കൊടകര കള്ളപ്പണ കേസുമായി ബന്ധപ്പെട്ട വിവരങ്ങളെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ല; കേന്ദ്രം
ന്യൂദല്‍ഹി: കേരളത്തിലെ ബി ജെ പി നേതാക്കള്‍ പ്രതിക്കൂട്ടിലായ കൊടകര കള്ളപ്പണ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാകില്ല എന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ ഡോ. വി ശിവദാസന്‍ എം പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.
കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ ഘട്ടത്തില്‍ വെളിപ്പെടുത്തുന്നത് പൊതുതാല്‍പര്യത്തിന് എതിരാണ് എന്നും അത് അന്വേഷണത്തെ ദോഷകരമായി ബാധിക്കും എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.കൊടകര കള്ളപ്പണ കേസില്‍ അനധികൃത പണമിടപാട് നിയമ പ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പ്രാഥമിക അന്വേഷണം തുടങ്ങി വെച്ചിട്ടുണ്ട് എന്നും കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.

2021 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലാണ് കൊടകരയില്‍ കള്ളപ്പണ കേസിന് ആസ്പദമായ സംഭവം നടന്നത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും കേസിന് കാര്യമായ തുമ്പുണ്ടാക്കാന്‍ ഇ ഡിക്ക് സാധിച്ചിട്ടില്ല. ബി ജെ പി സംസ്ഥാന നേതൃത്വത്തിലേക്കും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനിലേക്കും വരെ ആരോപണങ്ങള്‍ നീണ്ട കേസാണ് കൊടകര കള്ളപ്പണ കേസ്. കേസുമായി ബന്ധപ്പെട്ട് നിരവധി ബി ജെ പി നേതാക്കളെ ചോദ്യം ചെയ്തിരുന്നു.
അതേസമയം ബി ജെ പി സംസ്ഥാന നേതൃത്വത്തിലേക്ക് ഉള്‍പ്പെടെ സംശയ മുന നീളുന്ന വന്‍ കള്ളപ്പണ ഇടപാട് സംബന്ധിച്ച കേസില്‍ യാതൊരു വിധ താല്‍പര്യവും കാണിക്കാത്ത ഇ ഡി നടപടി വളരെ വിചിത്രമാണ് എന്ന് വി ശിവദാസന്‍ എം പി കേന്ദ്രസര്‍ക്കാരിന്റെ മറുപടിയോട് പ്രതികരിച്ചു.
ഡ്രെസും പോസും ഏതുമാകട്ടെ, സാധികയാണോ ഫ്രെയിമില്‍ എങ്കില്‍ ചിത്രം കലക്കും
അനധികൃത പണിമടപാട് കേസുകള്‍ കാര്യക്ഷമമായി അന്വേഷിക്കാന്‍ ബാധ്യസ്ഥരായ ഇ ഡി ബി ജെ പി പ്രതി സ്ഥാനത്തുള്ള കേസുകളില്‍ നിന്ന് ഒഴിഞ്ഞ് മാറുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു.
രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുന്നതിനുള്ള ഉപകരണമായി ഇ ഡി മാറരുത് എന്നും കൊടകര കള്ളപ്പണ കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം എന്നും ശിവദാസന്‍ എം പി ആവശ്യപ്പെട്ടു.












Click it and Unblock the Notifications