കൊച്ചി വിമാനത്താവളത്തിന് അടുത്ത് പുതിയ റെയിൽവേ സ്‌റ്റേഷൻ; വന്ദേ ഭാരതിന് സ്‌റ്റോപ്പ്, ചിലവ് 19 കോടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ സ്‌റ്റേഷൻ വരുന്നു. കൊച്ചിയുടെ വികസന സ്വപ്‌നങ്ങൾക്ക് കുതിപ്പേകുന്ന പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് ലഭ്യമായ വിവരം. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടലിന് പിന്നാലെ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർഎൻ സിംഗ് സ്ഥലം സന്ദർശിച്ച് എസ്‌റ്റിമേറ്റ് തയ്യാറാക്കാൻ നിർദ്ദേശം നൽകിയെന്നാണ് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്.
ഒരു വർഷത്തിനകം നിർമാണം പൂർത്തീകരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി റെയിൽവേ സ്‌റ്റേഷൻ നിർമാണ പ്രവർത്തനങ്ങളിലേക്ക് ദക്ഷിണ റെയിൽവേ കടക്കുകയാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എയർപോർട്ട് യാത്രികർക്ക് വലിയ ആശ്വാസമാകുന്ന ദീർഘനാളത്തെ ആവശ്യമാണ് യാഥാർഥ്യമാവാൻ പോവുന്നത്. നെടുമ്പാശ്ശേരി എയർപോർട്ടിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് തീരുമാനം ഗുണമാവും.

പുതുക്കിയ എസ്‌റ്റിമേറ്റ് പ്രകാരം 19 കോടി രൂപയാണ് ഇതിന്റെ നിർമ്മാണ ചിലവായി കണക്കാക്കുന്നത്. ഇതിന് ഉടൻ അംഗീകാരമാകുന്നതോടെ കരാർ ക്ഷണിച്ച് ഒരു വർഷത്തിനകം പൂർത്തിയാക്കുക സാധ്യമാവും. നിലവിലെ സോളാർ പാടത്തിന് സമീപത്തായാണ് പുതിയ റെയിൽവേ സ്‌റ്റേഷൻ നിർമ്മിക്കുക. കൊച്ചിൻ എയർപോർട്ട് റെയിൽവേ സ്‌റ്റേഷൻ എന്നായിരിക്കും പുതിയ സ്‌റ്റേഷന് നൽകുന്ന പേര്.
കേരളത്തിൽ നിന്നുള്ള ഇ അഹമ്മദ് കേന്ദ്രമന്ത്രിയായിരിക്കെ 2010ൽ നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്‌റ്റേഷന് തറക്കല്ലിട്ടിരുന്നെങ്കിലും പദ്ധതി മുന്നോട്ടുപോയിരുന്നില്ല. പിന്നീട് ഇത്രയും കാലം മരവിപ്പിലായിരുന്ന പദ്ധതിക്ക് അടുത്തിടെയാണ് ജീവൻ വച്ചത്. അതിനിടെ ബെന്നി ബഹനാൻ എംപി അടുത്തിടെ ലോക്‌സഭയിൽ വിഷയം ഉന്നയിക്കുകയും ചെയ്‌തിരുന്നു.
അത്താണി ജംക്‌ഷൻ-എയർപോർട്ട് റോഡിലെ മേൽപാലം കഴിഞ്ഞാകും പ്രസ്‌തുത റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമുകൾ തുടങ്ങുക. 24 കോച്ച് ട്രെയിനുകൾ നിർത്താനാകുന്ന 2 പ്ലാറ്റ്‌ഫോമുകൾ ആയിരിക്കും സ്‌റ്റേഷനിൽ ഒരുക്കുക. 2 വന്ദേഭാരത് ട്രെയിനുകൾക്കും ഇന്റർസിറ്റി ട്രെയിനുകൾ ഉൾപ്പെടെയുള്ളവയ്ക്കും ഇവിടെ സ്‌റ്റോപ്പ് അനുവദിക്കും. ഇത് യാത്രക്കാർക്ക് ഏറെ ഗുണകരമാവും.
മേൽപാലത്തിന് താഴെയുള്ള റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ വിമാനത്താവളത്തിലെത്തും എന്നതാണ് ഏറ്റവും വലിയ ഗുണം. ഈ റൂട്ടിൽ ഇലക്ട്രിക് ബസ് ഏർപ്പെടുത്താമെന്ന് കൊച്ചി വിമാനത്താവള കമ്പനി അധികൃതർ (സിയാൽ) റെയിൽവേയെ അറിയിച്ചിട്ടുമുണ്ട്. ഇതോടെ എറണാകുളത്ത് ട്രെയിനിൽ വന്നിറങ്ങുന്നവർക്ക് എയർപോർട്ട് കൂടുതൽ അടുത്താവും.
നിലവിൽ എറണാകുളത്തെ ആലുവ റെയിൽവേ സ്‌റ്റേഷനാണ് യാത്രക്കാർ എയർപോർട്ടിൽ എത്താനായി വ്യാപകമായി ഉപയോഗിക്കുന്നത്. എന്നാൽ ഇവിടെ വന്നിറങ്ങുന്നവർ ടാക്‌സിയിൽ എയർപോർട്ടിലേക്ക് പോകാൻ 600 രൂപയ്ക്കടുത്ത് ചെലവാക്കേണ്ടി വരും. മാത്രമല്ല വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് ആലുവയിൽ സ്‌റ്റോപ്പും അനുവദിച്ചിട്ടില്ല.












Click it and Unblock the Notifications