ഓണം ബംപർ നറുക്കെടുപ്പ്: കേരളം തേടുന്ന ഭാഗ്യവാനെ നാളെ അറിയാം, 25 കോടി അടിച്ചാൽ കൈയിൽ എത്ര കിട്ടും?
തിരുവനന്തപുരം: കേരള ലോട്ടറിയുടെ ഏറ്റവും കൂടിയ സമ്മാന തുകയുള്ള ഓണം ബംപറിന്റെ നറുക്കെടുപ്പ് നാളെ. മാസങ്ങളുടെ കാത്തിരിപ്പിനും ലക്ഷക്കണക്കിന് ടിക്കറ്റുകളുടെ വിൽപ്പനയ്ക്കും ശേഷമാണ് ഫലമറിയുന്ന ദിവസം വന്നെത്തുന്നത്. അഞ്ഞൂറ് രൂപ വിലയുള്ള ടിക്കറ്റ് എടുക്കുന്ന ഭാഗ്യശാലികളിൽ ഒന്നാമന് 25 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. വർഷത്തിൽ ഒരിക്കൽ മാത്രം എടുക്കുന്ന ഈ ഭാഗ്യക്കുറി അതിന്റെ വൈവിധ്യമാർന്ന സമ്മാന രീതികൾ കൊണ്ട് തന്നെ വ്യത്യസ്‌തമാണ്.
നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ധനകാര്യ മന്ത്രി കെഎൻ ബാലഗോപാലാണ് എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ഓണം ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടത്തുക. ഇതിനോടൊപ്പം തന്നെ പൂജ ബംപറിന്റെ പ്രകാശനവും മന്ത്രി നിർവഹിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ടിക്കറ്റ് വിൽപ്പന തകൃതിയായി നടക്കുന്നുണ്ട്.

ഓണം ബംപർ ഫലം എവിടെ കാണാം?
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി എല്ലാം ഓൺലൈൻ ആയതിനാൽ തന്നെ നറുക്കെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിങ്ങൾക്ക് തത്സമയം തന്നെ കാണാൻ കഴിയും. ലോട്ടറി വകുപ്പിന്റെ യൂട്യൂബ് ചാനലിലൂടെ ഇത് തത്സമയം സ്ട്രീം ചെയ്യുന്നുണ്ട്. Kerala Lottery Live Result എന്ന പേരിലുള്ള യൂട്യൂബ് ചാനലാണ് ഇതിനായി സന്ദർശിക്കേണ്ടത്. പന്ത്രണ്ട് മാണി മുതൽ തന്നെ ഇതിൽ ലൈവ് സ്ട്രീം ആരംഭിക്കും. ഇനി ലൈവ് കാണാൻ കഴിയാത്തവരും ടെൻഷൻ അടിക്കേണ്ട കാര്യമില്ല.
അവർക്ക് ഫലം വന്നയുടൻ അത് ഓൺലൈനായി പരിശോധിക്കാനുള്ള അവസരവുമുണ്ട്. keralalottery.info എന്ന വെബ്‌സൈറ്റ് സന്ദർശിച്ചാൽ നിങ്ങൾക്ക് ഫലം പരിശോധിക്കാൻ കഴിയും. ഇത് കൂടാതെ ടിവിയിൽ ഫലം ദൃശ്യമാവും. നിങ്ങൾ വീടുകളിൽ ആണെങ്കിൽ ചാനലുകളിലൂടെ തത്സമയം ഫലം അറിയാനുള്ള സംവിധാനവും ഇപ്പോഴുണ്ട്. കൃത്യം രണ്ട് മാനിക്കായിരിക്കും നറുക്കെടുക്കുക.
എത്രയാണ് ഇക്കുറി സമ്മാനത്തുക?
വൈവിധ്യമാർന്ന സമ്മാന ഘടനയാണ് ഈ ലോട്ടറിയെ കൂടുതൽ ആളുകളിലേക്ക് ആകർഷിക്കുന്ന കാര്യം. നേരത്തെ പറഞ്ഞത് ഒന്നാം സമ്മാനം 25 കോടിയാണ്. എന്നാൽ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും എന്നതാണ് പ്രത്യേകത. മൂന്നാം സമ്മാനം ലഭിക്കുന്നത് 20 ഭാഗ്യശാലികൾക്കാണ്. 50 ലക്ഷം രൂപയാണ് ഇവർക്ക് കിട്ടുക. 5 ലക്ഷം രൂപ വരെ ഓണം ബമ്പറിലെ പ്രോത്സാഹന സമ്മാനമായി ലോട്ടറി വകുപ്പ് നൽകുന്നുണ്ട്.
25 കോടി അടിച്ചാൽ മുഴുവൻ കിട്ടുമോ?
അടിക്കുന്നത് 25 കോടിയുടെ സമ്മാന തുക ആണെങ്കിലും ലോട്ടറി ഉടമയ്ക്ക് ലഭിക്കുക ഏകദേശം 12.88 കോടി രൂപ മാത്രമായിരിക്കും. സമ്മാനത്തുകയുടെ 10 ശതമാനമാണ് കമ്മീഷനായി ഏജന്റിന് ലഭിക്കുക,. ഈ കമ്മീഷൻ കഴിഞ്ഞാൽ ബാക്കിയുള്ള തുക 22 കോടി അൻപത് ലക്ഷം ഉണ്ടാവും, ഇതിൽ നിന്ന് 30 ശതമാനം ടിഡിഎസ് ഈടാക്കും, ബാക്കിയുണ്ടാവുക 15 കോടി 75 ലക്ഷം രൂപയാണ്. പിന്നീട് സർചാർജ്, സെസ് എന്നിവ കുറച്ചാൽ ആകെ 12.88 കോടിയോളം രൂപയെ ഉടമയ്ക്ക് ലഭിക്കൂ.












Click it and Unblock the Notifications