സപ്ലൈ കോ ഓണം ഫെയർ ഓഗസ്റ്റ് 18 മുതൽ 28 വരെ; പൊതുവിപണിയേക്കാൾ 5 രൂപ വിലക്കുറവിൽ 5 ഉൽപന്നങ്ങൾ
തിരുവനന്തപുരം: ഈ മാസം 18-ാം തിയതി മുതൽ ഓണം ഫെയർ നടത്തുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ ലക്ഷ്യം ഇട്ടാണ് ഓണം ഫെയർ നടത്തുന്നത്.
ഉത്രാട ദിനമായ ഓഗസ്റ്റ് 28 വരെയാണ് ഫെയർ നടത്തുക. ശബരി മട്ടയരി, ആന്ധ്ര ജയ അരി, പുട്ട് പൊടി. ആട്ട, അപ്പപ്പൊടി എന്നിങ്ങനെ പൊതു വിപണിയിൽ നിന്നും അഞ്ച് രൂപ വിലക്കുറവിൽ അഞ്ച് ഉത്പന്നങ്ങൾ സപ്ലൈകോ വിപണയിൽ എത്തിക്കും.

ഓണം ഫെയർ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കേന്ദ്രങ്ങളിലും 19 മുതൽ എല്ലാ ജില്ലകളിലും 23 മുതൽ എല്ലാ മണ്ഡലങ്ങളിലും ഓണം ഫെയര്‍ നടത്തുമെന്നാണ് മന്ത്രി അറിയിച്ചത്.. അതേസമയം സബ്സിഡി ഇനത്തിൽ നൽകിവരുന്ന 13 ഭക്ഷ്യ വസ്തുക്കളിൽ മൂന്ന് ഇനത്തിന്റെ കുറവ് മാത്രമാണ് സ്റ്റോറുകളിൽ ഉള്ളതെന്ന് മന്ത്രി വ്യക്തമാക്കി.
250 കോടിയുടെ വിൽപനയാണ് സപ്ലൈക്കോ ലക്ഷ്യം വെയ്ക്കുന്നത്. ഓണം വിപണി ലക്ഷ്യം വെച്ച് സപ്ലൈക്കോ ഉത്പന്നങ്ങള്‍ ഇരട്ടിയോളം ഇറക്കുമതി ചെയ്യുന്നുണ്ട് . ഓഗസ്റ്റ് 10 ഓടെ എല്ലാ സാധനങ്ങളും സപ്ലൈകോ യിൽ ലഭിക്കും. സപ്ലൈകോയിൽ പ്രതിമാസ വിൽപന 270 കോടിയായി കൂടി എന്നാണ് റിപ്പോർട്ടുകൾ. ഗുണനിലവാരം വർധിപ്പിക്കാൻ ശക്തമായ നടപടി സ്വീകരിച്ചുവെന്നും ഇതാണ് വിൽപ്പന കൂടാൻ കാരണം എന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ഒരു ഔട്ട് ലെറ്റിലും സാധനങ്ങൾ ഇല്ലാത്ത അവസ്ഥ ഇല്ലെന്നും അത്തരം വാർത്തകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സപ്ലൈ കോയിൽ സബ്സിഡി ഇനത്തിൽ പ്രതിമാസം 45 കോടി ആണ് ബാധ്യത. ഇത് സർക്കാരിന് പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത് എന്നതാണ് സർക്കാർ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications