അഭിപ്രായ വ്യത്യാസം വന്നാല്‍ ദു:ഖിച്ച് മിണ്ടാതിരിക്കും; അനുസ്മരിച്ച് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടേത് തീര്‍ത്തും നിഷ്‌കളങ്ക ജീവിതമായിരുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സമയവും കാലവും നോക്കാതെ ജനങ്ങള്‍ക്കിടയില്‍ ജീവിച്ച, ജനങ്ങളുടെ നേതാവാണ് ഉമ്മന്‍ചാണ്ടി. ജനങ്ങള്‍ക്കായി അദ്ദേഹം ഒരു ചെവി തുറന്നുവെച്ചിരുന്നു. പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, എന്നിങ്ങനെ പല പദവികളും അദ്ദേഹം കൈകാര്യം ചെയ്തപ്പോള് ഒപ്പമുണ്ടായിട്ടുണ്ട്. അതിലൂടെ സുഹൃദ് ബന്ധവുമുണ്ടായിട്ടുണ്ട്.
ഞങ്ങള്‍ തമ്മില്‍ കയര്‍ത്ത് കൊണ്ട് ഒരു വാക്ക് പോലും പറയേണ്ടി വന്നിട്ടില്ല. അഭിപ്രായ വ്യത്യാസമുണ്ടായാല്‍ വലിയ ദുഖത്തോടെ അദ്ദേഹം മിണ്ടാതിരിക്കുകയാണ് ചെയ്യാറുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിന്റെ അഞ്ചാം മന്ത്രി വിവാദ കാലത്ത് ഒരുപാട് പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. രാഷ്ട്രീയ ആവശ്യമായ അത് വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി അതിന് പരിഹരാരം കണ്ടു. ഒരുപാട് രാഷ്ട്രീയ പ്രത്യാഘാതങ്ങളും അതിലൂടെയുണ്ടായി. മന്ത്രിസഭ രൂപീകരിക്കാന്‍ നില്‍ക്കുമ്പോഴുണ്ടായ പ്രശ്‌നങ്ങളും അറിയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രായോഗികമായി ബുദ്ധിമുട്ടുള്ള വിഷയങ്ങളില്‍ മുഖത്ത് ദു:ഖം പ്രകടമാകുമെങ്കില്‍, വാക്കില്‍ അതൊന്നും ഉണ്ടാവില്ല. ഒരാളോടും അദ്ദേഹം മോശമായി പ്രതികരിട്ടില്ല. പാണക്കാട് കുടുംബത്തോടും അദ്ദേഹത്തിന് വലിയ ബന്ധമായിരുന്നു. സ്വന്തം കുടുംബത്തിനോടെന്ന പോലെയായിരുന്നു ആ ബന്ധം. കേരള സമൂഹത്തിന് ഒരുപാട് മാറ്റങ്ങള്‍ അദ്ദേഹം നല്‍കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേസമയം ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. പ്രത്യേക വിമാനത്തിലാണ് തലസ്ഥാനത്തെത്തിക്കുന്നത്. പിന്നീട് സ്വന്തം വസതിയിലേക്ക് കൊണ്ടുപോകും. അതിന് ശേഷം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചു. കെപിസിസി ഓഫീസിലും പൊതുദര്‍ശനം നടക്കും. ജഗതിയിലെ വീട്ടിലേക്ക് രാത്രി വീണ്ടും എത്തിക്കും.
നാളെ രാവിലെ എഴിനാണ് കോട്ടയത്തേക്ക് കൊണ്ടുപോവുക. തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വെക്കും. പുതുപ്പള്ളിയില്‍ വൈകീട്ട് വിലാപയാത്രയുണ്ട്. വ്യാഴാഴ്ച്ച വൈകീട്ട് രണ്ട് മണിക്കാണ് സംസ്‌കാരം നടക്കുക. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറും അനുശോചനം അറിയിച്ചു. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും രാഷ്ട്രീയ നേതാവായും വേറിട്ടു നിന്ന വ്യക്തിത്വമായിരുന്നു ഉമ്മന്‍ ചാണ്ടിയുടേതെന്ന് അരുണ്‍ കുമാർ പറഞ്ഞു.
അപൂര്‍വമായി മാത്രമേ ഞാനദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുള്ളു. എന്നാല്‍ നിയമസഭയിലും കോടതിയിലുമെല്ലാം എന്റെ അച്ഛന്‍ അദ്ദേഹവുമായി കൊമ്പുകോര്‍ക്കുന്നത് കണ്ടിട്ടുണ്ട്. രാഷ്ട്രീയമായി വിയോജിക്കുമ്പോഴും വ്യക്തിപരമായി അച്ഛന്‍ ഉമ്മന്‍ചാണ്ടിയെ അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ നേരിട്ട് അനുശോചിക്കാനാവാത്തതിന്റെ വിഷമം അച്ഛനുള്ളതായി ഞാന്‍ മനസ്സിലാക്കുന്നു. ആദരാഞ്ജലികള്‍. എന്ന് അരുണ്‍ കുമാര്‍ കുറിച്ചു.












Click it and Unblock the Notifications