'ഒടുവിൽ ശശി എല്ലാവരെയും ശശിയാക്കും, ബേജാറായിട്ടാണ് അൻവർ മുഖ്യമന്ത്രിയെ കാണാൻ പോയത്'; കെഎം ഷാജി
കോഴിക്കോട്: പിവി അൻവറിന്റെ ആരോപണങ്ങൾ ഗൗരവമായി കാണണമെന്ന് മുൻ എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായി കെഎം ഷാജി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ ഷാജി വിമർശിക്കുകയും ചെയ്‌തു. അൻവറിന് വിശ്വാസ്യത ഇല്ലെങ്കിലും ഇപ്പോഴത്തെ ആരോപണങ്ങൾ വിലകുറച്ചു കാണാൻ കഴിയില്ലെന്നായിരുന്നു ഷാജിയുടെ പ്രതികരണം. കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്നും ഷാജി പറഞ്ഞു.
അൻവറും മുഖ്യമന്ത്രിയും തമ്മിൽ ഒത്തുതീർപ്പാക്കിയാൽ തീരാവുന്ന പ്രശ്‌നമല്ല ഇപ്പോഴത്തേത് എന്നും ഷാജി ചൂണ്ടിക്കാട്ട.ആരോപണങ്ങളില്‍ വിശദമായ അന്വേഷണം വേണം. ഗുരുതരമായ ആരോപണങ്ങളിൽ സിബിഐ അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസിനൊപ്പം ലീഗും ശക്തമായ സമര രംഗത്തേക്ക് ഇറങ്ങുമെന്നും ഷാജി പറഞ്ഞു.

മുഖ്യമന്ത്രിയെ കണ്ട് വന്ന അൻവർ ഇപ്പോൾ മാധ്യമങ്ങളോട് ചൂടാവുകയാണ്. കമ്മ്യൂണിസ്‌റ്റ് സർക്കാരാണ് ഇവിടെ ഭരിക്കുന്നതെന്നാണ് പറയുന്നത്. കഴിഞ്ഞയാഴ്‌ച സർക്കാർ മസിനഗുഡി വഴി ഊട്ടിക്ക് പോയിരുന്നോ? എസ്‌പി ഓഫീസിന് മുൻപിൽ കുത്തിയിരുന്ന ആളാണ് അൻവർ. എന്നാൽ ഇപ്പോൾ പരാതി കൊടുത്താൽ തന്റെ ഉത്തരവാദിത്തം കഴിഞ്ഞുവെന്നാണ് അൻവർ പറയുന്നത്; ഷാജി ആരോപിച്ചു.
ബേജാറായിട്ടാണ് അൻവർ വേഗത്തിൽ മുഖ്യമന്ത്രിയെ കണ്ട് എല്ലാം ഒത്തുതീർപ്പാക്കിയത്.അൻവർ പേടിക്കണ്ട. എഡിജിപിയെ പൂട്ടാനുള്ള മരുന്ന് അൻവറിന്റെ കൈയിലുണ്ട്, അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിലും. എന്നാൽ അൻവറിനെയും മുഖ്യമന്ത്രിയെയും പൂട്ടാനുള്ള മരുന്ന് പി ശശിയുടെ കൈയിലുണ്ട്. കഥാന്ത്യത്തിൽ ശശി ജനങ്ങളെയെല്ലാം ശശിയാക്കും; ഷാജി പരിഹസിച്ചു.
സമരമൊഴിഞ്ഞ് പ്രതിപക്ഷത്തിന് എവിടെയാണ് സമയമെന്നും ഷാജി ചോദിച്ചു. ഒന്നിന് പുറകെ ഒന്നായി വിഷയങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. ഈ വിവാദങ്ങൾ കാരണം വയനാട് ദുരന്തം മറക്കരുതെന്നും ഷാജി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകൾക്ക് എതിരെ നടക്കുന്ന എസ്എഫ്ഐഒയുടെ അന്വേഷണത്തിലും ഷാജി സംശയം പ്രകടിപ്പിച്ചു. റിപ്പോർട് വൈകുന്നത് ചൂണ്ടികാട്ടിയായിരുന്നു ഷാജിയുടെ ആരോപണം. റിപ്പോര്‍ട്ട് കൊടുക്കേണ്ട സമയമൊക്കെ കഴിഞ്ഞെന്ന് പറഞ്ഞ ഷാജി എസ്എഫ്ഐഒ കിണറ്റില്‍ചാടി ജീവനൊടുക്കിയോ എന്നറിയില്ലെന്നും കൂട്ടിച്ചേർത്തു.
അതേസമയം, എഡിജിപി എംആർ അജിത്കുമാറിനെതിരെയും പികെ ശശിക്കെതിരെയും ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യമുയർത്തി യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് തള്ളി തുറക്കാൻ നോക്കിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.












Click it and Unblock the Notifications