അട്ടപ്പാടി മധു കേസ്: വിധി പ്രഖ്യാപനം ഇന്ന്; മധുവിന്റെ വീടിന് കാവല്‍
പാലക്കാട്: അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച കൊന്ന സംഭവത്തില്‍ വിധി ഇന്ന്. മണ്ണാര്‍ക്കാട്ടെ വിചാരണ കോടതിയാണ് വിധി പറയുന്നത്. മധു കൊല്ലപ്പെട്ട് അഞ്ച് വര്‍ഷം കഴിയുമ്പോഴാണ് കേസില്‍ വിധി വരുന്നത്. കേസില്‍ 16 പ്രതികള്‍ ആണ് ഉള്ളത്. ഇന്ന് രാവിലെ 11 മണിയോടെ കോടതി വിധി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് കേസില്‍ വിധി പ്രഖ്യാപനം വരുന്നത്.
മാര്‍ച്ച് പത്തിനായിരുന്നു കേസില്‍ അന്തിമവാദം പൂര്‍ത്തിയായത്. നേരത്തെ കേസ് വിധി പറയാന്‍ രണ്ട് തവണ മാറ്റിവെച്ചിരുന്നു. കേസില്‍ ആകെ 103 സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്. ഇതില്‍ മധുവിന്റെ ബന്ധുവടക്കം 24 പേര്‍ കൂറ് മാറി. നിരവധി പ്രതിസന്ധികള്‍ക്കിടയിലും തളരാതെ കേസുമായി മുന്നോട്ട് പോയ മധുവിന്റെ അമ്മ മല്ലിയും, സഹോദരി സരസുവും അന്തിമ വിധിയില്‍ നീതി ലഭിക്കും എന്ന പ്രതീക്ഷയിലാണ്.

സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായ രാജേഷ് എം മേനോന്‍ ആണ് മധു കേസില്‍ കുടുംബത്തിന് വേണ്ടി ഹാജരായത്. അതേസമയം വിധി വരുന്ന പശ്ചാത്തലത്തില്‍ മധുവിന്റെ വീടിന് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. വിചാരണ കാലയളവില്‍ തന്നെ നിരവധി തവണ മധുവിന്റെ കുടുംബം ഒറ്റപ്പെടുത്തലുകളും ഭീഷണിയും നേരിട്ടിരുന്നു. 3000 ത്തില്‍ ധികം പേജുകളുളള കുറ്റപത്രമാണ് അന്വേഷണ സംഘം സമര്‍പ്പിച്ചിരിക്കുന്നത്.
2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകള്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. കേരളത്തില്‍ ഇത് വലിയ ചര്‍ച്ചയായിരുന്നു. പ്രതികളില്‍ പലരും പിന്നീട് രക്ഷപ്പെട്ടെങ്കിലും ഇവരെ പൊലീസ് പിടികൂടി. എന്നാല്‍ സാക്ഷികളില്‍ പലരും കൂറുമാറിയത് പൊലീസിനെ വലച്ചിരുന്നു.
രഹസ്യമൊഴി നല്‍കിയവര്‍ വരെ കൂറുമാറിയത് വലിയ ഞെട്ടലുളവാക്കി. കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സ്ഥിതി വരെയുണ്ടായി. ഒടുവില്‍ സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കേണ്ടിയും വന്നു. അതേസമയം ഇന്നത്തെ വിധിയില്‍ കൂറുമാറിയ സാക്ഷികള്‍ക്ക് എതിരെ നടപടി ഉണ്ടാകുമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകും എന്നാണ് വിവരം. കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധിക്കുന്ന എന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവത്തിനും ഈ കേസ് സാക്ഷ്യം വഹിച്ചിരുന്നു.












Click it and Unblock the Notifications