മുഖ്യമന്ത്രിയുടെ വസതിയിൽ മരപ്പട്ടി, പ്രതിപക്ഷ നേതാവിന് ഭീഷണി കീരിയും പാമ്പും; പൊറുതിമുട്ടി നേതാക്കൾ
തിരുവനന്തപുരം: തലസ്ഥാനത്ത് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ഔദ്യോഗിക വസതികളിൽ മരപ്പട്ടി ഉൾപ്പെടെയുള്ള ജീവികളുടെ ശല്യം അധികരിക്കുന്നു. ക്ലിഫ് ഹൗസിലെ മരപ്പട്ടി ശല്യം കാരണം വസ്ത്രങ്ങൾ ഇസ്‌തിരിയിട്ട് വയ്ക്കാനോ വെള്ളം തുറന്നുവയ്ക്കാനോ കഴിയാത്ത അവസ്ഥയാണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗത്തിൽ പറഞ്ഞിരുന്നു. വർഷങ്ങൾ പഴക്കമുള്ള ഈ കെട്ടിടങ്ങളിലെ മരം കൊണ്ടുള്ള മച്ചിലാണ് മരപ്പട്ടി ഉൾപ്പെടെ വിഹരിക്കുന്നത്.
മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാരിൽ ഭൂരിഭാഗവും താമസിക്കുന്നത് വർഷങ്ങൾക്ക് മുൻപ് രാജഭരണകാലത്ത് നിർമിച്ച ബംഗ്ലാവുകളിലും വീടുകളിലുമാണ്. കെട്ടിടങ്ങളുടെ ഈ പഴക്കം തന്നെയാണ് മരപ്പട്ടിയും എലിയും ഉൾപ്പെടെ ഇവിടെ താമസമാക്കുന്നതിന്റെ മുഖ്യ കാരണം. ഇവയുടെ ഘടനയും ഇത്തരം ജീവികളെ ഇവിടേക്ക് ചേക്കേറാൻ സഹായിക്കുന്നു.

മുഖ്യമന്ത്രിയുടെ വസതിയിൽ മരപ്പട്ടിയാണ് വില്ലനെങ്കിൽ പ്രതിപക്ഷനേതാവ് താമസിക്കുന്ന കന്റോൺമെന്റ് ഹൗസിൽ പാമ്പുകൾ ഉൾപ്പെടെയുള്ള ഉപദ്രവകാരിയായ ഇഴജന്തുക്കൾ വരെയുണ്ട്. ഇത് കൂടാതെ കീരികളും എലികളും ഇവിടെ ഒരുപാടുണ്ട്. ഇവിടെയും കെട്ടിടത്തിന്റെ പഴക്കവും ഘടനയും തന്നെയാണ് പ്രശ്‌നം.
നേരത്തെ ഒരു വർഷം മുൻപ് രാജ്ഭവനിലെ മരപ്പട്ടി ശല്യം കാരണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുറച്ചുകാലം ഹോട്ടലിൽ മുറിയെടുത്തു താമസിച്ചിരുന്നു. ഇവർക്ക് പുറമെ മറ്റ് മന്ത്രിമാരും സമാന സാഹചര്യം നേരിടുന്നുണ്ട്. മന്ത്രി വി ശിവൻകുട്ടിയുടെ വസതിയായ റോസ് ഹൗസ്, വി അബ്‌ദുറഹിമാൻ താമസിക്കുന്ന കവടിയാർ ഹൗസ്, ആർ ബിന്ദു താമസിക്കുന്ന സാനഡു എന്നിവിടങ്ങളിൽ മരപ്പട്ടിശല്യം രൂക്ഷമായി തുടരുകയാണ്.
ഇത്രയും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ പോലും ഈ കെട്ടിടങ്ങളിൽ അറ്റകുറ്റപ്പണി നടത്താൻ മടിച്ചു നിൽക്കുകയാണ് സർക്കാർ. അതിന്റെ കാരണം മുൻ മന്ത്രി കൂടിയായ ആന്റണി രാജു പറയുന്നത് ഇങ്ങനെ. പഴക്കമുള്ള മന്ത്രിമന്ദിരങ്ങൾ പലതും വാസയോഗ്യമല്ലാത്ത അവസ്ഥയിലാണെങ്കിലും അറ്റകുറ്റപ്പണികൾ നടത്താൻ മന്ത്രിമാർക്ക് പൊതുവേ മടിയാണ്. മന്ത്രിമന്ദിരങ്ങൾ നവീകരിച്ച കണക്ക് വരുമ്പോൾ സ്വന്തം പേരിൽ വലിയ കണക്ക് വരുന്നത് വിവാദമാകുമെന്ന ഭയമാണ് പലർക്കുമെന്നും ആന്റണി രാജു ചൂണ്ടിക്കാട്ടി.
അതേസമയം, മന്ത്രിമന്ദിരങ്ങളിലെ താമസം കഷ്‌ടപ്പാടുകള്‍ നിറഞ്ഞതാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ക്ലിഫ് ഹൗസിലാണെങ്കില്‍ മരപ്പട്ടിയെ പേടിച്ച് വെള്ളം പോലും കുടിക്കാനാകാത്ത അവസ്ഥയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നീന്തല്‍ക്കുളം, ലിഫ്റ്റ്, പൂന്തോട്ടം, തൊഴുത്ത് എന്നിങ്ങനെ ഓരോന്നിനായി ലക്ഷങ്ങള്‍ ചെലവിട്ടെന്ന വാർത്തകളാണ് കഴിഞ്ഞ കാലങ്ങളിൽ പുറത്തുവന്നത്. എന്നിട്ടും മരപ്പട്ടിയെ പേടിച്ച് ജീവിക്കാന്‍ വയ്യാത്ത അവസ്ഥയാണ് ഇവിടെ എന്നാണ് മുഖ്യമന്ത്രി തുറന്ന് പറയുന്നത്.












Click it and Unblock the Notifications