'ഗവര്‍ണര്‍ ഇപ്പോഴെങ്കിലും തെറ്റ് മനസിലാക്കിയതില്‍ സന്തോഷം', പിണറായി ഏകാധിപതിയെന്ന് വിഡി സതീശൻ
തിരുവനന്തപുരം: കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരും തമ്മിലുളള തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍വ്വകലാശാലകളെ പാര്‍ട്ടി സെല്ലുകളായി മാറ്റിയിരിക്കുകയാണ് എന്നും പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നത് എന്നും വിഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയേക്കാള്‍ നല്ലത് പാര്‍ട്ടി സെക്രട്ടറിയെ വിസിയാക്കുന്നതാണ് എന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു രാജി വെക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. തെറ്റ് ചൂണ്ടിക്കാട്ടുമ്പോൾ തങ്ങളെ ദേശദ്രോഹികളാക്കി മാറ്റുകയാണെന്നും പിണറായിക്ക് ഏകാധിപതികളുടെ പൊതുസ്വഭാവമാണെന്നും വിഡി സതീശൻ അഭിപ്രായപ്പെട്ടു.
യു.ജി.സി മാനദണ്ഡങ്ങള്‍ മറികടന്നുമുള്ള വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണ വിധേയമായ എല്ലാ നിയമനങ്ങളും റദ്ദാക്കണം. കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനം ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടികാട്ടിയതാണ്. സര്‍ക്കാരിന്റെ നിര്‍ദ്ദേശം അംഗീകരിച്ച ഗവര്‍ണറുടെ നടപടിയും നിയമ വിരുദ്ധമാണ്. ഗവര്‍ണര്‍ ഇപ്പോഴെങ്കിലും തെറ്റ് മനസിലാക്കിയതില്‍ സന്തോഷമുണ്ട്. കാലടി വി.സി നിയമനത്തിന് പാനലിന് പകരം ഒറ്റപേര് നല്‍കിയ സെര്‍ച്ച് കമ്മിറ്റി നടപടി പൂര്‍ണമായും തെറ്റാണ്. ഒറ്റ പേര് മതിയെന്ന് ഗവര്‍ണര്‍ സമ്മതിച്ചുവെങ്കില്‍ അതിനും ന്യായീകരണമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കം പ്രതിപക്ഷത്തിന്റെ വിഷയമല്ല. ഈ തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഡല്‍ഹിയില്‍ പ്രത്യേകം ആളുകളുണ്ട്. നേരത്തെയും ഇത്തരം ഒത്തുതീര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സര്‍വകലാശാലകളുടെ സ്വയംഭരണാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നതും പ്രതിപക്ഷം അതീവ ഗൗരവത്തോടെയാണ് കാണുന്നത് എന്ന് വിഡി സതീശൻ വ്യക്തമാക്കി.
ചാൻസലർ പദവി ഒഴിയാമെന്ന് കാണിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് അതീവ ഗൗരവതരമാണെന്നും അദ്ദേഹം പ്രതികരിച്ചു. വി.സി മാരുടെ നിയമനങ്ങളിലും യൂണിവേഴ്സിറ്റികളുടെ പ്രവർത്തനത്തിലും മനം മടുത്താണ് ചാൻസലർ പദവി ഒഴിയാൻ ഗവർണർ സന്നദ്ധനായത്. ഒരു ഗവർണർ മുഖ്യമന്ത്രിക്ക് ഇത്തരമൊരു കത്ത് നൽകേണ്ടിവന്നത് നമ്മുടെ രാജ്യത്ത് ആദ്യമായിട്ടാകും. പ്രതിപക്ഷം നേരത്തെ പറഞ്ഞത് ഗവര്‍ണര്‍ ശരിവച്ചിരിക്കുകയാണ്. പാർട്ടി നിയമനങ്ങൾ നടത്താനും ബന്ധുക്കളെ കുടിയിരുത്താനുമുള്ള കേന്ദ്രങ്ങളാക്കി സർവകലാശാലകൾ മാറ്റപെട്ടതിന്റെ ദുരന്തം അനുഭവിക്കുന്ന് വിദ്യാഭ്യാസമേഖല ഒന്നാകെയാണ് എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ദിലീപിന്റെ നായികയാവുന്നുണ്ടോ? ദിലീപിനൊപ്പം ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ, ചിത്രങ്ങൾ
"സർവ്വകലാശാലകളുടെ സർവ്വാധികാരിയായ ഗവർണ്ണറെ നോക്കുകുത്തിയാക്കി പിണറായി വിജയൻ നടത്തുന്ന ക്രമക്കേടുകൾ കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിന് അപമാനമാണ് " എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു. രാജീവ്, രാഗേഷ്, ബിജു, ഷംസീർ ,രാജേഷ്... സിപിഎമ്മിൻ്റെ യുവനേതാക്കളുടെ പട്ടികയല്ലിത്, ഭാര്യമാരെ സർവ്വകലാശാലകളിൽ അനധികൃതമായി തിരുകി കേറ്റിയ സഖാക്കളുടെ പേരുകളാണിവ. ഈ പട്ടികയിൽ ഇടം നേടാനാണ് ഡിവൈഎഫ്ഐ നേതാക്കൾ പിണറായി വിജയൻ്റെ അഴിമതികൾക്കെതിരെ ചെറുശബ്ദം പോലുമുയർത്താതെ പഞ്ചപുച്ഛമടക്കി അടിമകളെപ്പോലെ ജീവിക്കുന്നതെന്ന് സുധാകരൻ പരിഹസിച്ചു.
''കുട്ടി സഖാക്കളുടെ മേശവിരിപ്പിൽ വരെ സർവ്വകലാശാലകളുടെ ഉത്തരക്കടലാസുകൾ എത്തുന്ന വഴികളാണ് ഇപ്പോൾ വ്യക്തമാകുന്നതെന്നും കെ സുധാകരൻ പറഞ്ഞു. യാതൊരു നിലവാരവുമില്ലാത്ത പല ഡിവൈഎഫ്ഐ നേതാക്കൾക്ക് പോലും പേരിൻ്റെ മുന്നിൽ ചേർക്കാൻ ഡോക്ടറേറ്റ് കിട്ടിയതെങ്ങനയെന്ന മലയാളികളുടെ സംശയവും ഇതോടെ മാറിയിട്ടുണ്ട്. പാർട്ടി ബന്ധുക്കൾക്ക് തറവാട്ട് സ്വത്ത് എന്ന പോലെ നിയമനം കൊടുക്കുന്ന, ദുർഗന്ധം വമിക്കുന്ന ഈജിയൻ തൊഴുത്തായി സർവ്വകലാശാലകൾ മാറിയിരിക്കുന്നു. നാടിൻ്റെ ഉന്നത വിദ്യാഭ്യാസ നിലവാരം തകർക്കാനുള്ള സിപിഎമ്മിൻ്റെ ശ്രമങ്ങൾക്കെതിരെ പൊതു സമൂഹത്തിൻ്റെ ശബ്ദം ഉയർന്നു വരണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു.












Click it and Unblock the Notifications