ഷെയറിട്ടാണോ ഓണം ബമ്പര്‍ എടുത്തത്; എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം, നറുക്കെടുപ്പിന് ദിവസങ്ങള്‍
തിരുവനന്തപുരം: ഇനി ദിവസങ്ങള്‍ മാത്രമാണ് ഓണം ബമ്പര്‍ നറുക്കെടുപ്പിനുള്ളത്. ഈ വരുന്ന സെപ്റ്റംബര്‍ 18ന് നറുക്കെടുപ്പ് നടക്കും. ഇത്തവണ ടിക്കറ്റിന് 300 രൂപയില്‍ നിന്ന് 500 രൂപയാക്കിയതോടെ കൂടുതല്‍ വരുമാനം ലഭിക്കുമെന്നാണ് ലോട്ടറിവ വകുപ്പ് പ്രതീക്ഷിക്കുന്നത്. അവസാന നാളുകളില്‍ ബംമ്പര്‍ നറുക്കെടുപ്പ് പൊടി പൊടിക്കുമെന്നാണ് കണക്കുകൂട്ടല്‍.

കഴിഞ്ഞ കുറച്ചു കാലങ്ങളായി ബമ്പര്‍ ലോട്ടറി ഷെയറിട്ട് വാങ്ങുന്നതാണ് ട്രെന്‍ഡ്. സുഹൃത്തുക്കളും ഒപ്പം ജോലി ചെയ്യുന്നവരും ഇങ്ങനെ ടിക്കറ്റ് വാങ്ങുന്നതാണ് ഇപ്പോള്‍ പതിവ്. എന്നാല്‍ നിങ്ങള്‍ അങ്ങനെ ലോട്ടറി വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം.

ലോട്ടറി ഷെയറിട്ട് വാങ്ങുന്നതിന് യാതൊരുവിധ നിയമ തടസങ്ങളുമില്ല. എന്നാല്‍ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക കൈമാറാന്‍ ലോട്ടറി വകുപ്പിന് അധികാരമില്ല. ഈ സാഹചര്യത്തില്‍ ലോട്ടറി വകുപ്പ് തുക ഒരിക്കലും വീതിച്ചു നല്‍കില്ല.

ഷെയറിട്ട് ലോട്ടറി വാങ്ങുന്നവര്‍ കൂട്ടത്തിലുള്ള ഒരാളെ സമ്മാനത്തുക വാങ്ങുന്നതിനായി ചുമതലപ്പെടുത്തണം. ഇങ്ങനെ ഒരാളെ സമ്മാനം വാങ്ങാന്‍ ചുമതലപ്പെടുത്തുന്നത് 50 രൂപയുടെ മുദ്ര പേപ്പറില്‍ എഴുതി സാക്ഷ്യപ്പെടുത്തി ലോട്ടറി വകുപ്പില്‍ ഹാജരാക്കണം. ഇങ്ങനെ ചുമതലപ്പെടുത്തുന്നവരുട് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറുക.

ഈ വ്യക്തിയുടെ വിശദാംശങ്ങള്‍ മാത്രം ലോട്ടറി വകുപ്പിന് സമര്‍പ്പിച്ചാല്‍ മതി. അല്ലെങ്കില്‍ എത്ര ആളുകളാണ് ഷെയറിട്ടത് അവരുടെ എല്ലാവരുടെയും പേരുകളില്‍ ഒരു സംയുക്ത ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാന്‍ ഒരാളെ ചുമതലപ്പെടുത്തിയാല്‍ മതി. അങ്ങനെയെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍ പേര് ചേര്‍ത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കണം.

ഇത്തവണ ഓണം ബംബറിന് സമ്മാനത്തുക 25 കോടി രൂപയാണ്. ഒന്നാം സമ്മാനം അടിച്ചാല്‍ ജേതാവിന് 15.75 കോടി രൂപയാണ് ലഭിക്കുക. 2.5 കോടി എജന്റ് കമ്മിഷനും നികുതിയിളവും കഴിച്ചുള്ള തുകയാണിത്. നറുക്കെടുപ്പ് നടന്ന് മുതല്‍ 30 ദിവസത്തിനുള്ളില്‍ ഒറിജിനല്‍ ടിക്കറ്റ്, ബന്ധപ്പെട്ട രേഖകള്‍ സഹിതം മേല്‍പറഞ്ഞ ഓഫിസുകളിലേതെങ്കിലും ഹാജരാക്കണം. 30 ദിവസത്തിനുള്ളില്‍ ടിക്കറ്റ് ഹാജരാക്കുവാന്‍ സാധിച്ചില്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം ലോട്ടറി വകുപ്പില്‍ സമര്‍പ്പിക്കേണ്ടി വരും.

അതേസമയം, കഴിഞ്ഞ വര്‍ഷം 12 കോടി രൂപ ആയിരുന്നു ഓണം ബംബറിന്റെ സമ്മാന തുക. ടിക്കറ്റ് വാങ്ങണമെങ്കില്‍ 300 രൂപയും നല്‍കണമായിരുന്നു. ഈ നിരക്കാണ് ഇപ്പോള്‍ 500 ആയിരിക്കുന്നത്. സമ്മാനത്തുകയിലും നിരക്കിലും ലോട്ടറി വകുപ്പ് മാറ്റം കൊണ്ടു വരുന്നത് ഓണം ബംബറിന്റെ സ്വീകാര്യതയിലും പ്രചരണത്തിലും നേട്ടം ഉണ്ടാക്കിയേക്കും എന്നാണ് വകുപ്പിന്റെ പ്രതീക്ഷ.












Click it and Unblock the Notifications