കാവ്യ പ്രകാശൻ ലോട്ടറി എടുത്തത് 65 ലക്ഷത്തിന്, ഓണം ബംബർ വാങ്ങിയത് 93 ടിക്കറ്റുകൾ, ഇത്തവണ അടിച്ചത് ഇത്ര
കണ്ണൂര്‍: സമ്മാനത്തുക 25 കോടി ആയി ഉയര്‍ത്തിയതോടെ കടം വാങ്ങിയിട്ടാണെങ്കിലും ഓണം ബംബര്‍ എടുക്കുന്ന അവസ്ഥയിലേക്കാണ് പലരും എത്തിയത്. 500 രൂപയാണ് ടിക്കറ്റ് വില എങ്കിലും ഒന്നില്‍ കൂടുതല്‍ ടിക്കറ്റുകളെടുത്ത് ഭാഗ്യം വരാനുളള സാധ്യത കൂട്ടുന്നവരുമുണ്ട്. എന്നാല്‍ ഇക്കുറി ഒന്നാം സമ്മാനം അടിച്ചയാളാകട്ടെ ലോട്ടറി എടുക്കുന്ന ആളേ അല്ല. അതുമല്ല നറുക്കെടുപ്പിന്റെ തിയ്യതി നീട്ടി വെച്ചപ്പോള്‍ ആ സമയത്ത് ടിക്കറ്റ് എടുത്ത ആളുമാണ്. എന്നുവെച്ചാല്‍ ഭാഗ്യം നമ്മുടെ കയ്യിലല്ലെന്ന് അര്‍ത്ഥം.
പക്ഷേ കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ പ്രകാശന്‍ ഭാഗ്യം കയ്യെത്തി പിടിക്കാനുളള വലിയ ശ്രമം ആണ് ഇക്കുറി ഓണം ബംബറില്‍ നടത്തിയത്. ഒന്നും രണ്ടും അല്ല 93 ഓണം ബംബര്‍ ടിക്കറ്റുകളാണ് പ്രകാശന്‍ വാങ്ങിക്കൂട്ടിയത്. അതായത് 46,500 രൂപ ലോട്ടറി വാങ്ങാന്‍ മാത്രമായി പ്രകാശന്‍ ചിലവാക്കി. കഴിഞ്ഞ ഓണം ബംബറിന് 100 ടിക്കറ്റുകളായിരുന്നു പ്രകാശന്‍ എടുത്തത്.
മുപ്പത് വര്‍ഷത്തോളമായി പ്രകാശന്‍ ലോട്ടറി ടിക്കറ്റുകളെടുക്കുന്നു. പക്ഷേ ഇതുവരെയും പ്രകാശനെ ഭാഗ്യം കടാക്ഷിച്ചിട്ടില്ല. ഇത്തവണ എന്തായാലും ലോട്ടറി അടിക്കുമെന്നുളള ഉറപ്പില്‍ വീട് പണി പൂര്‍ത്തിയാക്കാന്‍ ആശാരിമാരെ പറഞ്ഞേല്‍പ്പിച്ചിരുന്നു. ഇത്തവണ പക്ഷേ 93 ടിക്കറ്റുകളില്‍ ചിലത് അടിച്ചു. എന്നാല്‍ കിട്ടിയ തുക പ്രകാശന്‍ ലോട്ടറി വാങ്ങാന്‍ ചിലവാക്കിയതിന്റെ പകുതി പോലും ഇല്ലെന്നതാണ് നിരാശാജനകം.

12,000 രൂപയാണ് ഓണം ബംബറിലൂടെ പ്രകാശന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചില്ലെങ്കിലും രണ്ടാം സമ്മാനമായ 1 കോടിയെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നായിരുന്നു പ്രകാശന്റെ പ്രതീക്ഷ. ഇന്നേ വരെ ഒരു സമ്മാനവും കിട്ടിയിട്ടില്ല. ഇത് അവസാനത്തെ ലോട്ടറിയെടുപ്പാണ്. ഇന്ന് കിട്ടും നാളെ കിട്ടും എന്നുളള പ്രതീക്ഷയായിരുന്നു ഇതുവരെ. പ്രായം കൂടിക്കൊണ്ടിരിക്കുകയാണ്. ഒരു അയ്യായിരവും കുറേ അഞ്ഞൂറും കൂടി 12000 ആണ് കിട്ടിയത്. ഇനി പൂജാ ബംബറാണ് പ്രതീക്ഷ. ഓണം ബംബര്‍ കിട്ടാത്തതിന്റെ ക്ഷീണം മാറിയിട്ടില്ല. ഇന്നലെ ഉറങ്ങിയിട്ടില്ല, പ്രകാശന്‍ പറയുന്നു.
ഇതുവരെ 60 ലക്ഷത്തില്‍ അധികം രൂപയുടെ ടിക്കറ്റുകള്‍ എടുത്തിട്ടുണ്ടെന്നാണ് കാവ്യ പ്രകാശന്‍ എന്ന് അറിയപ്പെടുന്ന പ്രകാശന്‍ പറഞ്ഞത്. മീശ മാധവന്‍ കണ്ട് കാവ്യ മാധവന്റെ ആരാധകനായതാണ് പ്രകാശന്‍. ബംബര്‍ ടിക്കറ്റുകള്‍ മാത്രമാണ് പ്രകാശന്‍ എടുക്കാറുളളത്. അമ്മ പറഞ്ഞിട്ടുണ്ട്, എന്റെ മകന് ഒരു ലോട്ടറി അടിച്ചിരുന്നെങ്കില്‍ എന്ന്. കിട്ടിയിരുന്നെങ്കില്‍ അമ്മയുടെ ആത്മാവിന് ശാന്തി കിട്ടുമായിരുന്നു. ലോട്ടറി അടിച്ചാല്‍ സഹോദരിക്കും മക്കള്‍ക്കും വീട് വെച്ച് കൊടുക്കണം എന്നാണ് പ്രകാശന്റെ ആഗ്രഹം.
'താന്‍ നാടന്‍ പണിക്ക് പോകുന്ന ആളാണ്. ഉച്ച വരെ അതിന് പോകും, അത് കഴിഞ്ഞ് കല്ല് ചുമക്കാന്‍ പോകും. അങ്ങനെ കിട്ടുന്ന പണത്തില്‍ നിന്ന് ഒരു വിഹിതം മാറ്റി വെച്ചിട്ടാണ് ലോട്ടറി എടുക്കുന്നത്. താന്‍ മദ്യപിക്കാറില്ല. ലോട്ടറി എടുക്കുമ്പോള്‍ ഒരു ബുക്ക് ആയിട്ടാണ് എടുക്കുക. കഴിഞ്ഞ തവണ 100 ടിക്കറ്റ് എടുത്തിട്ട് ആകെ കിട്ടിയത് 6500 രൂപയാണ്. അതില്‍ വളരെ സങ്കടം ഉണ്ട്'. എപ്പോഴെങ്കിലും അടിക്കും എന്നുളള പ്രതീക്ഷയിലാണെന്നും പ്രകാശന്‍ പറയുന്നു.












Click it and Unblock the Notifications