ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു;47 കുടുംബങ്ങള്‍ക്കും അംഗത്വം
പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ ഷൈജു കുര്യന്‍ ബിജെപിയില്‍ ചേര്‍ന്നു. പത്തനംതിട്ടയില്‍ ബിജെപി സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ ചടങ്ങിനിടെയാണ് ഷൈജു കുര്യന്‍ അടക്കമുള്ളവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഷൈജു കുര്യനൊപ്പം 47 സഭാംഗങ്ങളും അംഗത്വമെടുത്തിട്ടുണ്ട്. പുതിയ അംഗങ്ങളെ കേന്ദ്ര മന്ത്രി വി മുരളീധരന്‍ മാലയിട്ട് സ്വീകരിച്ചു.
വലിയ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാര്‍ ക്ലീമ്മിസ് ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ടാണ് ഇന്ത്യ വികസിച്ചതെന്നും, വികസനത്തിന്റെ ഭാഗമാകാന്‍ മോദിയോടൊപ്പം നില്‍ക്കാനാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും ഫാ ഷൈജു കുര്യന്‍ പറഞ്ഞു. അതേസമയം അയോധ്യ കൊണ്ട് മാത്രമല്ല മുമ്പും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

അതുപോലെ ഉള്ള ചെപ്പടിവിദ്യയല്ല, വികസനം പറഞ്ഞാണ് വോട്ട് തേടുന്നത്. രാമക്ഷേത്രം മാത്രം ചര്‍ച്ച ചെയ്യാന്‍ ചിലര്‍ ശ്രമിക്കുകയാണ്. രാമക്ഷേത്ര നിര്‍മാണം കഴിഞ്ഞാല്‍ ഉടന്‍ തെരഞ്ഞെടുപ്പ് വരുമെന്ന് പ്രചരിപ്പിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് പല ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്‍മാരും ബിഷപ്പുമാരും വൈദികരും ബിജെപിയെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ ബിജെപിക്കൊപ്പമാണ് ക്രൈസ്തവ സഭ നില്‍ക്കുന്നതെന്നും, ക്രൈസ്തവരായ നിരവധി പേര്‍ പാര്‍ട്ടിയില്‍ ചേരുമെന്നും വി മുരളീധരന്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട ഇരുന്നൂറോളം പേര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുമെന്നാണ് ബിജെപി നേതാക്കള്‍ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications