിയതത്രേ.

സഹായിയുടെ വീട്ടിലും പണമെത്തിച്ചു
പിന്നീട് തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം കാറില്‍ വെച്ച് 1.10 കോടി രൂപയും ദില്ലിയിലെ ഉമ്മന്‍ചാണ്ടിയുടെ സഹായി തോമസ് കുരുവിളയുടെ ഇടപ്പഴഞ്ഞിയിലെ വീട്ടില്‍ വെച്ച് 2.30 കോടി രൂപയും നല്‍കി എന്നും കത്തിലുള്ളതായി മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നു.

കത്തിലെ കണക്ക് വ്യത്യസ്തം
എന്നാല്‍ കഴിഞ്ഞ ദിവസം സരിത മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തിലെ കണക്കും ഇതും തമ്മില്‍ പൊരുത്തപ്പെടുന്നതല്ല. പിണറായിക്ക് നല്‍കിയ കത്തില്‍ പറയുന്നത് 1.90 കോടി രൂപ ഉമ്മന്‍ചാണ്ടിക്ക് നല്‍കിയെന്നാണ്. ഈ വൈരുദ്ധ്യങ്ങളാണ് പോലീസിനെ കുഴക്കുന്നതത്രേ.












Click it and Unblock the Notifications