വികസനം എന്നാല്‍ വേഗമല്ലെന്ന് തിരിച്ചറിയൂ; സില്‍വര്‍ ലൈനിന് 2 ലക്ഷം കോടി രൂപ ചെലവാകുമെന്ന് സതീശന്‍
തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ വിമര്‍ശനം അടിയന്തര പ്രമേയ ചര്‍ച്ചയിലും ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാര്‍ ഡേറ്റ കൃത്രിമം നടത്തിയെന്ന് സതീശന്‍ പറഞ്ഞു. പ്രാഥമിക സാധ്യതാ പഠനം നടന്ന് രണ്ടു മാസത്തിന് ശേഷം അന്തിമ സാധ്യതാ പഠന റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിലെ യാത്രക്കാരുടെ എണ്ണത്തില്‍ കൃത്രിമം നടന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഒരു ദിവസത്തെ യാത്രക്കാരുടെ എണ്ണം ആദ്യ റിപ്പോര്‍ട്ടില്‍ 40,000 ആയിരുത്തില്‍ രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ ഇരട്ടിയാക്കി.
ഇത്ര ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെയാണ് ഇതു പഠിച്ചതെന്ന് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനോട് ചോദിച്ചു. കെ റെയില്‍ പറയുന്നത് അതേ പോലെ എഴുതി കൊടുക്കുക മാത്രമാണ് പഠനം നടത്തിയ ഏജന്‍സി ചെയ്തതെന്ന് സതീശന്‍ ആരോപിച്ചു. സില്‍വര്‍ ലൈനിന്റെ ഡേറ്റ പരിശോധിച്ചാല്‍ അത് കൈകാര്യം ചെയ്ത ആളുകള്‍ ജയിലില്‍ പോകേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണക്കു തെറ്റിച്ച് എഴുതി സില്‍വര്‍ ലൈന്‍ പദ്ധതി ലാഭമാണെന്ന് വരുത്തുകയാണെന്നും സതീശന്‍ വ്യക്തമാക്കി. ഇതില്‍ ഇരകളാകുന്നവര്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സ്ഥലം പോകുന്നവര്‍ മാത്രമല്ലെമന്നും കേരളം മൊത്തം ഈ പദ്ധതിയുടെ ഇരയാണെന്നും അദ്ദേഹം പറഞ്ഞു.

64,000 കോടി രൂപ മാത്രമേ ചെലവാകൂ എന്ന സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷം ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 1.60 ലക്ഷം കോടി രൂപയാകും പദ്ധതി പൂര്‍ത്തിയാകാന്‍ എന്നാണ് നീതി ആയോഗിന്റെ പഠനം. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 2 ലക്ഷം കോടി കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസ് വാഹനങ്ങള്‍ക്ക് പെട്രോള്‍ അടിക്കുന്ന പമ്പില്‍ പോലും പണം കൊടുക്കാന്‍ ഇല്ലാത്ത സര്‍ക്കാരാണ് ഈ വലിയ പദ്ധതി നടപ്പിലാക്കാന്‍ ഇറങ്ങിയിരിക്കുന്നതെന്നും സതീശന്‍ പരിഹസിച്ചു.

കൊച്ചി മെട്രോയുടെ ഒരു ദിവസത്തെ നഷ്ടം ഒരു കോടി രൂപയാണ്. സില്‍വര്‍ ലൈന്‍ പാതയുടെ രണ്ട് വശത്തും മതിലുകെട്ടി പരസ്യം കൊടുക്കുമെന്നാണ് ഡി പി ആറില്‍ പറയുന്നതെന്നും വേഗമല്ല വികസനമെന്ന് തിരിച്ചറിയണമെന്നും വി ഡി സതീശന്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞു. വി ഡി സതീശനെ കൂടാതെ പി സി വിഷ്ണുനാഥ് രമേശ് ചെന്നിത്തല, എം കെ മുനീര്‍ എന്നിവരും അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

സില്‍വര്‍ ലൈനില്‍ നിയമസഭയില്‍ ചര്‍ച്ചയില്ലെന്ന നിലപാടില്‍ നിന്ന് സര്‍ക്കാരിന് പിന്‍വാങ്ങേണ്ടി വന്നുവെന്ന് പി സി വിഷ്ണുനാഥ് പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പോരാടുന്ന വീട്ടമ്മമാരുടെ വിജയം കൂടിയാണ് ഈ ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈന്‍ സര്‍വ്വേക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരെ ഹീനമായി നേരിടുകയാണ് പൊലീസെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസല്ല ഇത് കെ ഗുണ്ടകളാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ ഒരു ചെറുത്തുനില്‍പ്പ് പോരാട്ടത്തിലാണെന്നായിരുന്നു അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. സമരങ്ങളോട് എന്ന് മുതലാണ് ഈ പുച്ഛം ഇടതുപക്ഷത്തിന് വന്ന് തുടങ്ങിയതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തെ രണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് മുസ്ലീം ലീഗ് എം എല്‍ എ എം കെ മുനീര്‍ പറഞ്ഞു. കെ റയിലല്ല കേരളമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications