'സ്‌കൂൾ പഠന യാത്രയിൽ നിന്ന് പണമില്ലാത്തതിനാൽ ആരെയും മാറ്റി നിർത്തരുത്'; തീരുമാനത്തിന് കൈയ്യടി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലങ്ങളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഒക്കെ പ്രവർത്തനരീതിയും ശൈലിയും ഒക്കെ മാറിയ ദശകമാണ് ഇത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി വിദ്യാഭ്യാസത്തിന് സാങ്കേതിക വിദ്യയുടെ വലിയ സഹായം പ്രാപ്‌തമായ, കുട്ടികൾ പോലും ഇക്കാര്യത്തിൽ ഏറെ അപ്‌ഡേറ്റഡായ ഒരു കാലഘട്ടം എന്നും ഇതിനെ വിശേഷിപ്പിക്കാം. എങ്കിലും ഈ വളർച്ചക്കിയിലും ലളിതമെന്ന് കരുതി നാം വിട്ടുപോവുന്ന ചില കാര്യങ്ങൾക്ക് ഒരു വിദ്യാർത്ഥിയുടെ ഭാവി രൂപീകരണത്തിൽ പോലും വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നതാണ് യാഥാർഥ്യം.
കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അത്യന്തം ഗൗരവുമുള്ള വിഷയത്തിലെ സർക്കാർ നിലപാട് പ്രഖ്യാപിച്ചത്. നിർഭാഗ്യവശാൽ ഈ വിഷയത്തിൽ കാര്യമായ ചർച്ചകൾക്ക് ഇടം കണ്ടെത്താൻ നാം മുതിർന്നില്ല. ഒരുപക്ഷേ ചെറിയൊരു ശതമാനത്തിന്റെ മാത്രം പ്രശ്‌നം എന്ന നിലയിൽ മനപൂർവം നാമതിനെ വിസ്‌മരിച്ചതാവാം.

സ്‌കൂൾ വിനോദയാത്രകളിൽ നിന്ന് പണത്തിന്റെ പേരിൽ ഒരു കുട്ടിയെ പോലും ഒഴിവാക്കരുതെന്ന ചരിത്രപരമായ നിർദ്ദേശമാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വച്ചത്. എല്ലാ കുട്ടികൾക്കും ഒരുപോലെ പ്രാപ്യമായ രീതിയിൽ യാത്രകൾ ക്രമീകരിക്കാനും, ഒപ്പം അധ്യാപകരുടെയും മറ്റും ചിലവുകൾ പിടിഎ ഉൾപ്പെടെയുള്ളവ വഹിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് മേലുള്ള ഭാരം കുറയ്ക്കാനുമാണ് വകുപ്പിന്റെ നിർദ്ദേശം.
സ്‌കൂളുകളിൽ നിന്ന് പഠനയാത്ര പോകുന്ന സമയത്ത് മുൻകാലങ്ങളിൽ, ഏതാണ്ട് രണ്ടയിരത്തിന്റെ തുടക്കകാലത്ത് വരെ ഭൂരിഭാഗം വിദ്യാർത്ഥികളും നേരിടേണ്ടി വന്നൊരു ബുദ്ധിമുട്ടായിരുന്നു സാമ്പത്തിക പ്രശ്‌നം. പലപ്പോഴും കുടുംബത്തിന്റെ സ്ഥിതിയോർത്ത് യാത്രകളിൽ നിന്ന് വിട്ടുനിന്നവരാവും ഭൂരിഭാഗവും. എന്തിനേറെ പറയുന്നു 20 രൂപയുടെ ക്ലാസ് ഫോട്ടോ വാങ്ങാനുള്ള സാമ്പത്തിക ശേഷി പോലുമില്ലാതെ കണ്ണ് നിറച്ച, ദൈന്യതയോടെ നോക്കി നിൽക്കേണ്ടി വന്ന അനേകം വിദ്യാർഥികളുള്ള നാടാണിത്.
വൈകിയെങ്കിലും ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് നീതി കിട്ടാൻ സർക്കാർ വകുപ്പ് തന്നെ മുന്നിട്ടിറങ്ങുന്നത് പ്രശംസനീയമാണ്. ഇന്നും നമ്മുടെ നാട്ടിലെ സ്‌കൂളുകളിൽ പഠിക്കുന്ന ചെറിയൊരു ശതമാനം വിദ്യാർഥികൾ എങ്കിലും സാമ്പത്തികമായി കടുത്ത ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അവരെ മാറ്റി നിർത്തി കൊണ്ടുള്ള യാത്ര ഒരിക്കലും ഗുണകരമാവില്ല.
'പുതിയ കാലത്തും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാർത്ഥികൾ ഒട്ടും കുറവല്ല. പല്ലപ്പോഴും മറ്റ് കുട്ടികളിൽ നിന്ന് അവർക്ക് അത് മറച്ചു വയ്‌ക്കേണ്ടി വരുന്നു. വിദ്യാർത്ഥികളുടെ ഭാവി രൂപീകരണത്തിൽ വലിയൊരു പങ്ക് വഹിക്കുന്നത് കാലഘട്ടത്തിൽ ഉണ്ടാവുന്ന ഇത്തരം സാമ്പത്തികമായ വേർതിരിവുകളും മാറ്റി നിർത്തലുകളും ഒക്കെ അവരെ ദോഷമായി ബാധിക്കും. അതിനാൽ അവരെ ചേർത്തുനിർത്താൻ ശ്രമിക്കണം' കൊയിലാണ്ടി ബിഇഎം സ്‌കൂളിലെ ശാസ്ത്രാധ്യാപകനായ വൈശാഖ് മുതുവീട്ടിൽ പറഞ്ഞു.
ഇതിന് പുറമേ സ്‌കൂളുകളിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ സമ്മാനങ്ങൾ കൊണ്ട് വരാൻ വിദ്യാർത്ഥികൾ നിർബന്ധിതരാവുന്നു എന്ന പരാതിയും വ്യാപകമാണ്. അവ പൂർണമായും നിരോധിക്കാനും വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെടുന്നുണ്ട്. കുട്ടികൾക്ക് മേൽ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്ന എല്ലാതരം പരിപാടികളിലും നിയന്ത്രണം കൊണ്ട് വരാനുള്ള തീരുമാനവും സ്വാഗതാർഹം തന്നെ.
ഇത് ഭാവിയിൽ വിദ്യാർത്ഥികൾക്ക് ഉണ്ടായേക്കാവുന്ന അരക്ഷിതാവസ്ഥയിൽ നിന്ന് അവരെ ഒരു പരിധിവരെ സംരക്ഷിച്ചു നിർത്താൻ സഹായിക്കും. അതുകൊണ്ട് തന്നെ പഠന യാത്രകൾ എല്ലാ വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രാപ്യമായ നിലയിലേക്ക് മാറ്റുന്നതും, ആഘോഷ വേളകളിലെ നിർബന്ധിത സമ്മാന പിരിവ് ഒഴിവാക്കുകയും ചെയ്യുമ്പോൾ അത് നൽകുന്നത് വലിയൊരു സന്ദേശം കൂടിയാണ്, വിദ്യാലയങ്ങളിൽ എല്ലാവരും ഒന്നാണെന്ന മഹത്തായ സന്ദേശം.


Click it and Unblock the Notifications