4 തവണ പാര്‍ട്ടി എംഎല്‍എയാക്കി, മന്ത്രി പദവി വീണ്ടും ലഭിക്കാത്തതില്‍ നിരാശയില്ലെന്ന് കെകെ ശൈലജ
തിരുവനന്തപുരം: മന്ത്രി പദവിയിലേക്ക് തിരിച്ചുവരാനാവാത്തതില്‍ നിരാശയോ സങ്കടമോ ഇല്ലെന്ന് കെകെ ശൈലജ. തന്റെ ആത്മകഥയായ മെ ലൈഫ് ആസ് എ കൊമ്രേഡിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. തനിക്ക് പാര്‍ട്ടി നാല് തവണ എംഎല്‍എയാകാന്‍ അവസരം നല്‍കിയിട്ടുണ്ട്. ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമാകാന്‍ കഴിയാത്ത എത്രയോ സ്ത്രീകള്‍ പാര്‍ട്ടിയിലുണ്ടെന്നും ശൈലജ വ്യക്തമാക്കി.
താന്‍ ചെയ്തത് ഒന്നും ഒറ്റയ്ക്കല്ല. എല്ലാം കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. തന്റെ പാര്‍ട്ടി പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെയും ഇതര പ്രവര്‍ത്തനങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നും ശൈലജ പറഞ്ഞു. അതേസമയം യഥാര്‍ത്ഥ ഹീറോകള്‍ തിരശ്ശീലയ്ക്ക് പിന്നിലുള്ളവരാണെന്നും ശൈലജ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫിനും സിപിഎം നേതാവ് ബൃന്ദാ കാരാട്ടിനും പുസ്തകത്തിന്റെ കോപ്പികള്‍ നല്‍കിയാണ് പ്രകാശന ചെയ്തത്.

ഡല്‍ഹി കേരളാ ഹൗസില്‍ വെച്ചായിരുന്നു ചടങ്ങ്. അതേസമയം കെകെ ശൈലജയില്‍ വിശ്വാസം അര്‍പ്പിച്ചാണ് ആരോഗ്യവകുപ്പിന്റെ ചുമതല അവര്‍ക്ക് നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ വിശ്വാസം ശരിയാണെന്ന് ശൈലജ തെളിയിച്ചു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് എല്‍ഡിഎഫ് കൊവിഡിനെ നേരിട്ടത്.
ആരോഗ്യരംഗത്ത് കേരളം മികച്ച നേട്ടങ്ങള്‍ കൈവരിച്ചതില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനും, അതിന്റെ ഭാഗമായ ശൈലജയ്ക്കും അഭിമാനിക്കാന്‍ ഏറെയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സഖാവിന്റെ ആത്മകഥാംശമെന്ന പുസ്തകമാണിത് എന്ന് ഇതിനെ വിശേഷിപ്പിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഷഹി സമോസയും മോട്ടു ജിലേബിയും, സ്ട്രീറ്റ് ഫുഡില്‍ രാജസ്ഥാന്‍ കിംഗ്; കഴിക്കേണ്ടത് ഈ ഐറ്റംസ്
സംഘടനാ രംഗത്ത് പാര്‍ട്ടി പകര്‍ന്നു നല്‍കിയ നേതൃപാടവമാണ് സര്‍ക്കാരിന്റെ സംവിധാനത്തിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങളില്‍ ശൈലയ്ക്ക് ഗുണകരമായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശൈലജയുടെ പുസ്തകത്തിന്റെ ഉള്ളടക്കം ആത്മകഥയില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നില്ല. ആത്മകഥകള്‍ ധാരാളമായി എഴുതപ്പെടുന്ന നാടാണ് നമ്മുടേത്. അതില്‍ രാഷ്ട്രീയ പ്രവര്‍ത്തകരുടെ ആത്മകഥയ്ക്ക് സവിശേഷ സ്ഥാനമുണ്ട്.
സമൂഹത്തില്‍ നിന്നും, നാടിന്റെ ചരിത്രത്തില്‍ നിന്നും വേറിട്ട ഒരു ജീവിതം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കില്ല. അത് തന്നെയാണ് ഇതിന്റെ കാരണം. രാഷ്ട്രീയക്കാരന്റെ ആത്മകഥകള്‍ നാടിന്റെ ചരിത്രത്തെ കൂടി നിര്‍വചിക്കുന്നതാവണമെന്നും പിണറായി പറഞ്ഞു.
അതേസമയം ശൈലജയെ മികച്ച പ്രവര്‍ത്തനം നടത്തിയിട്ടും രണ്ടാമത് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിനാണ് ഇത്തരമൊരു തീരുമാനമെന്നായിരുന്നു സംസ്ഥാന സമിതി പറഞ്ഞിരുന്നത്.
നേരത്തെ മഗ്‌സസെ പുരസ്‌കാരം സ്വീകരിക്കുന്നതില്‍ നിന്നടക്കം ശൈലജയെ പാര്‍ട്ടി വിലക്കിയിരുന്നു. മന്ത്രി പദം രണ്ടാമത് നല്‍കാത്തത് പാര്‍ട്ടി സമ്മേളനത്തില്‍ അടക്കം ചര്‍ച്ചയായിരുന്നു. വിവാദങ്ങള്‍ക്കൊക്കെ ശേഷം മുഖ്യമന്ത്രി ആദ്യമായിട്ടാണ് മുന്‍ ആരോഗ്യ മന്ത്രിയെ ഇത്രയധികം പ്രശംസിക്കുന്നത്.












Click it and Unblock the Notifications