അതിവേഗ റെയിലും വന്നില്ല, ആഗ്രഹിച്ചതൊന്നും നടന്നില്ല; എന്നിട്ടും പൊന്നാനിയിൽ ഓഫീസ് തുറക്കാൻ ഇ ശ്രീധരൻ
കൊച്ചി: കേന്ദ്ര ബജറ്റിൽ അതിവേഗ റെയിൽ കേരളത്തിന് നൽകാതെ അവഗണിച്ചിട്ടും പ്രതീക്ഷ കൈവിടാതെ മെട്രോമാൻ ഇ ശ്രീധരൻ. കേരളത്തിനായുള്ള അതിവേഗ റെയിൽ പദ്ധതിയിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് നാളെ പൊന്നാനിയിൽ ഓഫീസ് തുറക്കുന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. പദ്ധതിക്ക് കേന്ദ്ര അനുമതി കിട്ടുമെന്ന പ്രതീക്ഷയും ഇ ശ്രീധരൻ പങ്കുവച്ചു.
പദ്ധതി വൈകുന്നതിന് പ്രധാന കാരണം സംസ്ഥാന സർക്കാരാണെന്ന് ഇ ശ്രീധരൻ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. കെ റെയിൽ ആവശ്യമില്ലെന്ന് ഔദ്യോഗികമായി കേന്ദ്രത്തെ അറിയിക്കാത്തതാണ് വലിയ തിരിച്ചടിയായതെന്നാണ് ഇ ശ്രീധരൻ പറയുന്നത്. ഇക്കാര്യം നിരവധി തവണ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഇതിനായി കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

സർക്കാർ ഇപ്പോൾ മുന്നോട്ട് വെക്കുന്ന ആർആർടിഎസ് പദ്ധതി വെറുമൊരു 'തിരഞ്ഞെടുപ്പ് സ്‌റ്റണ്ട്' മാത്രമാണെന്നാണ് ഇ ശ്രീധരൻ പറയുന്നത്. ഇത് മണ്ടൻ തീരുമാനമാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഇതോടെ ഒരിടയ്ക്ക് ഒരുമിച്ച് നിന്നിരുന്ന പിണറായി സർക്കാരും ഇ ശ്രീധരനും രണ്ട് വഴിക്കായിരിക്കുകയാണ്. അതിവേഗ റെയിൽ പാത എന്ന വിഷയത്തിൽ സർക്കാരും ഇ ശ്രീധരനും ഇപ്പോൾ രണ്ട് തട്ടിലാണ്.
മാത്രമല്ല സർക്കാരും സിപിഎമ്മും അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്‌തിരുന്നു. ശ്രീധരനെ സ്പെഷ്യൽ ഓഫീസറായി കേന്ദ്രം നിയമിച്ചിട്ടില്ലെന്നാണ് മന്ത്രി പി രാജീവ് അടുത്തിടെ പറഞ്ഞത്. എന്നാൽ ഒരുപടി കൂടി കടന്ന് ശ്രീധരൻ കേരളത്തിലെ മുഖ്യമന്ത്രിയായ വ്യക്തിയല്ലേ എന്നായിരുന്നു എംവി ഗോവിന്ദന്റെ പരിഹാസ രൂപേണയുള്ള ചോദ്യം. ശ്രീധരന്റെ ബദൽ നിർദ്ദേശം കേന്ദ്ര റെയിൽവേ മന്ത്രി അറിഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിലാണ് നേരത്തെ വിവാദത്തിന് തുടക്കമായത്.
അതിനിടെ സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി പൂർണമായി തള്ളിക്കൊണ്ട് കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് ഡിപിആർ തയാറാക്കാൻ റെയിൽവേ മന്ത്രാലയം ഡൽഹി മെട്രോ റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇ ശ്രീധരന്റെ നേതൃത്വത്തിലാകും പ്രവർത്തനങ്ങളെന്നായിരുന്നു സൂചന.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ നീളത്തിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗം ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ അതിവേഗപാത നിർമ്മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 9 മാസത്തിനകം ഡിപിആർ പൂർത്തിയാക്കാമെന്ന് ഇ ശ്രീധരൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന് ഉറപ്പ് നൽകിയിരുന്നു.
അതേസമയം, കേന്ദ്ര ബജറ്റിൽ കേരളത്തിന് കാര്യമായ ഒന്നും നൽകാത്തതിൽ പ്രതിഷേധം ശക്തമാണ്. കാലങ്ങളായി സംസ്ഥാനം ആവശ്യപ്പെടുന്ന എയിംസ്, ഇക്കുറി എന്തായാലും കിട്ടുമെന്ന് കരുതിയ അതിവേഗ റെയിൽപാത എന്നിങ്ങനെയുള്ള പദ്ധതികൾക്ക് ഒന്നും ബജറ്റിൽ സ്ഥാനം ഉണ്ടായിരുന്നില്ല. മാത്രമല്ല വിഴിഞ്ഞം അടക്കമുള്ള പദ്ധതികളെയും പരിഗണിച്ചിരുന്നില്ല.












Click it and Unblock the Notifications