ഇനി 500 മുടക്കിയാൽ 30 കോടി കീശയിലാക്കാം; ഓണം ബമ്പർ സമ്മാനത്തുകയിൽ കാത്തിരുന്ന മാറ്റം..!
തിരുവനന്തപുരം: ഓണം ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനത്തുക 30 കോടിയായി ഉയർത്തി. ഇതോടെ സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനത്തുകയുള്ള ഓണം ബംബർ ലോട്ടറിയായാണ് ഇത്തവണത്തെ നറുക്കെടുപ്പ് മാറുന്നത്. കഴിഞ്ഞ വർഷം ഒന്നാം സമ്മാനം 25 കോടി രൂപയായിരുന്നു. ഇത്തവണ അത് അഞ്ച് കോടി രൂപ വർധിപ്പിച്ചാണ് സംസ്ഥാന സർക്കാർ പ്രഖ്യാപനം നടത്തിയത്.
സംസ്ഥാന ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഓണം ബംബർ ലോട്ടറിയുടെ സമ്മാനത്തുക വർധിപ്പിച്ചത്. ഒന്നാം സമ്മാനത്തിന് പുറമെ മറ്റ് സമ്മാനഘടനയിലും മാറ്റങ്ങൾ വരുത്തും. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി സമ്മാനഘടനയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഓണം ബംബർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ജൂലൈ 17ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പഴയത് പോലെ തന്നെ 500 രൂപയാണ് ഓണം ബംബറിന്റെ ടിക്കറ്റ് വിലയായി നിശ്ചയിച്ചിരിക്കുന്നത്. (ടിക്കറ്റ് നിരക്ക് 357.14 രൂപ +40 ശതമാനം ജിഎസ്‌ടി). 90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റുമാർക്ക് നൽകാൻ നിശ്ചയിച്ചിട്ടുളളതെങ്കിലും ഡിമാന്റ് അനുസരിച്ചാകും ടിക്കറ്റ് പ്രിന്റ് ചെയ്യുക. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ സീരീസുകളിൽ ടിക്കറ്റുകൾ പുറത്തിറക്കും. ബംബറിന്റെ നറുക്കെടുപ്പ് സെപ്റ്റംബർ 26ന് തിരുവനന്തപുരം ഗോർഖി ഭവനില്‍ വച്ച് ആയിരിക്കും നടക്കുക.
അതേസമയം, കേരള ലോട്ടറി ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന നിയമവിരുദ്ധമാണ്. ലൈസൻസുള്ള ഏജന്റുമാരിൽ നിന്ന് അച്ചടിച്ച ടിക്കറ്റുകൾ മാത്രം വാങ്ങണമെന്നും സോഷ്യൽ മീഡിയയിലൂടെയോ ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകളിലൂടെയോ ടിക്കറ്റുകൾ വാങ്ങരുതെന്നും ഡയറക്‌ടർ അറിയിച്ചിട്ടുണ്ട്. ഇത്തരം വ്യാജ ടിക്കറ്റുകൾ വാങ്ങി ആളുകൾക്ക് പണം നഷ്‌ടമാവുന്നു എന്ന പരാതി ഉയർന്നതിനെ പിന്നാലെയാണ് ലോട്ടറി വകുപ്പിന്റെ മുന്നറിയിപ്പ്.
കേരള സർക്കാരിന്റെ ഏറ്റവും ജനപ്രീതിയുള്ള ബംബർ ലോട്ടറിയാണ് ഓണം ബംബർ. എല്ലാ വർഷവും ലക്ഷക്കണക്കിന് ടിക്കറ്റുകളാണ് വിറ്റഴിക്കപ്പെടുന്നത്. ഓണക്കാലത്ത് വലിയ സമ്മാനത്തുക പ്രഖ്യാപിക്കുന്നതിനാൽ രാജ്യത്തിനകത്തും വിദേശ മലയാളികൾക്കിടയിലും ഈ ലോട്ടറിക്ക് വലിയ സ്വീകാര്യതയുണ്ട്. ഒന്നാം സമ്മാനത്തുക 30 കോടിയായി ഉയർന്നതോടെ ഇത്തവണ ഓണം ബംബർ ലോട്ടറിക്ക് കൂടുതൽ ജനശ്രദ്ധ ലഭിക്കുമെന്നും വിൽപ്പന കൂടുമെന്നുമാണ് വിലയിരുത്തൽ.
സമ്മാന ഘടനയുടെ പൂർണരൂപം:
ഒന്നാം സമ്മാനം: 30 കോടി രൂപ
രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേര്‍ക്ക് ( ഓരോ സീരീസിലും 2 വീതം)
മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും 2 വീതം
നാലാം സമ്മാനം: 5 ലക്ഷം രൂപ 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)
അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)
ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേര്‍ക്ക്
ഏഴാം സമ്മാനം: 2000 രൂപ വീതം 81,000 പേര്‍ക്ക്
എട്ടാം സമ്മാനം: 1000 രൂപവീതം 1,24,200 പേര്‍ക്ക്
ഒന്‍പതാം സമ്മാനം: 500 രൂപ വീതം 2,75,400 പേര്‍ക്ക്
സമാശ്വാസസമ്മാനം: 5 ലക്ഷം രൂപവീതം 9 പേര്‍ക്ക്
ആകെ സമ്മാനത്തുക: 125 കോടി 54 ലക്ഷം രൂപ












Click it and Unblock the Notifications