കേരളത്തിലെ എൻഎച്ച് 66 നിർമ്മാണം 2028 മാർച്ചോടെ പൂർത്തിയാകുമെന്ന് കേന്ദ്രം; ആശങ്കയായി അഴിയൂർ-വെങ്ങളം റീച്ച്
കൊച്ചി: കേരളത്തിലെ 645 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാത 66ന്റെ നിർമ്മാണം 2028 മെയ് മാസത്തോടെ പൂർത്തിയാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി ലോക്‌സഭയിൽ അറിയിച്ചു. എംപിമാരായ ഷാഫി പറമ്പിലും കെസി വേണുഗോപാലും ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കർണാടക അതിർത്തിയിലെ തലപ്പാടി മുതൽ തമിഴ്‌നാട് അതിർത്തിയിലെ കാരോട് വരെയാണ് ആറുവരിപ്പാതയായ ദേശീയപാത 66 കടന്നുപോകുന്നത്. പ്രധാന റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ 2027 ഏപ്രിൽ 30നകം പൂർത്തിയാക്കാനാണ് നിലവിലെ ലക്ഷ്യം. എന്നാൽ എലിവേറ്റഡ് ഹൈവേ ഭാഗങ്ങളുടെ നിർമ്മാണം പൂർത്തിയാക്കാൻ അതിന് ശേഷം ഒരു വർഷം കൂടി വേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തലപ്പാടി-ചെങ്കള, വെങ്ങളം-രാമനാട്ടുകര ഭാഗങ്ങൾ ഉദ്ഘാടനം ചെയ്‌തിരുന്നു. മറ്റ് ഏഴ് പ്രധാന റീച്ചുകളിലായി ഏകദേശം 85 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ മൊത്തം ജോലികൾ ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി തന്നെ അറിയിച്ചത്.
കേരളത്തിൽ ആവശ്യത്തിന് ക്വാറി കല്ലും മണ്ണും ലഭിക്കാത്തതാണ് നിർമ്മാണം വൈകാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ഗ്രാനൈറ്റ് കൊണ്ടുപോകുന്നതിന് തമിഴ്‌നാട് ഏർപ്പെടുത്തിയ പുതിയ അതിർത്തി കടന്നുള്ള ഗതാഗത നിയന്ത്രണങ്ങളും നിർമ്മാണത്തെ ബാധിച്ചിട്ടുണ്ട്.
ഇതിന് പുറമെ കാലവർഷവും തൊഴിലാളികളുടെ തുടർച്ചയായ ക്ഷാമവും നിർമ്മാണ പ്രവർത്തനങ്ങളുടെ വേഗം കുറച്ചു.
ഇക്കഴിഞ്ഞ മാർച്ച് മാസത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം നാട്ടിലേക്ക് മടങ്ങിയ പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളിൽ വലിയൊരു വിഭാഗം ഇതുവരെ ജോലിയിൽ തിരിച്ചെത്തിയിട്ടില്ല. ഇതും ദേശീയപാത നിർമ്മാണം വൈകുന്നതിന് കാരണമായതായി അധികൃതർ വ്യക്തമാക്കി.
അതേസമയം, വടക്കൻ ജില്ലകളിൽ, പ്രത്യേകിച്ച് കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ദേശീയപാത നിർമ്മാണം എങ്ങുമെത്താത്ത സാഹചര്യമാണ് നിലവിലുള്ളത്. വെങ്ങളം മുതൽ അഴിയൂർ വരെയുള്ള ഭാഗത്തെ നിർമ്മാണമാണ് ഏറ്റവും അധികം പഴി കേൾക്കുന്നത്. സംസ്ഥാനത്തെ മറ്റ് പല റീച്ചുകളിലും ജോലികൾ എല്ലാം പൂർത്തിയായി നിൽക്കുന്ന വേളയിലാണ് അഴിയൂർ മുതൽ വെങ്ങളം വരെയുള്ള റീച്ചിൽ പണി മന്ദഗതിയിൽ ആയത്.
അതിൽ തന്നെ വടകര ഉൾപ്പെടുന്ന ഭാഗത്തെ ജോലികൾ എല്ലാം പതിയെയാണ് മുന്നോട്ട് നീങ്ങുന്നത്. കാലവർഷം എത്തിയതോടെ ടൗൺ മേഖലകളിൽ കനത്ത ഗതാഗത കുരുക്കും പതിവായിരിക്കുകയാണ്. നിലവിൽ വടകരയിൽ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണ് എന്നാണ് ആക്ഷേപം. അതിനിടെ എംപി ഷാഫി പറമ്പിൽ, എംഎൽഎ കെകെ രമ എന്നിവർ ഉൾപ്പടെ വിഷയത്തിൽ ഇടപെടുകയും ചെയ്‌തിട്ടുണ്ട്.




Click it and Unblock the Notifications