മലപ്പുറത്തെ നിപ ഭീതി; സമ്പർക്ക പട്ടികയിൽ ആകെ 58 പേർ, അതിൽ 13 പേരുടെ പരിശോധനാഫലം നെഗറ്റീവ്
മലപ്പുറം: വളാഞ്ചേരിയിൽ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ ആകെ 13 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായിരിക്കുന്നത്. ആകെ 58 പേരാണ് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത് എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നിലവില്‍ ഒരാള്‍ക്കാണ് രോഗബാധ കണ്ടെത്തിയിട്ടുള്ളത്.
7 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഒരാള്‍ ഐസിയുവിലാണ് ചികിത്സയിൽ കഴിയുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി. ആരോഗ്യവകുപ്പ് അധികൃതർ തയ്യാറാക്കിയ റൂട്ട് മാപ്പ് പ്രകാരം ഇക്കഴിഞ്ഞ ഏപ്രിൽ 25നാണ് 42 വയസുള്ള സ്ത്രീക്ക് പനിയുൾപ്പെടയുള്ള ലക്ഷണങ്ങൾ തുടങ്ങിയത്.

തുടർന്ന് ഇവർ ഏപ്രിൽ 26ന് വളാഞ്ചേരിയിലെ ക്ലിനിക്കിലും 28ന് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടിയെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ രോഗിയുടെ പോയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ നിരീക്ഷിക്കാനാണ് ആരോഗ്യ പ്രവർത്തകരുടെ തീരുമാനം. ഇതിന്റെ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
രോഗിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ അറിയിച്ചിരുന്നു. നിപ സ്ഥിരീകരിച്ച യുവതിയുടെ വീട്ടിലെ വളർത്തു പൂച്ച അടുത്തിടെ ചത്തിരുന്നു. നിപയുടെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയക്കാനാണ് തീരുമാനം. നിലവിൽ 45 പേർ ഹൈറിസ്ക്ക് കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
അതിൽത്തന്നെ 12 പേർ വീട്ടിലുള്ളവരാണ് എന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം. എങ്കിലും ഇതുവരെ പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റീവ് ആണെന്നതാണ് പ്രധാന ആശ്വാസം. നിപ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് മൈക്രോബയോളജി ലാബിലും പൂനെ എൻഐവി ലാബിലും നടത്തിയ പരിശോധനയിലാണ് യുവതിക്ക് രോഗം സ്ഥിരീകരിച്ചത്.
ഇത് മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരീകരിക്കുന്നത്. ഇപ്പോഴത്തെ കേസിൽ ഇതുവരെയും ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്ന പ്രധാന കാര്യം. അടുത്തിടെ ഒരു പഴവും കഴിച്ചിട്ടില്ലെന്നും അണുബാധയുടെ ഒരു സാധാരണ ഉറവിടമായ വവ്വാലുകളുമായി നേരിട്ട് സമ്പർക്കം പുലർത്തിയിട്ടില്ലെന്നും റിപ്പോർട്ടുകളിൽ പറയന്നുണ്ട്.
രോഗം സ്ഥിരീകരിച്ച യുവതിയുടെ കോഴികൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചത്തുപോയതായി കുടുംബം നേരത്തെ പറഞ്ഞിരുന്നു. ഇത് പകർച്ചവ്യാധിയുമായി ബന്ധപ്പെട്ടിരിക്കുമോ എന്ന് വിദഗ്‌ധർ പരിശോധിക്കുന്നുണ്ട്. പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും, പനി പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ നേരത്തെ റിപ്പോർട്ട് ചെയ്യാനും, രോഗികളായ വ്യക്തികളുമായോ മൃഗങ്ങളുമായോ ഉള്ള സമ്പർക്കം ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications