'ഞാൻ മുൻപേ പോവുന്നു, എന്റെ ചേട്ടൻ പിന്നാലെ വരുമെന്ന് പറഞ്ഞില്ലേ'; മുരളീധരൻ ബിജെപിയിലേക്ക് വരുമെന്ന് പത്മജ
തൃശൂർ: കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെയും നേതൃത്വത്തെയും ഞെട്ടിച്ചുകൊണ്ട് ബിജെപിയിലേക്ക് ചേക്കേറിയ ലീഡർ കെ കരുണാകരന്റെ മകൾ തൃശൂരിൽ സുരേഷ് ഗോപിയുടെ പ്രചാരണ രംഗത്ത് സജീവമാണ്. ഇപ്പോഴിതാ സഹോദരനായ കെ മുരളീധരന്റെ ബിജെപി പ്രവേശത്തെ കുറിച്ചും, കോൺഗ്രസ് വിട്ടതിന് ശേഷമുള്ള വിവാദങ്ങളിലും വൺഇന്ത്യ മലയാളത്തോട് സംസാരിക്കുകയാണ് പത്മജ വേണുഗോപാൽ.
തൃശൂരിൽ സുരേഷ് ഗോപിയുടെ പ്രധാന എതിരാളിയായി മത്സര രംഗത്തുള്ള കെ മുരളീധരനുമായുള്ള നിലവിലെ ബന്ധത്തെ കുറിച്ച് പറയുകയായിരുന്നു പത്മജ. ചേട്ടനും അനിയത്തിയും ഒക്കെ അങ്ങ് വീട്ടിൽ എന്നായിരുന്നു പത്മജയുടെ ആദ്യ പ്രതികരണം. എങ്കിലും ചേട്ടനോട് ആ ബഹുമാനം ഉള്ളതുകൊണ്ട് ഇത്രയും ചീത്ത പറഞ്ഞിട്ടും താൻ മിണ്ടാതിരിക്കുന്നതെന്നും പത്മജ ചൂണ്ടിക്കാട്ടി.

'എനിക്കറിയാം അതെന്റെ രക്തം ആണെന്ന്. എന്ന് വച്ച് എന്റെ രാഷ്ട്രീയം വേറെയാണ്. ഞാൻ വേറൊരു വ്യക്തിയാണ്. കോൺഗ്രസിലുള്ളൊരു പ്രശ്നം ഞാൻ എത്ര കഴിവുള്ള വ്യക്തിയായാലും പറയും ചേട്ടന് കൊടുത്തോ അനിയത്തിക്ക് വേണ്ടാന്ന്. ഇതെന്താണ് കുടുംബ സ്വത്ത് പങ്കുവയ്ക്കലാണോ? നമ്മളെപ്പോഴും തഴയപ്പെട്ടുപോവുകയാണ് അതിൽ' പത്മജ വൺഇന്ത്യ മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ മനസ് തുറന്നു.
'അന്നേ ഞാൻ തീരുമാനിച്ചതാണ് ഞങ്ങൾ രണ്ട് പേരും ഒരു പാർട്ടിയിൽ നിന്നാൽ ശരിയാവില്ല. അവർക്ക് ഞങ്ങളെ രണ്ട് പേരെയും ഒതുക്കണം. എന്നെ പുറത്താക്കിയപ്പോൾ അവർക്ക് പകുതി സമാധാനമായി. ഇനിയിപ്പോ ചേട്ടനെയും കുഴി കുഴിച്ചു അതിൽ കിടത്തും. അതോടുകൂടി അവർക്ക് സമാധാനമായി. ഞാൻ അതല്ലേ അന്ന് പറഞ്ഞത്, ഞാൻ മുൻപേ പോവുന്നു എന്റെ സഹോദരൻ പിന്നാലെ വരുമെന്ന്, നമുക്ക് കാണാം കുറച്ച് കഴിഞ്ഞാൽ, എനിക്കല്ലേ എന്റെ ചേട്ടനെ അറിയുള്ളൂ' പത്മജ പറയുന്നു.
കോൺഗ്രസ് ഒരിക്കലും സ്ത്രീകൾക്ക് പറ്റിയ പാർട്ടിയല്ലെന്നും പത്മജ കുറ്റപ്പെടുത്തി. എന്നാൽ ബിജെപി അങ്ങനെയല്ലെന്നും ഇവിടെ സ്ത്രീകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടെന്നും പത്മജ ചൂണ്ടിക്കാട്ടി. ബിജെപി വർഗീയ പാർട്ടി ആണെങ്കിൽ മലപ്പുറത്ത് മുസ്ലിം സ്ഥാനാർത്ഥിയും പത്തനംതിട്ടയിൽ അനിൽ ആന്റണിയും മത്സരിക്കുമോ എന്ന് ചോദിച്ച പത്മജ അബ്‌ദുള്ളക്കുട്ടിയുടെ കാര്യവും എടുത്തുപറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയും പത്മജ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ ഒക്കെ ഇന്നലെ പെയ്‌ത മഴയിൽ മുളച്ചതാണ്. വെറുതെ ടിവിയിൽ കയറി ഇരുന്ന് കൊറച്ചു വർത്താനം പറഞ്ഞാൽ നേതാവാകില്ല. അതിന് പ്രവർത്തിക്കണമെന്നും അവർ ചൂണ്ടിക്കാട്ടി. നേരത്തെ പത്മജയെ കോൺഗ്രസ് വിട്ടതിന് പിന്നാലെ രാഹുൽ ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിനെയാണ് പത്മജ ചൂണ്ടിക്കാട്ടിയത്.
വടകര മണ്ഡലത്തിൽ ഷാഫി പറമ്പിൽ ഒരിക്കലും ജയിക്കില്ല. ഷാഫി അവിടെ വന്നിറങ്ങിയത് ഒരു മതത്തിന്റെ പേരിലാണ്. അതൊരിക്കലും ഒരു രാഷ്ട്രീയ പ്രവർത്തകന് ചേർന്നതല്ല. എല്ലാ മതങ്ങളും കൂടിച്ചേരുന്നതാണ് രാഷ്ട്രീയം. ഇപ്പോൾ ഷാഫി അവിടെ കിടന്ന് നല്ലോണം വെള്ളം കുടിക്കുന്നുണ്ടെന്നും പത്മജ പറഞ്ഞു. തൃശൂരിൽ കോൺഗ്രസ് തന്നെ മുരളീധരനെ തോൽപ്പിക്കുമെന്നും, അദ്ദേഹം വന്നാൽ പലർക്കും തലപൊക്കാൻ കഴിയില്ലെന്നും പത്മജ പറഞ്ഞു.
മുരളീധരൻ വടകര വിട്ട് തൃശൂരിൽ എത്തിയത് അദ്ദേഹത്തെ കുരുതി കൊടുത്തതാണെന്നും പത്മജ ആരോപിച്ചു. കെസി വേണുഗോപാലിന് അടുത്ത പാർലമെന്റിൽ പ്രതിപക്ഷ നേതാവാകണം. അതിനായി വയനാട് നോക്കി, രാഹുൽ വന്നപ്പോൾ ആലപ്പുഴയിലേക്ക് മാറി, അങ്ങനെ ഒരു മുസ്ലീമിന് സീറ്റ് കൊടുക്കണമല്ലോ, അതിനാണ് ഷാഫിയെ കൊണ്ട് വന്നത്. പാവം ചേട്ടനെ അവർ തൃശൂരിൽ കുരുതി കൊടുക്കുകയായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications