ഐഎസ്എൽ കാണാൻ കൊച്ചിയിലെത്തുന്ന ആരാധകർക്ക് ആശങ്ക വേണ്ട; അധിക സർവീസുകൾ പ്രഖ്യാപിച്ച് മെട്രോ
കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ നടക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇന്ത്യൻ സൂപ്പർ ലീഗ് ഹോം മത്സരങ്ങൾക്കായി പ്രത്യേക യാത്രാസൗകര്യങ്ങൾ ഒരുക്കുമെന്ന് പ്രഖ്യാപിച്ച് കൊച്ചി മെട്രോ. ഒക്ടോബർ 25 ഞായറാഴ്‌ച ആരംഭിക്കുന്ന മത്സരങ്ങൾ കാണാനെത്തുന്ന ആരാധകർക്ക് സുഗമമായി യാത്ര ചെയ്യുന്നതിനാണ് അധിക ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
മത്സര ദിവസങ്ങളിൽ കൊച്ചി മെട്രോ ട്രെയിനുകൾ എട്ടര മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്തുവാനാണ് തീരുമാനം. സ്‌റ്റേഡിയത്തിലെത്തുന്ന ആരാധകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും യാത്ര സുഗമമാക്കുന്നതിനുമായി ജവഹർലാൽ നെഹ്റു സ്‌റ്റേഡിയം മെട്രോ സ്റ്റേഷനിൽ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ഒക്ടോബർ 25ന് മത്സരം അവസാനിച്ചതിന് ശേഷം രാത്രി 9.30 മുതൽ 11.27 വരെ കലൂരിൽനിന്ന് ആലുവ, തൃപ്പൂണിത്തുറ ഭാഗങ്ങളിലേക്ക് അധിക മെട്രോ ട്രെയിനുകൾ സർവീസ് നടത്താനാണ് തീരുമാനം. മത്സരം കഴിഞ്ഞ് മടങ്ങുന്ന ഫുട്ബോൾ ആരാധകർക്ക് രാത്രിയിലും യാത്രാസൗകര്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അധിക സർവീസുകൾ പ്രയോജനപ്പെടുത്തി ആരാധകർക്ക് തിരക്ക് കുറച്ച് സുരക്ഷിതമായി വീടുകളിലേക്ക് മടങ്ങാനാകും. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മത്സരങ്ങളോടനുബന്ധിച്ച് പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ തിരക്ക് കൈകാര്യം ചെയ്യുന്നതിനാണ് കൊച്ചി മെട്രോ ഈ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷങ്ങളിലും സമാനമായി അധിക സർവീസുകൾ നടത്തിയിരുന്നു.
അതേസമയം, ഈ സീസണിലാണ് ആദ്യ മത്സരമാണ് ഞായറാഴ്‌ച നടക്കുന്നത്. മുൻപ് ക്ലബ്ബിന്റെയും ലീഗിന്റെയും ഭാവി സംബന്ധിച്ച അനിശ്ചിതത്വങ്ങൾ ഒരുപാട് നിലനിന്നിരുന്നു. അതിനൊക്കെ പരിഹാരമാവുകയും ക്ലബ് പുതിയ ഉടമകൾ ഏറ്റെടുക്കുകയും ചെയ്‌തതോടെയാണ് കൊച്ചി മെട്രോയും അധിക സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
അതിനിടെ മത്സരം കൊച്ചിയിൽ തന്നെ നടക്കുമോ എന്ന കാര്യത്തിലും കഴിഞ്ഞ ദിവസമാണ് കൃത്യമായ തീരുമാനമായത്. ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും ജിസിഡിഎയും തമ്മിൽ നിലനിന്ന ഭിന്നതയാണ് ഇതിന് തടസ്സമായത്. എന്നാൽ ഇരുകൂട്ടരും തമ്മിൽ ധാരണയായതോടെ മത്സരങ്ങൾ കൊച്ചിയിൽ തന്നെ നടക്കും. ഇതോടെ ടീമിന്റെ ഹോം ഗ്രൗണ്ടായി കൊച്ചി തന്നെ തുടരുമെന്ന് ഉറപ്പാവുകയായിരുന്നു.
മത്സരങ്ങൾക്കായുള്ള ടിക്കറ്റ് വിൽപന ഉടൻ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ വാടകത്തുക നിലനിർത്തിയതോടെയാണ് വേദിയായി കൊച്ചി തന്നെ എത്തുന്നത്. ഒരു മത്സരത്തിന് 3.5 ലക്ഷം രൂപ എന്ന വാടക തുടരാനാണ് തീരുമാനം. ഇതോടെ ആരാധകർക്കും ആശ്വാസമായിരിക്കുകയാണ്.


Click it and Unblock the Notifications
