ക്രിസ്ത്യാനികൾ മാത്രമല്ല, മുസ്ലിങ്ങളും ബിജെപിയോടുള്ള തൊട്ടുകൂടായ്മ അവസാനിപ്പിച്ചു: എംടി രമേശ്
കോഴിക്കോട്: ക്രൈസവരോട് ബി ജെ പിയും കേന്ദ്ര സർക്കാരും കാണിക്കുന്ന സമീപനത്തില്‍ കേരളത്തിലെ യു ഡി എഫും എല്‍ ഡിഎഫും അസംതൃപ്തരാണെന്ന് ബി ജെ പി നേതാവ് എംടി രമേശ്. സി പി മ്മും കോൺഗ്രസും വോട്ടുബാങ്കുകളായി മാത്രം കാണുന്ന ന്യൂനപക്ഷങ്ങൾ അവരുടെ പൊള്ളത്തരങ്ങൾ മനസ്സിലാക്കിയിരിക്കുന്നുവെന്നാണ് എംടി രമേശ് ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ക്രൈസ്തവ സഹോദരങ്ങൾ ഭാരതീയ ജനത പാർട്ടിയെ ഹൃദയത്തിൽ സ്വീകരിച്ച ഒരു ദിനം കടന്നുപോയി, ഉയിർത്തെഴുന്നേൽപ്പിന്റെ സന്ദേശവുമായി ക്രൈസ്തവ ഭവനങ്ങളിലും ദേവാലയങ്ങളിലുമെത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും അവർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഒരു നല്ല ദിവസം സംഭവിച്ച നല്ല കാര്യം - സന്തോഷവും സമാധാനവും പുലരാൻ മതമൈത്രിയും സഹവർത്തിത്വവും അനിവാര്യമാണെന്ന സന്ദേശം നൽകിയ മഹത്തായ സുദിനം.

പക്ഷെ മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന കാടൻ രാഷ്ട്രീയത്തിന്റെ വക്താക്കൾ അസ്വസ്ഥരായിരുന്നു. സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ അരുതാത്തതെന്തോ സംഭവിച്ച മട്ടിൽ വിലപിക്കുന്നത് കണ്ടു. പ്രധാനമന്ത്രിയുടെ സന്ദർശനം പരിഹാസ്യമാണെന്നാണ് സി.പി.എമ്മിന്റെ വിമർശനം - യഥാർഥത്തിൽ സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും നിലപാടുകളാണ് പരിഹാസ്യം.
ഒരു സമുദായവും അതിന്റെ നേതൃത്വവും രാഷ്ട്രീയമായി ആരോടും തൊട്ടു കൂടായ്മയില്ലെന്ന് പ്രഖ്യാപിക്കുന്നത് ജനാധിപത്യത്തിൽ സ്വാഭാവികമാണ്. സി.പി.എമ്മും കോൺഗ്രസും വോട്ടുബാങ്കുകളായി മാത്രം കാണുന്ന ന്യൂനപക്ഷങ്ങൾ അവരുടെ പൊള്ളത്തരങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ഇരുപാർട്ടികളുടെയും ജനകീയ അടിത്തറ ശിഥിലമാകുന്നതിന്റെ ബേജാറാണ് അവർ പ്രകടിപ്പിക്കുന്നത്.
അനിൽ ആന്റണി മാറ്റത്തിന്റെ സൂചികയാണ്. ക്രൈസ്തവ സമൂഹം മാത്രമല്ല മുസ്ലിം മത വിശ്വാസികൾ ഉൾപെടെയുള്ള ന്യൂനപക്ഷ സമൂഹമാകെ ബി.ജെ.പിയോടുള്ള തൊട്ടുകൂടായ്മ അവസാനിപ്പിച്ചിരിക്കുകയാണ്. ഇത് തിരിച്ചറിയാതെ ചില സാമുദായിക നേതാക്കന്മാർ ഇപ്പോഴും യു.ഡി.എഫിന്റെയും എൽ.ഡി എഫിന്റെയും കൈകളിലെ കളിപ്പാവയാവുകയാണ്.- എംടി രമേശ് കുറിപ്പ് അവസാനിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം കെടി ജലീലിനെതിരേയും രൂക്ഷ വിമർശനവുമായി എംടി രമേശ് രംഗത്ത് വന്നിരുന്നു. കെ.ടി ജലീലിനെ പോലെ ലക്ഷണമൊത്തൊരു തീവ്രവാദിയെ അരികത്തിരുത്തിയുള്ള സി.പി.എമ്മിന്റെ ഒടുക്കത്തെ യാത്ര അവസാനിപ്പിക്കുന്നതാണ് നല്ലതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
എലത്തൂരിൽ ട്രെയിനിൽ തീവപ്പുണ്ടായ സംഭവത്തിൽ മുൻമന്ത്രി കൂടിയായ ജലീലിന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണ്. "തീവച്ചതും മരിച്ചതും ഒരേ മതത്തിൽപെട്ടവരായത് കൊണ്ട് രക്ഷപ്പെട്ടുവത്രെ ?" എന്തു തോന്നിവാസമാണ് ഇയാൾ പറയുന്നത്. ഇസ്ലാമിക തീവ്രവാദം ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മാത്രമല്ല മുസ്ലിം സമുദായം ഉൾപ്പെടെ സകല മനുഷ്യവംശത്തിനും എതിരാണെന്നും എംടി രമേശ് വ്യക്തമാക്കി.
തീവ്രവാദി മുസ്ലിം നാമധാരി മരിച്ചതും മുസ്ലിം നാമധാരികൾ അതുകൊണ്ട് എല്ലാം സലാമത്തായി എന്ന ജലീലിന്റെ വാദം എത്ര ബാലിശമാണ്. മരിച്ചത് മനുഷ്യരാണ് കൊന്നത് മതത്തിന്റെ പേരിലും അങ്ങനെ പറയണ്ടെ ഈ മുൻമന്ത്രി - ഇരവാദമുയർത്തി തീവ്രവാദികളെ സംരക്ഷിയ്ക്കാനായി ഗോധ്രയെന്നും ഗുജറാത്തെന്നും മറ്റും പുലമ്പുന്ന വിദ്വാൻ പ്രതികളെ പിടികൂടണമന്ന് ആഗ്രഹിച്ചിട്ടു പോലുമില്ല.
ട്രെയിനിൽ തീവച്ച പ്രതി അതേ ട്രെയിനിൽ നാടുവിട്ടതും കേരള പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിച്ചുകളഞ്ഞതും അന്വേഷണ സംഘത്തിന് തീര കളങ്കമാണ്. കഴിവുകെട്ട ആഭ്യന്തര മന്ത്രിയുടെ പൊലീസ് കഴിവുകേട് ഒന്നു കൂടെ തെളിയിച്ചു. ഏതായാലും കേന്ദ്ര ഏജൻസികളുടെ കർശന പരിശോധനയിൽ പ്രതി പിടിയിലായി. ഇനി സംഭവത്തിന്റെ അടിവേരുവരെ തേടി കണ്ടുപിടിക്കേണ്ടതുണ്ടെന്നും രമേശ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications