'ബല്‍റാമിനെ കണ്ടാല്‍ എംബി രാജേഷ് മിണ്ടില്ലേ': പ്രചരണത്തിന് മറുപടിയുമായി എംബി രാജേഷ്
തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സർക്കാറിലെ പുതിയ മന്ത്രിയായി എംബി രാജേഷ് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തുന്നു. എംവി ഗോവിന്ദന്‍ വഹിച്ചിരുന്ന തദ്ദേശ സ്വയംഭരം-എക്സൈസ് വകുപ്പുകള്‍ തന്നെ എംബി രാജേഷിനും കിട്ടുമെന്നാണ് സൂചന.
അതേസമയം, ലഭിക്കുന്ന വകുപ്പ് ഏത് തന്നെയായാലും അഴിമതിക്കും നീതിരാഹിത്യത്തിനും കൂട്ടുനില്‍ക്കില്ലെന്ന് മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ മന്ത്രി വ്യക്തമാക്കി. അത് ജനങ്ങള്‍ക്ക് നല്‍കുന്ന എന്റെ വാക്കാണെന്നും അദ്ദേഹം പറഞ്ഞു.

ഏത് വകുപ്പാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. പാർട്ടി ഏല്‍ക്കുന്ന ഏത് ചുമതലയും കഴിവിന്റെ പരമാവധി ഭംഗിയായി ചെയ്യാന്‍ ശ്രമിക്കും. സ്പീക്കർ പദവിയിലിരുന്ന കാലയളവ് തന്റെ വ്യക്തിത്വത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. സ്പീക്കറായിരുന്നപ്പോള്‍ ചില വിമർശനങ്ങള്‍ വന്നിട്ടുണ്ട്. അതിനെ വളരെ പോസീറ്റിവായാണ് കാണുന്നത്. ജനാധിപത്യത്തില്‍ ആരും വിമർശനത്തിന് അതീതരല്ല. വിമർശനങ്ങള്‍ സ്വയം വിലയിരുത്തുമെന്നും എംബി രാജേഷ് പറഞ്ഞു.
സാരിയില്‍ ഇത്ര സുന്ദരിയായി വേറെയാരുണ്ട്: കറുപ്പിലാറാടി വിദ്യാ ബാലന്‍, വൈറല്‍ ചിത്രങ്ങള്‍

അതേസമയം, തൃത്താല മുന്‍ എം എല്‍ എയും നിലവിലെ കെ പി സി സി വൈസ് പ്രസിഡന്റുമായ വിടി ബല്‍റാമുമായി വ്യക്തിപരമായി അകല്‍ച്ചയിലാണെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പിലെ മത്സരം തങ്ങള്‍ രണ്ടുപേരും ആ നിലയ്ക്ക് മാത്രമാണ് കാണുന്നത്. അദ്ദേഹവുമായി എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടെന്നത് തീർത്തും വാസ്തവ വിരുദ്ധമായ കാര്യമാണ്.

ഞങ്ങള്‍ രണ്ടുപേരും നല്ല ബന്ധത്തിലൂടെയാണ് കടന്ന് പോകുന്നത്. അതിന് ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ സാധിക്കും. വിടി ബല്‍റാം തൃത്താലയുടെ എം എല്‍ എ ആയിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് തൃത്താല സർക്കാർ കോളേജിന്റെ കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനം നടക്കുന്നത്. ഞാന്‍ എം എല്‍ എ ആയിരുന്നപ്പോഴാണ് ഉദ്ഘാടനം നടക്കുന്നത്. ആ സമയത്ത് ഞാന്‍ തന്നെ അദ്ദേഹത്തെ നേരിട്ട് വിളിച്ചു.

ഞാന്‍ വരണോ എന്നായിരുന്നു ബല്‍റാമിന്റെ ചോദ്യം. തീർച്ചയായും വരണം എന്ന് ഞാന്‍ മറുപടി നല്‍കി. ആ ഉദ്ഘാടന വേളയില്‍ ഞങ്ങള്‍ ഒരുമിച്ച് തന്നെ സ്റ്റേജിന്റെ മുന്‍ നിരയിലുണ്ടായിരുന്നു. ആനക്കരയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഒരു കെട്ടിടം നിര്‍മിച്ചതും വി ടി ബല്‍റാമിന്റെ ഫണ്ട് ഉപയോഗിച്ചാണ്. ആ ഉദ്ഘാടന ചടങ്ങിലേക്കും ബല്‍റാമിനെ ക്ഷണിക്കാന്‍ പറഞ്ഞിരുന്നു. ഞാനും അദ്ദേഹത്തെ നേരിട്ട് വിളിച്ചിരുന്നുവെന്നും എംബി രാജേഷ് വ്യക്തമാക്കുന്നു.

അതേസമയം, സത്യപ്രതിജ്ഞ ചടങ്ങില്‍ പിണറായി വിജയൻ, സംസ്ഥാന മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സി പി ഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ, എം എൽ എമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, എംബി രാജേഷിന്റെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ തുടങ്ങിയവർ പങ്കെടുത്തു. സ്പീക്കർ എന്ന നിലയിൽ തന്റെ പ്രവർത്തനങ്ങൾക്ക് നൽകിയ സഹകരണം മന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്കും നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.












Click it and Unblock the Notifications