ആശങ്കയൊഴിഞ്ഞു; തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന വിദ്യാർത്ഥിക്ക് നിപയില്ല
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേിൽ നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർത്ഥിക്ക് നിപയില്ലെന്ന് സ്ഥീരീകരണം.തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം ഇല്ലെന്ന് കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരണമാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകനായ 24 കാരനാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനാണ് ഇദ്ദേഹം. രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

നിലവിൽ സംസ്ഥാനത്ത് 3 ആക്ടീവ് കേസുകളാണ് ഉള്ളത്.ഇതുവരെ സമ്പർക്ക പട്ടികയിൽ 706 പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതിൽ ഹൈ റിസ്‌ക് വിഭാഗത്തിൽ 77 പേരാണ്. സമ്പർക്ക പട്ടികയിൽ 153 പേർ ആരോഗ്യപ്രവർത്തകരാണ്. ഹൈ റിസ്‌ക് വിഭാഗത്തിൽ ഉള്ളവർ അവരുടെ വീടുകളിൽ ഐസൊലേഷനിൽ കഴിയുകയാണ്. ഓഗസ്റ്റ് 30 ന് മരിച്ച ഇൻഡക്‌സ് കേസ് എന്ന് കരുതുന്ന വ്യക്തിയുടെ 9 വയസുകാരനായ കുഞ്ഞ് ആശുപത്രി വെന്റിലേഷനിൽ തുടരുകയാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. കുട്ടിക്ക് മോണോ ക്ലോണോ ആന്റിബോഡി നൽകാനായി ഐ സി എം ആറിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മരുന്ന് വിമാനമാർഗം ബുധനാഴ്ച രാത്രി എത്തും.
കോഴിക്കോട് 19 കമ്മിറ്റികൾ രൂപീകരിച്ച് പ്രതിരോധ നടപടികൾ ഊർജ്ജിതമായി നടക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ ഉള്ള 13 പേരിൽ 30ന് മരിച്ച ആളുടെ ബന്ധുവും ഉൾപ്പെടും. ഇവരുടെ ആരോഗ്യം സാധാരണ നിലയിലാണെന്നും മന്ത്രി അറിയിച്ചു.
അതിനിടെ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) വ്യാഴം വെളളി ദിവസങ്ങളിൽ ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം. യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമുണ്ടായിരിക്കില്ലെന്നും കളക്ടർ അറിയിച്ചു.
അതിർത്തികളിൽ പരിശോധന
കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തി ചെക്പോസ്റ്റുകളിൽ തമിഴ്നാട് ആരോഗ്യവകുപ്പിന്റെ പരിശോധന. നാടുകാണി ഉൾപ്പെടെയുള്ള ചെക്പോസ്റ്റുകളിലാണ് മെഡിക്കൽ സംഘം പരിശോധന നടത്തുന്നത്. ഡോക്ടറും നഴ്‌സുമാരും ഉൾപ്പെടുന്ന സംഘമാണ് പരിശോധന നടത്തുന്നത്. കേരളത്തിൽ നിന്ന് വരുന്ന വാഹനങ്ങൾ തടഞ്ഞ് ആർക്കെങ്കിലും പനിയുടെ ലക്ഷണങ്ങളുണ്ടോ എന്നാണ് പരിശോധിക്കുന്നത്.












Click it and Unblock the Notifications