'ബിജെപി എന്ന പാർട്ടി എന്റെ ജീവനാണ്, അഭിമാനമാണ്'; എടീ പോടീ വിളികൾ കേട്ട് ഭയക്കില്ലെന്നും പത്മജ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തകൃതിയായി നടന്നു കൊണ്ടിരിക്കെ അപ്രതീക്ഷിതമായാണ് മുൻ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയും ആയിരുന്ന കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്. ഇതിന് പിന്നാലെ ഇവർക്കെതിരെ ശക്തമായ വിമർശനങ്ങളും കടുത്ത സൈബർ ആക്രണവും ഉയർന്നു വന്നിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് പ്രതികരിക്കുകയാണ് പത്മജ.
തന്റെ ഫേസ്‍ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അവർ ഇക്കാര്യം പറഞ്ഞത്. താൻ കോൺഗ്രസ് വിട്ടപ്പോൾ ഏതെങ്കിലും നേതാവിനെ പറ്റി വ്യക്തിഹത്യ ചെയ്യാനോ ആരോപണം ഉന്നയിക്കാനോ മുതിർന്നിട്ടില്ലെന്നും സംസ്‌കാര ശൂന്യമായി സംസാരിച്ചിട്ടില്ലെന്നും പറഞ്ഞുകൊണ്ടാണ് പത്മജ തന്റെ കുറിപ്പ് തുടങ്ങുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ കടുത്ത ഭാഷയിലായിരുന്നു പത്മജയെ വിമർശിച്ചത്.

തന്തക്ക് പിറന്ന മകളോ തന്തയെ കൊന്ന സന്താനമോ? എങ്ങനെയാണു പത്മജയെ വിശേഷിപ്പിക്കേണ്ടത് എന്നായിരുന്നു രാഹുലിന്റെ ചോദ്യം.കരുണാകരന്റെ പാരമ്പര്യം പത്മജയ്ക്ക് ഇനി അവകാശപ്പെടാൻ കഴിയില്ലെന്നും അങ്ങനെ ചെയ്‌താൽ തെരുവിൽ തടയുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകുകയും ചെയ്‌തിരുന്നു. ഇതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ രീതിയിൽ കോൺഗ്രസ് പ്രവർത്തകർ അധിക്ഷേപം അഴിച്ചുവിട്ടെന്ന പരാതിയാണ് പത്മജ ഉന്നയിക്കുന്നത്.
വളരെ നികൃഷ്‌ടമായാണ് യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റ് മുതൽ സൈബർ അണികൾ വരെ സ്ത്രീയായ തന്നെ അധിക്ഷേപിച്ചതെന്ന് പത്മജ ചൂണ്ടിക്കാട്ടി. മിണ്ടിപ്പോയാൽ തീർത്തുതരും എന്ന തിട്ടൂരമൊന്നും വേണ്ടെന്നും തനിക്കൊപ്പം ബിജെപി ഉണ്ടെന്നും, ആ പാർട്ടി തന്റെ ജീവനാണെന്നും അഭിമാനമാണെന്നും പത്മജ ചൂണ്ടിക്കാട്ടി.
കോൺഗ്രസ് സൈബർ അണികളുടെ ഭീഷണി മിണ്ടാതിരുന്നില്ലെങ്കിൽ പത്മജയെ അങ്ങ് തീർത്തു കളയും എന്നാണ്. കുറെ എണ്ണത്തിന്റെ എടീ, പോടീ വിളികളും ഉണ്ട്. ഇക്കൂട്ടരുടെ ധാരണ ഈ കമന്റുകൾ കണ്ടു പത്മജ അങ്ങ് പേടിച്ച് പോയി, ചമ്മിപ്പോയി എന്നാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ഭീഷണികളും പരിഹാസവും തനിക്കൊരു ചുക്കുമല്ലെന്ന് പത്മജ ആവർത്തിച്ചു. കൂടാതെ നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തനങ്ങളെയും, ബിജെപിയോടുള്ള വിശ്വാസവും പത്മജ പ്രത്യേകം എടുത്തു പറഞ്ഞു.
ഞാൻ ഇന്ന് കൂടുതൽ അഭിമാനം ഉള്ളവളാണ്, ധൈര്യമുള്ളവളാണ്,സംതൃപ്‌തിയുള്ളവളാണ്, സന്തോഷം ഉള്ളവളാണ്, അതിന് കാരണം ഞാൻ ഇന്ന് മോദിജിയുടെ പാർട്ടിയിലാണെന്നും അവർ ചൂണ്ടിക്കാട്ടി.പത്മജ തന്റെ പാർട്ടിക്ക് വേണ്ടി ശബ്‌ദിച്ചു കൊണ്ടിരിക്കുമെന്നും ബിജെപി തനിക്ക് അഭിമാനമാണ്, ആത്മവിശ്വാസമാണ്, സന്തോഷമാണ്, സംതൃപ്‌തിയാണെന്നും അവർ പറഞ്ഞു.
അതേസമയം, പത്മജയുടെ പാർട്ടി മാറ്റം കോൺഗ്രസിന് വലിയ രീതിയിൽ തിരിച്ചടിയാവുമെന്ന ആശങ്ക നേരത്തെ തന്നെ നേതൃത്വത്തിന് ഉണ്ടായിരുന്നു. പ്രത്യേകിച്ച് തൃശൂരിൽ സുരേഷ് ഗോപി മത്സരിക്കുന്ന സാഹചര്യത്തിൽ ഇവിടെ സ്വാധീനമുള്ള പത്മജ, അതും ലീഡർ കരുണാകരന്റെ മകൾ ബിജെപിയിലേക്ക് ചേക്കേറിയത് അവർക്കുണ്ടാക്കിയ തലവേദന ചെറുതല്ല. ഇതാണ് കടുത്ത പ്രതികരണങ്ങളിലേക്ക് നേതാക്കളെയും അണികളെയും വലിച്ചിഴക്കാൻ കാരണം.












Click it and Unblock the Notifications