നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ആര്യാടൻ ഷൗക്കത്തിന്റെ കാര്യത്തിൽ അൻവറിന് അതൃപ്‌തി, യുഡിഎഫിന് തലവേദന
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്ത് വരുമെന്ന പ്രചാരണം ശക്തമായതോടെ അതൃപ്‌തി പ്രകടമാക്കി പിവി അൻവർ. നേരത്തെ തന്നെ ആര്യാടൻ ഷൗക്കത്തിന്റെ നിലമ്പൂരിൽ മത്സരിപ്പിക്കരുതെന്ന അൻവറിന്റെ പ്രസ്‌താവന യുഡിഎഫിനെ പ്രതിരോധത്തിൽ ആക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം അടുത്തിരിക്കെ അൻവർ ഇടഞ്ഞു നിൽക്കുന്നത്.
മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ചുള്ള ചോദ്യത്തോട് അൻവർ അനുകൂലമായല്ല പ്രതികരിച്ചത്. ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തോട് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനം ആയിട്ടില്ലെന്നും എല്ലാം കാത്തിരുന്ന് കാണാമെന്നുമാണ് അന്‍വര്‍ മറുപടി നൽകിയത്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഏത് ചെകുത്താനാണെങ്കിലും തന്റെ പിന്തുണയുണ്ടാകും എന്നാണ് അന്‍വര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. എന്നാല്‍, ആര്യാടന്‍ ഷൗക്കത്തിന്റെ പേര് വീണ്ടും ഉയര്‍ന്നുവന്നതോടെ, നിലപാട് മാറ്റിയിരിക്കുകയാണ് അൻവർ. ഇക്കാര്യത്തിൽ അൻവറിന് കടുത്ത അതൃപ്‌തി ഉണ്ടെന്നാണ് വിവരം.
നേരത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചത് മുതൽ വിഎസ് ജോയുടെ പേരാണ് അൻവർ മണ്ഡലത്തിലേക്ക് നിർദ്ദേശിച്ചത്. ആര്യാടൻ ഷൗക്കത്തിന്റെ പേരിന് ഒരു ഘട്ടത്തിലും അൻവർ പിന്തുണ നൽകിയിരുന്നില്ല. മാത്രമല്ല ജോയുടെ പേര് നിർദ്ദേശിക്കാനുണ്ടായ കാരണവും അൻവർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
വനം-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് താൻ മുന്നോട്ടുവെച്ച വിഷയം ഏറ്റവും നന്നായി ഏറ്റെടുത്ത് ചെയ്യാന്‍ യോഗ്യതയുള്ള സ്ഥാനാർത്ഥി ജോയ് ആണെന്നാണ് അൻവർ പറയുന്നത്. പ്രിയങ്ക ഗാന്ധിയുടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഒരു ക്രിസ്ത്യന്‍ യുഡിഎഫ് എംഎല്‍എ പോലുമില്ലെന്നും ഇവിടെ അവർക്ക് 20 ശതമാനം പ്രാതിനിധ്യം ഉണ്ടെന്നും അൻവർ ചൂണ്ടിക്കാട്ടി. ഇതാണ് വിഎസ് ജോയ് വരണമെന്ന് പറയുന്നതിന്റെ കാരണമായി അൻവർ തന്നെ പറയുന്നത്.
എന്നാൽ മണ്ഡലത്തിൽ ആര്യാടൻമാർക്ക് ഉണ്ടായിരുന്ന കുത്തക തിരിച്ചുവരുമോ എന്ന ഭയമാണ് അൻവറിന് എന്നാണ് ചില കേന്ദ്രങ്ങൾ നൽകുന്ന വിവരം. എന്തെന്നാൽ 1980 മതല്‍ 2016 വരെയുള്ള മൂന്നര പതിറ്റാണ്ട് കാലം ആര്യാടന്‍ മുഹമ്മദ് വിജയിച്ചിരുന്ന നിലമ്പൂർ കോണ്‍ഗ്രസിന്റെ കൈയില്‍നിന്നും എല്‍ഡിഎഫിനു വേണ്ടി തിരിച്ചുപിടിച്ചയാളാണ് അൻവർ.
അതുകൊണ്ട് തന്നെ വീണ്ടും മണ്ഡലം ആര്യാടൻമാരുടെ കൈയിലേക്ക് പോവുന്നതിൽ അൻവറിന് അതൃപ്‌തിയുണ്ട്. പക്ഷേ കോൺഗ്രസിനും ഇക്കാര്യത്തിൽ ചില കൃത്യമായ കണക്ക് കൂട്ടലുകൾ ഉണ്ട് താനും. നിലമ്പൂരിലും മലപ്പുറത്തും വലിയ പിന്തുണയുള്ള ആര്യാടന്‍ പാരമ്പര്യത്തെ കണ്ടില്ലെന്ന് നടിക്കാന്‍ കോണ്‍ഗ്രസിനും കഴിയാത്ത സാഹചര്യമാണ്.
ഇതോടെ നിലമ്പൂർ കോൺഗ്രസിനും യുഡിഎഫിനും ഒരു കീറാമുട്ടിയാവുമോ എന്നാണ് കണ്ടറിയേണ്ടത്. അൻവറിനെ പിണക്കിയാൽ അത് ഗുണം ചെയ്യില്ലെന്ന് കോൺഗ്രസിന് നന്നായി അറിയാം. മറ്റെന്തെങ്കിലും ഫോർമുല ഇതിനായി കണ്ടത്തേണ്ടി വരുമോ എന്നതും പരിഗണനയിൽ ഉണ്ട്. അതല്ല ആര്യാടൻ ഷൗക്കത്തോ അല്ലെങ്കിൽ വിഎസ് ജോയിയോ കൂടാതെ മൂന്നാമതൊരാൾ അവിടെ മത്സരിക്കുമോ എന്നതും ഏവരും ഉറ്റുനോക്കുന്ന കാര്യമാണ്.
നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് അത്തരമൊരു കടുംകൈക്ക് മുതിരുമോ എന്നാണ് കണ്ടറിയേണ്ടത്. ആര്യാടൻ ഷൗക്കത്തിന്റെ ഒഴിവാക്കിയാൽ അത് എൽഡിഎഫ് മുതലെടുക്കുമോ എന്ന ഭയം കോൺഗ്രസിനുണ്ട്. നിലവിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള അണിയറ നീക്കങ്ങൾ കോൺഗ്രസിൽ സജീവമായി നടക്കുന്നുണ്ട്. ആര്യാടൻ ഷൗക്കത്ത് അല്ലെങ്കിൽ പിവി അൻവർ രണ്ടിലൊരാൾ വിട്ടുവീഴ്‌ച ചെയ്യേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
അതേസമയം. നിലമ്പൂർ ഉൾപ്പെടെയുള്ള രാജ്യത്തെ അഞ്ച് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത് ഇന്നലെ രാവിലെയോടെയാണ്. ജൂൺ 19 ന് വോട്ടെടുപ്പ് നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. വോട്ടെണ്ണൽ ജൂൺ 23ന് നടക്കും. വിജ്ഞാപനം ഇന്നുണ്ടാവും.












Click it and Unblock the Notifications