ഒന്ന് പിഴച്ചാല്‍ എല്ലാം തീര്‍ന്നു, വീണയ്ക്കുള്ളത് ശൈലജയ്ക്കില്ലാത്ത വെല്ലുവിളി, ആദ്യത്തേത് ഇങ്ങനെ
തിരുവനന്തപുരം: സിപിഎം മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചതോടെ ആരോഗ്യ മന്ത്രിയുടെ കാര്യത്തിലും തീരുമാനമായിരിക്കുകയാണ്. വീണാ ജോര്‍ജാണ് ആരോഗ്യ മന്ത്രിയാവുന്നത്. നേരത്തെ തന്നെ ആരോഗ്യ മന്ത്രി പദത്തിലേക്ക് ഒരു വനിത തന്നെ വരുമെന്ന സൂചനകളുണ്ടായിരുന്നു. പക്ഷേ വീണയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. ഒരു ചെറിയ പിഴവ് പോലും സര്‍ക്കാരിനെ മൊത്തത്തില്‍ ബാധിക്കാനുള്ള സാഹചര്യമുണ്ടാവും. അതിനെ വീണ എങ്ങനെ നേരിടുമെന്നതാണ് ഇനി കണ്ടറിയാനുള്ളത്.

ഒന്ന് പിഴച്ചാല്‍
ആരോഗ്യ മന്ത്രിയായി വീണയ്ക്കുള്ള പ്രധാന വെല്ലുവിളി ശൈലജയെ പോലെ ജനകീയയാവുക എന്നതാണ്. ശൈലജയ്ക്കില്ലാത്ത വെല്ലുവിളിയാണ് വീണയ്ക്ക് നേരിടാനുള്ളത്. കൊവിഡ് പ്രതിരോധത്തിലും നിപ്പയിലും കേരളത്തെ താങ്ങി നിര്‍ത്തിയാണ് ശൈലജ ബ്രാന്‍ഡായി മാറിയത്. വീണയ്ക്കുള്ള മുന്നിലുള്ള ആദ്യ വെല്ലുവിളി കൊവിഡ് പ്രതിരോധം ശൈലജ ടീച്ചര്‍ നടത്തി കാണിച്ചതിനും മുകളിലേക്കോ അതിനൊപ്പമോ എത്തിക്കുകയെന്നതാണ്. ഇതില്‍ അവര്‍ക്ക് വിജയിച്ചേ പറ്റൂ. ഒന്ന് പിഴച്ചാല്‍ വലിയ വിമര്‍ശനങ്ങള്‍ ഉറപ്പാണ്.

ശൈലജയുമായി താരതമ്യം
ശൈലജയുമായി വീണയെ താരതമ്യം ചെയ്യുമെന്ന കാര്യം ഉറപ്പാണ്. എന്തെങ്കിലും പിഴവ് വീണയുടെ കാര്യത്തില്‍ ഉണ്ടായാല്‍ ശൈലജ അത് നന്നായി ചെയ്യുമായിരുന്നുവെന്ന വിമര്‍ശനങ്ങളും ധാരാളം വരാം. ശൈലജയെ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം കേരളത്തിലുണ്ട്. അവരുടെ ഇഷ്ടക്കേടും വീണാ ജോര്‍ജ് നേരിടേണ്ടി വരും. ഇവരെ കൈയ്യിലെടുക്കുക എന്ന വലിയ ദൗത്യം വീണയ്ക്ക് മുന്നിലുണ്ട്. അതിന് ശൈലജയ്ക്ക് സമാനമായൊരു ഇമേജ് വീണ ഉണ്ടാക്കേണ്ടി വരും.

ആരോഗ്യ പ്രവര്‍ത്തകരുടെ പിന്തുണ
നിപ്പയുടെ സമയത്തും കൊവിഡിന്റെ സമയത്തും എല്‍ഡിഎഫ് സര്‍ക്കാരില്‍ ഏറ്റവുമധികം ജോലി ചെയ്ത മന്ത്രിയാണ് ശൈലജ. ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരും അടക്കം ശൈലജയെ വിശ്വസിച്ചിരുന്നു. എന്തിനും മന്ത്രി മുന്നിലുണ്ടാവുമെന്ന വിശ്വാസവും അവര്‍ക്കുണ്ടായിരുന്നു. അത് വീണയ്ക്ക് തുടക്കത്തില്‍ തന്നെ കിട്ടാന്‍ പ്രയാസമാണ്. അവര്‍ അത് നേടിയെടുക്കേണ്ടി വരും. നടപടികളില്‍ വിട്ടുവീഴ്ച്ചയില്ലാതെ അതേസമയം തന്നെ ഏറ്റവും നല്ല പെരുമാറ്റത്തോടെ ഇടപെട്ടാല്‍ മാത്രമേ ഇക്കാര്യം സാധിക്കൂ.

ആറന്മുളയുടെ വികസനം
ആരോഗ്യ മന്ത്രി സ്ഥാനത്തിനൊപ്പം ആറന്മുളയുടെ വികസനവും ഒപ്പം കൊണ്ടുപോവുക മറ്റൊരു കാര്യമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം ഗംഭീര പ്രകടനമായിരുന്നു വീണ ആറന്മുളയില്‍ നടത്തിയത്. ഇത്തവണ അതും മന്ത്രിപദത്തിനൊപ്പമുള്ള കടമയാണ്. സിപിഎം അവരെ ആറന്മുളയില്‍ പരീക്ഷിച്ചത് തന്നെ ചില സമവാക്യങ്ങള്‍ ഒന്നിച്ച് വരുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ്. ഇത്തവണ സഭാ വോട്ടുകളും നായര്‍ വോട്ടുകളും കൂടുതലായി വന്നതോടെ 20000 വോട്ടിന് അടുത്തെത്തി അവരുടെ ഭൂരിപക്ഷം.

ബ്രാന്‍ഡായി മാറിയാല്‍
വീണ ജോര്‍ജ് ബ്രാന്‍ഡായി മാറിയാലും ചില പ്രശ്‌നങ്ങളുണ്ട്. പാര്‍ട്ടിക്ക് മുകളിലേക്ക് വളരുന്നുവെന്ന് തോന്നുന്ന എല്ലാ നേതാക്കളെയും അടുത്ത ടേമില്‍ വെട്ടിനിരത്തപ്പെടാറുണ്ട്. അതിപ്പോ പിണറായി മുതല്‍ അങ്ങനെ ഉണ്ടായിട്ടുണ്ട്. വിഎസ്സിന് അങ്ങനെ നേരിടേണ്ടി വന്നെങ്കിലും പാര്‍ട്ടി അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന് വഴങ്ങി. ശൈലജ ഇപ്പോള്‍ പുറത്തായി. വീണ സര്‍ക്കാരിന് മുകളിലോ മുഖ്യമന്ത്രിക്ക് മുകളിലോ വളരാതിരിക്കുക എന്നതും സിപിഎമ്മിന്റെ അപ്രഖ്യാപിത നയങ്ങളില്‍ വരുന്നതാണ്. അതേസമയം അവര്‍ മികച്ച മന്ത്രിയായിരിക്കുമെന്ന് നേരത്തെ എംഎല്‍എ പദവിയിലെ പ്രവര്‍ത്തനത്തില്‍ നിന്ന് വ്യക്തമാണ്.
Recommended Video

രണ്ട് പിന്തുണ
ശൈലജയുടെയും സാധാരണ പ്രവര്‍ത്തകരുടെയും പിന്തുണ ഉറപ്പാക്കുകയാണ് മറ്റൊരു വെല്ലുവിളി. ആരോഗ്യ മേഖലയില്‍ തിളങ്ങിയ മന്ത്രിയുടെ പിന്തുണയുടെയും കാര്യങ്ങള്‍ കുറച്ച് കൂടെ നന്നായി മുന്നോട്ട് പോകും. കൊവിഡ് കേസുകള്‍ ഇനിയും കൂടുകയാണെങ്കില്‍ വീണ പ്രതിരോധത്തിലാവുകയും ചെയ്യും. വീണ മാത്രമല്ല, സര്‍ക്കാര്‍ തീരുമാനവും ചോദ്യം ചെയ്യപ്പെടാം. ആരോഗ്യ മേഖലയിലെ ഏകോപനം ഇക്കാര്യത്തില്‍ നിര്‍ണായകമാകും. ശൈലജയെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയുടെ യുവനേതാക്കള്‍ അടക്കം നല്ല രീതിയില്‍ പിന്തുണച്ചില്ലെങ്കിലും വീണയ്ക്ക് വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ഇതൊക്കെ ഒരു ഭരണാധികാരിയുടെ മെയ് വഴക്കത്തോടെ പരിഹരിച്ചാല്‍ വീണ വിജയിക്കുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications