ഓണം ബംപർ തൂപ്പുകാരിയായ 56 കാരി വിമലയ്ക്കോ? പാവങ്ങളെ സഹായിക്കുമെന്ന്, പ്രചരിക്കുന്നതിന് പിന്നിൽ
കഴിഞ്ഞ ദിവസം ആണ് ഓണം ബംപർ വിജയിയെ പ്രഖ്യാപിച്ചത്. പാലക്കാട് നിന്ന് വിറ്റ TH 577825 എന്ന ടിക്കറ്റിനായിരുന്നു സമ്മാനം. ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സിയിലെ തങ്കരാജാണ് ഈ ടിക്കറ്റ് പാലക്കാടുനിന്ന് വാങ്ങിയത്. തുടർന്ന് ഭഗവതി ഏജൻസയിയുടെ വൈറ്റില ശാഖയിൽ നിന്ന് ലോട്ടറി ഏജന്റായ ലതീഷാണ് ഈ ടിക്കറ്റ് വിറ്റത്.
ഫലം പ്രഖ്യാപിച്ചതോടെ ആദ്യം വന്ന വാർത്ത തിരുവനന്തപുരത്തുകാരനാണ് ലോട്ടറി അടിച്ചതെന്നാണ് . പിന്നാലെ അത് നെട്ടൂർ സ്വദേശിയായ വനിതയ്ക്കാണ് എന്നായി. പേര് വെളിപ്പെടുത്താൻ അവർ തയ്യാറായില്ലെന്നും വാർത്തകൾ വന്നു. ഇതിനിടെ സ്വകാര്യ സ്ഥാപനത്തിലെ തൂപ്പുകാരിയായ 56 കാരി വിമലയാണ് ആ ഭാഗ്യശാലി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരണവും നടന്നു.

'ഓണം ബമ്പറടിച്ച വീട്ടമ്മയെ കണ്ടെത്തി
നെട്ടൂ൪ : സ്വകാര്യ സ്ഥാപനത്തിലെ തൂപ്പുകാരിയായ 56 കാരി വിമലയാണ് ആ ഭാഗ്യശാലി
വാടകവീട്ടിലാണ് വിമലയും കിടപ്പ് രോഗിയായ ഭ൪ത്താവും രണ്ട് പെൺമക്കളും താമസിക്കുന്നത് ,
വിമലയുടെ ഏകവരുമാനത്തിലായിരുന്നു വാടകവീട്ടിൽ ഈ നി൪ദ്ധനകുടുംബം കഴിഞ്ഞിരുന്നത് ,
ഓണം ഒരുങ്ങാൻ വേണ്ടി ഞങ്ങൾ സ്നേഹിച്ചു വള൪ത്തിയ നീലി എന്ന ആടിനെ വിറ്റ് കിട്ടിയ പൈസയിൽനിന്ന് മിച്ചം വന്ന പൈസകൊണ്ടാണ് ഞാ൯ നെട്ടൂരിലെ ഒരു ഏജ൯സിയിൽ നിന്ന് ഓണം ബമ്പ൪ എടുത്തത് നീലി ആടാണ് ഞങ്ങൾക്ക് ഭാഗ്യം കൊണ്ടുവന്നത് നീലി ആടിനെ വാങ്ങിയവ൪ തിരിച്ചു തന്നാൽ ഇരട്ടിവില തന്ന് നീലിയെ തിരികെ വാങ്ങാ൯ തയ്യാറാണെന്നും വിമല പറഞ്ഞു.
വിമലയുടെ ആഗ്രഹം സ്വന്തമായി ഒരു വീടും ഭ൪ത്താവിന് മികച്ച ചികിത്സയും പെൺമക്കളുടെ വിവാഹവും നടത്തുക ഇത്രയുമാണ് വിമലയുടെ ആഗ്രഹങ്ങൾ. എന്നെപോലെ ദാരിദ്ര്യത്തിൽ കഴിയുന്ന പാവപെട്ട കുടുംബങ്ങളെ എനിയ്ക്ക് സഹായിക്കാ൯ താൽപര്യമുണ്ട് അ൪ഹതപ്പെട്ടവ൪ വന്നാൽ ഞാ൯ തീ൪ച്ചയായും സഹായിക്കും എന്നും വിമല കൂട്ടിചേ൪ത്ത് !!' എന്നായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്ത. എന്നാൽ ഇത് വെറും വ്യാജപ്രചരണമായിരുന്നു. എഐ ചിത്രമായിരുന്നു ഈ പോസ്റ്റിന് വേണ്ടി ഉപയോഗിച്ചത്.
അതേസമയം ഇപ്പോൾ യഥാർത്ഥ വിജയിയേയും കണ്ടെത്തി കഴിഞ്ഞു. തുറവൂർ സ്വദേശി ശരത് എസ് നായർക്കാണ് 25 കോടി ലഭിച്ചത്. നെട്ടൂരിൽ നിന്നാണ് ശരത് ടിക്കറ്റ് എടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനായ ശരത് തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കി.












Click it and Unblock the Notifications