സിബിഐ പിടിവാശി ഉപേക്ഷിച്ചു; ജയരാജന്റെ ചോദ്യം ചെയ്യല്‍ ജയിലില്‍വെച്ച്
കണ്ണൂര്‍: തലശ്ശേരി സെഷന്‍സ് കോടതി അനുമതി നല്‍കിയതോടെ പി ജയരാജനെ ചോദ്യം ചെയ്യാനുള്ള ഒരുക്കം സിബിഐ തുടങ്ങി. ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ചോദ്യം ചെയ്യുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, ജയരാജനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ജയില്‍ സൂപ്രണ്ടിനെ അറിയിച്ചതിനെ തുടര്‍ന്ന് ജയിലില്‍ വെച്ചായിരിക്കും ചോദ്യം ചെയ്യല്‍.
ജയരാജനെ ബുധനാഴ്ച കാലത്തുതന്നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് ആറുമണി വരെ മാത്രമേ ചോദ്യം ചെയ്യാന്‍ പാടുള്ളൂവെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സി.ബി.ഐ ഡി.വൈ.എസ്.പി ഹരി ഓംപ്രകാശും സംഘവുമായിരിക്കും ജയരാജനെ ചോദ്യം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്.

ജയിലിലോ, ആശുപത്രിയിലോ വെച്ചുമാത്രമേ ചോദ്യം ചെയ്യാന്‍ പാടുള്ളു എന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. അന്വേഷണ സംഘത്തിന്റെ ഓഫിസില്‍ വെച്ച് ചോദ്യം ചെയ്യാനായി സിബിഐ കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
ഈ മാസം 9,10,11 എന്നീ തിയതികളില്‍ ചോദ്യം ചെയ്യാനാണ് സിബിഐയ്ക്ക് അനുമതി നല്‍കിയിട്ടുള്ളത്. കതിരൂര്‍ മനോജ് വധക്കേസിലെ 25ാം പ്രതിയായ ജയരാജനെ ചോദ്യം ചെയ്യുന്നതിലൂടെ കേസിന് കൂടുതല്‍ ബലംകിട്ടുന്ന മൊഴികള്‍ ലഭിക്കുമെന്നാണ് സിബിഐയുടെ കണക്കുകൂട്ടല്‍. മനോജ് വധക്കേസില്‍ റിമാന്‍ഡിലായതിനുശേഷം ആദ്യമായാണ് സിബിഐയ്ക്ക് ജയരാജനെ ചോദ്യം ചെയ്യാന്‍ അവസരം ലഭിക്കുന്നത്.












Click it and Unblock the Notifications