പത്താം ക്ലാസ് തോറ്റവർക്ക് കെഎസ്ഇബിയിൽ ഇനി നിയമനമില്ല; പക്ഷേ പകരം മസ്‌ക് തരും പണി..! എങ്ങനെ?
തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി നിയമനത്തിൽ നടപ്പാക്കുന്ന നിർണായകമായ ഒരു മാറ്റവുമായി ബന്ധപ്പെട്ട ഒരു വാർത്ത പുറത്തുവന്നത്. ഇനി പത്താം ക്ലാസ് പാസാകാത്ത ആളുകൾക്കു കെഎസ്ഇബിയിൽ നിയമനം നൽകില്ല എന്നതായിരുന്നു ഈ വാർത്ത. പൊതുവെ കെഎസ്ഇബിക്കെതിരെ ആളുകൾ ഉന്നയിച്ചിരുന്ന ഒരു വലിയ പരാതിക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.
പത്താം തരം പോലും പാസാവാത്ത ആളുകൾ ലക്ഷങ്ങൾ ശമ്പളം ലഭിക്കുന്ന തസ്‌തികകളിൽ ഇരിക്കുന്നു എന്ന പരാതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഈ പരാതിക്കാണ് കെഎസ്ഇബി പരിഹാരം കൊണ്ട് വന്നിരിക്കുന്നത്. അവരുടെ ഏറ്റവും പുതിയ ഉത്തരവ് അനുസരിച്ച് അടിസ്ഥാന യോഗ്യതയിൽ കാര്യമായ മാറ്റം തന്നെ വരും.

പത്താം ക്ലാസ് പരാജയപ്പെട്ടവർക്ക് മാത്രം പരീക്ഷയെഴുതാവുന്ന തസ്‌തികകൾ കെഎസ്ഇബിയിൽ ഇനി വേണ്ടെന്നാണ് ബോർഡിന്റെ തീരുമാനം. അടിസ്ഥാന തസ്‌തികയുടെ കുറഞ്ഞ യോഗ്യത പത്താം ക്ലാസും ഐടിഐയുമായി പരിഷ്‌കരിക്കാനാണ് അവർ ഒരുങ്ങുന്നത്. എന്നാൽ ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുന്ന മറ്റൊരു വാർത്തയുമായി കൂട്ടിയോജിപ്പിച്ചാണ് ആളുകൾ ഇപ്പോൾ ഇതിനോട് പ്രതികരിക്കുന്നത്.
ആഗോള തലത്തിൽ തന്നെ ഏറ്റവും വലിയ സമ്പന്നനായ ഇലോൺ മാസ്‌കും കെഎസ്ഇബിയും തമ്മിൽ എന്താണ് ബന്ധം എന്ന് ചോദിച്ചാൽ ഒരു ബന്ധവുമില്ലെന്ന് തന്നെയാണ് ഉത്തരം. എന്നാൽ കെഎസ്ഇബിയിലെ പുതിയ നിയമന നിയന്ത്രണ വാർത്ത വന്നതിന് പിന്നാലെ ആളുകൾ മസ്‌കിന്റെ മറ്റൊരു പ്രഖ്യാപനം കൂടി ഇതിനോട് ചേർത്ത് വായിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് മസ്‌ക് തന്റെ കമ്പനിയിലേക്ക് സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാരെ ആവശ്യമുണ്ടെന്ന പോസ്‌റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. എന്നാൽ ഈ പോസ്‌റ്ററിൽ മസ്‌ക് എടുത്തു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാരെ തേടുന്ന ഒരു കമ്പനിയും ഇതുവരെ വയ്ക്കാത്ത കാര്യങ്ങളാണ് അറിയിപ്പിൽ മസ്‌ക് ചേർത്തിരിക്കുന്നത്.
അതിൽ പ്രധാനം അപേക്ഷിക്കുന്ന ആളുകൾക്ക് ഒരു ഡിഗ്രിയുടെ ആവശ്യമില്ലെന്നതാണ്. നിങ്ങൾ ഏത് സ്‌കൂളിൽ പഠിച്ചെന്നതോ, ഏത് കമ്പനിയിൽ ജോലി ചെയ്തെന്നതോ ഒരു വിഷയമേ അല്ല, അതല്ല നിങ്ങൾ സ്‌കൂളിലേ പോയിട്ടില്ലെങ്കിലും പ്രശ്‌നമില്ല, നിങ്ങളുടെ കോഡ് നന്നായാൽ മാത്രം മതിയെന്നാണ് മസ്‌ക് ഉന്നയിക്കുന്ന ആവശ്യം.
ഇതോടെയാണ് കെഎസ്ഇബിയുടെ തീരുമാനവും മസ്‌കിന്റെ പോസ്‌റ്റും തമ്മിലുള്ള വൈരുധ്യം ചൂണ്ടിക്കാട്ടി ചിലർ രംഗത്ത് വന്നത്. ഒരിടത്ത് അടിസ്ഥാന യോഗ്യത വിദ്യാഭ്യാസത്തിന്റെ പേരിൽ ഉയർത്തുമ്പോൾ മറ്റൊരിടത്ത് വൈദഗ്ധ്യം മാത്രം നോക്കി ലോക സമ്പന്നൻ തന്റെ കമ്പനിയിലേക്ക് ചേരുന്ന ആളുകളെ തിരഞ്ഞെടുക്കുകയാണ് എന്നാണ് പലരും പറയുന്നത്. എന്തായാലും സംഭവം വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്.












Click it and Unblock the Notifications