Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത് 2026ലെ തിരിച്ചുവരവിനായുള്ള ഇന്ധനം, പിവി അൻവർ വിഷയം ചർച്ച ചെയ്യേണ്ട കാര്യമില്ല'; വിഡി സതീശൻ

എറണാകുളം: നിലമ്പൂർ തിരഞ്ഞെടുപ്പിൽ ജയിച്ചതിന് പിന്നാലെ ആത്മവിശ്വാസത്തോടെയുള്ള പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫ് ഒറ്റക്കെട്ടായി നേടിയ വിജയമാണ് നിലമ്പൂരിലേത് എന്നാണ് സതീശൻ പറഞ്ഞത്. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ജയിച്ചതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് സതീശന്റെ നിർണായക പ്രതികരണം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റുകൾ നേടി യുഡിഎഫ് തിരിച്ചുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങൾക്ക് സർക്കാരിനോട് വെറുപ്പാണ്. ആര്യാടൻ ഷൗക്കത്തിന്റെ മികച്ച വിജയം ടീം യുഡിഎഫിന്റെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തന ഫലമാണ്. 2026ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തിരിച്ചു വരവിനു വേണ്ടിയുള്ള ഇന്ധനമാണ് നിലമ്പൂരിലെ ജനങ്ങൾ നൽകിയത്. അഞ്ച് ഇരട്ടി വോട്ടിനാണ് നിലമ്പൂര്‍ മണ്ഡലം തിരിച്ചുപിടിച്ചതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

satheesanelection

നിലമ്പൂരിലെ ജനങ്ങൾക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഹൃദയപൂര്‍വം പ്രവര്‍ത്തകരോടും നേതാക്കളോടും നന്ദി പറയുകയാണ്. എല്ലാ നേതാക്കളും ഒറ്റക്കെട്ടായി ഒരേ മനസോടെയാണ് നിലമ്പൂരിൽ പ്രവര്‍ത്തിച്ചിരിക്കുന്നത്. യുഡിഎഫ് ഇങ്ങനെ പ്രവര്‍ത്തിച്ചാൽ ഇനിയും കൂടുതൽ കാര്യങ്ങൾ നേടാനാകുമെന്ന് ഉറപ്പാണ്. ജനങ്ങളുടെ വിശ്വാസം ഞങ്ങള്‍ സംരക്ഷിക്കും; സതീശൻ പറഞ്ഞു.

യുഡിഎഫിന്റെ വോട്ട് എങ്ങോട്ടും പോയിട്ടില്ല. എൽഡിഎഫിന് നിലമ്പൂരിൽ 16000 വോട്ടുകളാണ് നഷ്‌ടമായത്. യുഡിഎഫ് ശക്തിപ്പെട്ടുവെന്നതിന്റെ തെളിവാണ് ഈ വിജയമെന്നും സതീശൻ പറയുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പിവി അൻവർ വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ വിഡി സതീശൻ വിസമ്മതിച്ചു എന്നതും ശ്രദ്ധേയമായ കാര്യമാണ്.

പിവി അൻവര്‍ വിഷയം ചര്‍ച്ച ചെയ്യേണ്ട സമയം ഇതല്ലെന്നും താൻ ഒറ്റയ്ക്ക് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി. പിവി അൻവറിന്റെ കാര്യത്തിൽ തീരുമാനം പറയില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു. മണ്ഡലത്തിൽ മൂന്നാം തവണ ജനവിധി തേടിയ അൻവർ പതിനാലായിരത്തിൽ അധികം വോട്ടുകളുമായി ശക്തമായ പ്രകടനം കാഴ്‌ചവച്ചിരുന്നു.

അതേസമയം, ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തോടെ വിഡി സതീശൻ തല ഉയർത്തി നിൽക്കുകയാണ് അണികൾക്കും മറ്റ് നേതാക്കൾക്കും മുൻപിൽ. നേരത്തെ അൻവറിനെ അടുപ്പിക്കാത്തതിലും സഖ്യ സാധ്യതകൾ ഇല്ലാതാക്കിയതിലും സതീശനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. അൻവർ സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിക്കുക കൂടി ചെയ്‌തതോടെ ഈ വിമർശനം ശക്തമായി.

എന്നാൽ ഇതിനെയൊക്കെ കാറ്റിൽ പറത്തികൊണ്ടാണ് യുഡിഎഫ് മണ്ഡലം പിടിച്ചെടുത്തത്. അതും അൻവർ ഇത്രയധികം വോട്ടുകൾ നേടിയിട്ടും യുഡിഎഫിന്റെ ഉജ്വല ജയം തടയാൻ സാധിച്ചില്ലെന്നത് സതീശനെ സംബന്ധിച്ച് ആശ്വാസകരമായ കാര്യമാണ്. മറിച്ചാണ് സംഭവിച്ചതെങ്കിൽ തോൽവിയുടെ ഭാരം മുഴുവൻ വിഡി സതീശൻ ചുമക്കേണ്ടി വന്നേനെ. എന്നാൽ ജയത്തോടെ അദ്ദേഹത്തിന്റെ ശരീര ഭാഷയിൽ തന്നെ ആത്മവിശ്വാസം പ്രകടമാണ്.

അതിനിടെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വിഡി സതീശൻ നേരത്തെ ആദ്യ പ്രതികരണം അറിയിച്ചിരുന്നു. ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളുമുള്ളപ്പോൾ യുഡിഎഫ് ജനഹൃദയം കവരും. ഇത് യുഡിഎഫാണ്. ഒറ്റ പാർട്ടിയെ പോലെ പ്രവർത്തിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി. 2026-ൽ യുഡിഎഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും; എന്നായിരുന്നു പോസ്‌റ്റിൽ പറഞ്ഞിരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+